2008, ഫെബ്രുവരി 13, ബുധനാഴ്‌ച

ചുറ്റിക്കളി ഡേ ഓര്‍മ്മിപ്പിയ്കുന്ന വേരറ്റ ബന്ധങ്ങള്‍......

പ്രണയം മൂലം പ്രണയിനികള്‍ക്കു നഷ്ടപെട്ട ബന്ധങ്ങളെകുറിച്ച് പറഞ്ഞപ്പോള്‍ അടുത്ത സുഹൃത്തിന്റെ ആദ്യത്തെ ചോദ്യമിതായിരുന്നു.

“എടോ തന്റെ അമ്മ തന്നോടു മനസ്സറിഞ്ഞു സംസ്സാരിച്ചിട്ടെത്ര നാളായി.......”

“കഴിഞ്ഞ ദിവസം വരെ വിളിച്ചിരുന്നു, അപ്പോഴും ഒന്നും അസാധാരണമായി ഒന്നും തോന്നിയില്ല”

ഒരു നിരാശയോടെ അദ്ദേഹം പറഞ്ഞു...

“എന്റെ അമ്മ എന്നോട് ഒന്നും മുഖത്തു നോക്കി ഒന്നു സ്നേഹത്തോടെ സംസാരിച്ചിട്ട് 18 വര്‍ഷം കഴിഞ്ഞു, തനിയ്കറിയോ... എന്റെ മോളെ ഒരിക്കല്‍ പോലുമൊന്നു തൊട്ടിട്ടില്ല എന്റെ അമ്മ....
അമ്മേടെ മുന്നില്‍ ഒരു തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളൂ...... എനിയ്കിഷ്ടപെട്ട പെണ്‍കുട്ടിയെ ഞാന്‍ കല്യാണം കഴിച്ചൂ എന്ന തെറ്റ്..”

അമ്മയെ സ്നേഹിയ്കുന്ന ഏതൊരു മകനും ഒട്ടും സഹിയ്കാനാവാത്ത തരത്തിലുള്ള പീഡനമായിരിയ്ക്കാം ഒരു പെണ്‍കുട്ടിയോടു വാക്കു പാലിച്ചതിനുള്ള ശിക്ഷ, ഇഷ്ടപ്പെട്ട ജീവിതം തിരഞ്ഞെടുത്തതിനുള്ള അമ്മയുടെ ശിക്ഷ.

“ഞാന്‍ കാരണമാണെങ്കില്‍ അമ്മയോടു പറഞ്ഞേയ്കൂ ഏട്ടാ...ഞാനൊഴിഞ്ഞു തരാമെന്നു “ അദ്ദേഹത്തിന്റെ ശ്രീമതിയുടെ മറുപടി.

ഒരു പക്ഷെ പ്രണയവിവാഹത്തിലെ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളാവാം ഇവരുടെ വാക്കുകളിലൂടെ കേട്ടത്.പ്രണയ ബന്ധങ്ങള്‍ നഷ്ടപെടുത്തിയ നിരവധി കുടുംബ ബന്ധങ്ങളുണ്ട്, പ്രണയം നല്‍കിയ ശിക്ഷയില്‍ മനോവേദനയനുഭവിക്കുന്നവര്‍, ഒരു പക്ഷെ ജാതിയുടെ ,സമ്പത്തിന്റെ ,ബന്ധങ്ങളുടെ എന്തിനു സമൂഹത്തിലെ അന്തസ്സിന്റെ ഭാഗമായി പോലും പ്രണയത്തെ നിഷേധിച്ചിരുന്ന ഒരു തലമുറയുടെ ബാക്കി ഭാഗങ്ങള്‍, ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും, അവഗണനകളോടെയുള്ള മറ്റുള്ള കുടുംബാഗങ്ങളുടെ പെരുമാറ്റങ്ങള്‍ കാണേണ്ടിവരുന്ന ഇവരനുഭവിയ്കൂന്ന മാനസിക സംഘര്‍ഷങ്ങള്‍ വളരെയേറേ.....

“നാട്ടില്‍ പോവാന്‍ എനിയ്കു വലിയ താല്പര്യമൊന്നുമില്ലാ ആന്റി.....അവിടെയാരാ ഞങ്ങള്‍ക്കുള്ളത്
അമ്മേടെ വീട്ടില്‍ ആരുമില്ല അച് ഛന്റെ വീട്ടിലാണെങ്കില്‍ പോയാലും ആര്‍ക്കും ഒരു സ്നേഹവുമില്ല മുത്തശ്ശിയെന്നെ സ്നേഹത്തോടെ ഒന്നു നോക്കിയിട്ടു പോലുമുള്ളതായി ഓര്‍മ്മയില്ല................... മുത്തശ്ശനുണ്ടാവുമ്പോ അച് ഛനെ വിളിയ്കുമായിരുന്നു.......നമ്മളെ ഇഷ്ടപെടാനാരുമില്ലാത്ത നാട്ടില്‍ പോയാല്‍ ....വല്ലാത്ത ബോറാ..... നാട് എന്നു കേള്‍ക്കുമ്പോ തന്നെ ബോറടിയാണു മനസ്സില്‍.......... ”

അദ്ദേഹത്തിന്റെ 16 കാരിയായ മകള്‍ ഒരിക്കല്‍ എന്റെ ഭാര്യയോടു പറഞ്ഞതാണിത്. സ്നേഹം നിഷേധിയ്കന്നത് തലമുറകളിലൂടെയുള്ള ബന്ധങ്ങളെ കൂടി സ്വാധീനിയ്കുന്നതു കാണുമ്പോള്‍ അറിയാതെ ഒരു വയസ്സുകാരനായ മകനെ ഓര്‍ത്തു പോയി കാമ്പസ്സില്‍ നിന്നും ജീവിത സഖിയെ കണ്ടെത്തിയപ്പോള്‍”എനിയ്കു കൊഴപ്പൊന്നുല്ല്യാ....യെന്ന“ ,അമ്മയുടെ അര്‍ദ്ധസമ്മതിലാരഭിച്ച ജീവിതമാണ് എന്റെതും, ഇത്തരമൊരു അകല്‍ച്ച അമ്മ എന്റെ മകനോടും കാണിയ്കുമോയെന്ന ഒരു ഭീതിയറിയാതെ ഉള്ളില്‍.......

സ്നേഹിയ്കുന്നതിനു മുമ്പ് പരസ്പരം ജാതിയും മതവും സമ്പത്തും സോഷ്യല്‍ സ്റ്റാറ്റസ്സും കണക്കാക്കി പിന്നെ ജാതകവും ഒത്തുനോക്കി കണ്ടുവച്ച പ്രണയിനിയോടൊപ്പം ഒരു ദിവസവും പ്രണയമാഘോഷിയ്കാന്നായി valentine’s dayയെന്ന ചുറ്റിക്കളിഡേ ആഘോഷിയ്കുന്ന ഇന്നത്തെ തലമുറയ്കു മനസ്സിലാകുമോ...എന്നറിയില്ല...ഇങ്ങനെയും കുറേ പേര്‍ തനിയ്കു പ്രിയപ്പെട്ടവരെയെല്ലാം തന്നെ സ്നേഹിയ്ക്കുന്നവനോ സ്നേഹിയ്ക്കന്നവള്‍ക്കോ വേണ്ടി മാത്രം മാറ്റിവച്ച് ജീവിതം മുഴുവന്‍ പ്രണയം മൂലം വേരകലുന്ന ഈ ബന്ധങ്ങളെ നോക്കി നെടുവീര്‍പ്പിടെ ജീവിയ്കുന്നുവെന്ന്......