2009, ജനുവരി 17, ശനിയാഴ്‌ച

Ctrl+Alt+Del (കഥ)

മുത്തശ്ശന്‍ മരിച്ചത്.........ഏതാണ്ട് 90 കഴിഞ്ഞിട്ടാ....അതും വല്ലാതെ കിടന്ന് ബെഡ് സോറോക്കെ വന്ന് നരകിച്ച് വല്ലാത്തൊരു മരണം ............ഏതായാലും നമ്മുക്കൊന്നും അത്രയൊന്നും കാണില്ല....കുട്ടികളൊക്കെ ഒരു വഴിയ്ക്കാവുന്നതു വരെ എത്തിയാല്‍ മതിയായിരുന്നു....”

കഷണ്ടി തൂത്തു വാരിയ തലയിലൂടെ കയ്യോടിച്ചു കൊണ്ട് മുകുന്ദന്‍ സാര്‍ കാറിന്റെ പിന്‍സീറ്റിലേയ്ക് ഒന്നു കൂടി ഞെളിഞ്ഞിരുന്നു. വ്യായാമം ചെയ്തു ഒത്തുക്കത്തോടെ സൂക്ഷിക്കുന്ന അയാളുടെ ശരീരം ഇപ്പോഴും ചെറുപ്പം തന്നെ,അതായിരിയ്കും അയാളുടെ ചുറുചുറുക്കിന്റെ രഹസ്യം , അമ്പതു കഴിഞ്ഞാലും മുപ്പതിന്റെ പ്രസരിപ്പോടെയാണ് മുകുന്ദന്‍ സാര്‍ ഫ്ലോറുകള്‍ തോറും ഓടി നടക്കാറുള്ളത്. ചിലപ്പോഴൊക്കെ അസൂയ തോന്നുന്നത് എന്റെ കുടവയറിലേയ്കു നോക്കുമ്പോഴാണ്. ഒരു സമയത്ത് ശരീരമൊന്നു തടിച്ചു കിട്ടാന്‍ എത്ര ബീയര്‍ കുടിച്ചിരിയ്കുന്നു, എന്നിട്ട് അന്നൊരു കാര്യവുമുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഒന്നു കഴിയ്ക്കാതെ തന്നെ ശരീരം അതിന്റെ പരിധികള്‍ അസഹ്യതയോടെ ലംഘിക്കുന്നു.

ദിനംപ്രതി വലുതായികൊണ്ടിരിയ്കുന്ന തന്റെ കുടവയറിനെ പറ്റി തന്നെയാണ് അവസാനം അഗര്‍വാളും സംസ്സാരിച്ചത്.

“താങ്കളുടെ വയര്‍ വല്ലാതെ വലുതാവുന്നു ...........ശ്രദ്ധിയ്കൂ... ..”

പ്രായത്തില്‍ എന്നെക്കാള്‍ പത്തിലേറെ വയസ്സുണ്ടായിരുന്നു എന്നാലും വളരെ ബഹുമാനത്തോടെ മാത്രമേ അഗര്‍വാള്‍ സംസ്സാരിയ്കാറുള്ളൂ.ആരോഗ്യകാര്യത്തിലുള്ള എന്റെ അശ്രദ്ധയെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒന്നര ദിവസത്തെ അവധികഴിഞ്ഞു കാണാമെന്നു പറഞ്ഞു പോയ അയാളുടെ മരണവാര്‍ത്തയെ കുറിച്ചാണ് സഹപ്രവര്‍ത്തകരായ ഞങ്ങള്‍ അടുത്ത പ്രവര്‍ത്തിദിനത്തിലറിഞ്ഞത് . തീര്‍ത്തു അവിചാരിതം അവധിദിവസം രാവിലെ പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റിലേയ്കു പോയ മനുഷ്യന്‍ വീട്ടിലേയ്ക് മടങ്ങിയത്, ആംബുലന്‍സില്‍..സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോള്‍ രക്ത ധ്വമനികളിലെവിടെയോ ഒരു കരടിന്റെ ഭാഗമായി ഒരു കാര്‍ഡിയാക്ക് അറസ്റ്റ്.. പരിചയക്കാര്‍ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിച്ചപ്പോഴെയ്കും മരിച്ചിരിയ്കുന്നു.

വെന്തു പൊടിഞ്ഞ പരിപ്പ് കുക്കറില്‍ നിന്നു പാത്രത്തിലേയ്കു മാറ്റുമ്പോള്‍ , അടുക്കള ജനാലയിലൂടെ കോമ്പോണ്ടിന്റെ ഗേറ്റ് കടന്നു വരുന്ന ആംബുലന്‍സ് അദ്ദേഹത്തിന്റെ ഭാര്യ ശ്രദ്ധിച്ചുരുന്നെങ്കിലും അവരുടെ ഭര്‍ത്താവാണെന്നു ഒരിക്കലും കരുതിയില്ലെന്നു കണ്ണീരോടെ പറയുമ്പോള്‍ എന്തോ.....അഗര്‍വാളിന്റെ പരിമിതമായ വാക്കുകളിലൂ‍ടെ മാത്രമറിയാവുന്ന അവരോട് കുടുംബത്തിലെയാരോടെയെന്ന പോലെയുള്ള അടുപ്പം തോന്നിയിരുന്നു.

“ഓഡിറ്റേര്‍സിനുള്ള എന്റെ ഷെഡ്യൂളുകള്‍ എല്ലാം തയ്യാറായിട്ടുണ്ട് ഇനി റിപ്പോര്‍ട്ട് പകുതിയാക്കാനുണ്ട് ... , തിങ്കളാഴ്ച ഓഡിറ്റിങ്ങ് തുടങ്ങുമെന്നാണ് പറഞ്ഞിരിയ്കുന്നത്, രാവിലെ ഇത്തിരി നേരത്തെ വന്നാല്‍ അതു തീര്‍ക്കാം....“

പ്രൊഫഷണലിസത്തിന്റെ ചട്ടക്കൂടുകള്‍ക്കത്ത് ക്ലിപ്തതയോടെ താന്‍ ഏറ്റെടുത്ത ചുമതലകള്‍ എല്ലാം ചെയ്തു തീര്‍ക്കുന്നതു കാണുമ്പോള്‍ വല്ലാത്ത മതിപ്പായിരുന്നു, അതു പോലെയാവാന്‍ മനസ്സ് കൊതിയ്കുകയായിരുന്നു.വഴിയിലൂടെ പോവുന്ന ഉത്തരവാദിത്വങ്ങളെല്ലാം മുകുന്ദന്‍ സാര്‍ തലയില്‍ വെച്ചു തരുമ്പോള്‍ അഗര്‍വാള്‍ ഉപദേശിയ്കാറുണ്ട്

“ നമ്മളൊക്കെ കമ്പനിയുടെ ഓരോ ഉപകരണങ്ങളാണ് സുധീഷ് ,കുടുംബവും സമൂഹവും മറന്നു കൊണ്ട് ഒരു വര്‍ക്ക് ഹോളിക്കാവാന്‍ ശ്രമിയ്കരുത്.........ഇപ്പോ താങ്കള്‍ ചെറുപ്പമാണ് കുറച്ചു കൂടി കഴിഞ്ഞാലേ താങ്കള്‍ക്ക് അതിന്റെ വിഷമം മനസ്സിലാവൂ.....”

ഓഫീസ്സ് സമയങ്ങളിലേറെ വൈകിയിരുന്ന് ഫ്ലാറ്റിലെത്തുമ്പോഴെയ്കും ,മിക്കവാറും മോനും അവളും കിടന്നിട്ടുണ്ടാവും. വരാന്‍ വൈകുന്നതിനുള്ള ശിക്ഷയായി ആറുവയസ്സുകാരന്‍ നിശ്ചയിച്ചിരിയ്കുന്ന 10 രൂപ പിറ്റേന്ന് അവന്‍ സ്ക്കൂളില്‍ പോവുന്നതിനു മുമ്പേ കൊണ്ടുത്തിരിയ്കണം.പത്തു രൂപകളുടെ നോട്ടുകള്‍ കൊണ്ട് അവന്റെ സമ്പാദ്യപ്പെട്ടി നിറഞ്ഞതല്ലാതെ അവന്റെ ശിക്ഷ കൊണ്ട് വ്യത്യാസമൊന്നും വരാറില്ല.

“എടോ നിന്റെ സൈഡിലെ ഗ്ലാസ്സ് കയറ്റി വെയ്ക് തണുത്ത കാറ്റടിച്ച് അസുഖമൊന്നു വരേണ്ട....അല്ലെങ്കില്ലേ ഓഫീസ്സില്‍ എക്സിക്യൂട്ടിവിസിന്റെ ഷോര്‍ട്ടാ....”

തന്റെ ആരോഗ്യത്തില്‍ ശ്രദ്ധിയ്കുന്ന സുഹൃത്തിലേറെ മുകുന്ദന്‍ സാറിലെ പ്രൊഫഷണല്‍ മാനേജര്‍ അറിയാതെ പുറത്തു വന്നു.ജനുവരിയിലെ തണുത്ത കാറ്റ് വല്ലാതെയുണ്ട് ,നഗരത്തിന്റെ പ്രാന്ത പ്രദേശമായതിനാല്‍ റോഡില്‍ തിരക്ക് വളരെ കുറവാണ് . അഗര്‍വാള്‍ മരിച്ചത് അവധിദിവസമായതിനാല്‍ ഓഫീസില്‍ അധികമാരും അറിഞ്ഞില്ല.തൊട്ടടുത്ത പ്രവര്‍ത്തി ദിനത്തിലാണ് അറിഞ്ഞതും അനുശോചന യോഗത്തിനുശേഷം ഉന്നതാധികാരികള്‍ അവരുടെ വീട് സന്ദര്‍ശിച്ചതും. അന്ന് മുകുന്ദന്‍ സാര്‍ക്കും തനിയ്കും പോവാന്‍ കഴിഞ്ഞില്ല. അന്നു രാവിലെ തന്നെ ഹാജാരായ ഓഡിറ്റര്‍മാര്‍ക്ക് അഗര്‍വാളിന്റെ കമ്പ്യൂട്ടറിലെ ഷെഡ്യൂളുകളും റിപ്പോര്‍ട്ടുകളും തിരഞ്ഞെടുക്കാന്‍ ഏറെ വിഷമിയ്കുമ്പോഴാണ്, തുടര്‍ച്ചയായി കമ്പ്യൂര്‍ ഉപയോഗിയ്കുന്നവര്‍ ഉപയോഗിയ്കേണ്ട വ്യയാമങ്ങളും അതിന്റെ രേഖാചിത്രങ്ങളുമടങ്ങിയ ഒരു ഫയല്‍ കണ്ണില്‍ പെട്ടത് , പാറപ്പുറത്തെറിഞ്ഞ വിതപോലെ തോന്നിയ എന്തോ ഒരുള്‍ പ്രേരണയാല്‍ ഡിലീറ്റ് ചെയ്തു.

ഐ.ടി ഡിപ്പാര്‍മെന്റില്‍ പോയി പ്രത്യേക അനുമതിയോടെ മാത്രമേ അഗര്‍വാളിന്റെ ലോഗിന്‍ ഐ.ഡി പോലും കിട്ടാനായുള്ളൂ. കണക്കിലെ ഊരാക്കുടുക്കിനെക്കാളേറെയാണ് നടപടികളിലെ നൂലാമാലകള്‍ അതെല്ലാം ഒതുങ്ങി കഴിയാന്‍ ദിവസങ്ങളെടുത്തു.അതിനൊടുവില്‍ മാത്രമാണ് ഡ്രൈവര്‍ ശെല്‍‌വനെയും കൂട്ടി മുകുന്ദന്‍ സാറും താനും കൂടി അഗര്‍വാളിന്റെ വീട്ടിലേയ്കു പോയത്.

ഓഫീസ്സില്‍ വളരെ വിരളമായി നടക്കുന്ന വ്യക്തിപരമായ ചര്‍ച്ചളിലൂടെ മാത്രം പരിചയമുള്ള ഫ്ലാറ്റിലേയ്കും കുടുംബാഗങ്ങള്‍ക്കിടയിലേയ്കും ചെല്ലുമ്പോള്‍ എന്തോ വല്ലാത്തൊരു കുറ്റബോധമായിരുന്നു. പന്ത്രണ്ടുകാരനായ അദ്ദേഹത്തിന്റെ മകനും അഞ്ചു വയസ്സുകാരിയായ മകളും തീര്‍ത്തും തങ്ങള്‍ക്ക് അപരിചിതര്‍ തന്നെയായിരുന്നു.തനിയ്കും ചുറ്റും അദൃശ്യമായൊരു വേലി കെട്ടി അതിനുള്ളില്‍ ലോകത്തെ ഒതുക്കി ജീവിയ്ക്കാന്‍ മാത്രം ശ്രമിച്ച അഗര്‍വാളിന്റെ വിജയമോ പരാജയമോ ആയിരിയ്കാം ആ അപരിചിതത്വം... അതോ അതിനു ശ്രമിയ്കുന്നതോ ആല്ലെങ്കില്‍ അങ്ങനെയായി കൊണ്ടിരിയ്കുന്നതോതായ തങ്ങളുടെതെന്നോ പറയാമെന്നറിയില്ല.

ചില യാദൃശ്ചികതകള്‍ മനുഷ്യനെ നിസ്സാരമാക്കുന്നതിലേറെ , അതിനെ മറികടക്കുകയോ അല്ലെങ്കില്‍ അതിനോടു സമരസപ്പെടുകയോ ചെയ്യുന്ന നിസ്സഹാതയായിരുന്നു ആദ്യം കാണുമ്പോ‍ള്‍ മിസ്സിസ്സ്.അഗര്‍വാളിന്റെ കണ്ണൂകളില്‍. പിന്നീട് കൂടുതല്‍ സംസ്സാരിച്ചപ്പോഴാണ് കണ്ണൂകള്‍ നിറഞ്ഞതും, കവിളിലേയ്കൊഴുകാതെ വിരല്‍ തുമ്പുകൊണ്ട് തുടച്ചു നീക്കാന്‍ ശ്രമിച്ചതും.

“ ഓരോ ദിവസത്തെ ശമ്പളവും വളരെ ബഡ്ജറ്റ് ചെയ്തു വളരെ കൃത്യനിഷ്ഠയോടെ ജീവിയ്കുന്ന എന്റെ ജീവിതത്തില്‍ ഈ മനുഷ്യനെ മാത്രമേ കണ്ടിട്ടുള്ളൂ , ഭക്ഷണം പോലും പ്രോട്ടീനും കാത്സ്യവും കണക്കാക്കിയിട്ടേ കഴിയ്കൂ....വെള്ളം പോലും അളവു നോക്കിയേ കുടിയ്കാറുള്ളൂ............”

കാറിലിരുന്നും മുകുന്ദന്‍ സാര്‍ അഗര്‍വാളിനെ കുറിച്ച് തുടരുക തന്നെയായിരുന്നു.

എന്നിട്ടും കണ്ടില്ലേ...........കാറ്റത്ത് ഒരു വിളക്ക് കെടുന്നതു പോലെ പോയത്....“

ശെല്‍‌വനാണ് പൂര്‍ത്തിക്കിയത്.

“ഒരു ദിവസത്തെ അച് ഛന്റെ ശമ്പളം എത്രയാ...........അച് ഛാ..”

ഒരു ദിവസത്തിന്റെ ശമ്പള കണക്കു കേട്ടപ്പോഴാണ്, ഒരു ദിവസം കിടക്കാന്‍ നേരം മകന്‍ ചോദിച്ച ചോദ്യം ഓര്‍മ്മ വന്നത്.

“എന്തിനാ........ഡാ.......”

“ ഒരു കാര്യംണ്ട് പറയോ.........” അവന്‍ തന്റെ നിഷ്കളങ്കതയോടെ ചോദിച്ചു.

അപ്പാര്‍ട്ടുമെന്റിന്റെ പുറത്തേയ്കുള്ള ലോകം അമ്മയോടും അച് ഛനോടുമൊപ്പം മാത്രമുള്ള അവന്റെ ഗ്രഹപാഠം കഴിഞ്ഞുള്ള സമയങ്ങളില്‍ , ഡ്രോയിങ്ങോ ഡൈനിങ്ങോയെന്നു പറയാനാവാത്ത സാമാന്യം വലിയ ഹാള്‍ അവന്റെ സ്വയം നിര്‍ണ്ണയിയ്കുന്ന മാച്ചുകളിലെ ക്രീസ്സാക്കുക പതിവായിരുന്നു. വാങ്ങി കൊടുത്ത ബാറ്റും ബോളും കൊണ്ട് ചുവരിലടിച്ചെങ്കിലും അവന്‍ ധോണിയോ , യു.വി യോ ആകാന്‍ ശ്രമിയ്കാറുണ്ട്. ഒരിക്കലവന്റെ ഏകാംഗ വണ്‍ ഡേ മാച്ചിലെ ബൌണ്‍സറില്‍ ധോണി കടന്നു വന്നപ്പോള്‍ നാമാവശേഷമായത് അവള്‍ പൊന്നു പോലെ കാത്തു സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ മീനുകളുടെ ചില്ലു വീടായിരുന്നു. ആവശ്യത്തിലേറെ അവളുടെ ശിക്ഷയ്കു പുറമേ വേദനിപ്പിയ്കുന്ന ഉപദേശങ്ങള്‍ അച് ഛന്റെ അദ്ധ്വാനത്തെ കുറിച്ചായിരുന്നു. അന്നു മുതല്‍ വീട്ടിലുള്ള ഓരോ വസ്തു വഹകളിലും അവന്‍ അച് ഛന്റെ അദ്ധ്വാനത്തിന്റെ വില നിര്‍ണ്ണയിയ്കുന്നതു കാണാമായിരുന്നു, അതിനു ശേഷം ഫ്ലാറ്റിനകത്തെ അവന്റെ ഏകാംഗ മാച്ചുകള്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. കൂടെ അവന്റെ വാശികളെ നിരുത്സാഹപ്പെടുത്തുന്നതിനു ഇതേ തന്ത്രം അവള്‍ പ്രയോഗിച്ചു കാണാറുണ്ട്. അതു പോലെ ഒരു എന്തോ ഒരു വില പിടിപ്പുള്ള വസ്തു കണ്ണില്‍ പെട്ടുകാണുമെന്നു കരുതിയാണ് ചോദിച്ചത്.

“ ഏതു സാധനത്തിനു വിലയിടാനാ...........”

“ അതൊക്കെണ്ട്..........ഒന്നു പറയോ..” അവന്‍ കൊഞ്ചി.

അവള്‍ക്കുമാത്രമറിയുന്ന ആ രഹസ്യം അന്നു മകനുമായി പങ്കു വെച്ചു.പറഞ്ഞ ഒരു മാസത്തെ കണക്കില്‍ അവനറിയേണ്ടത്, പകുതി ദിവസത്തെ ശമ്പളത്തെ കുറിച്ചായിരുന്നു, ഒരു വഴികണക്കുപോലെ അവള്‍പറഞ്ഞു കൊടുക്കുന്നതു കേട്ടതിനു ശേഷം മാത്രമേ അവനന്നുറങ്ങിയുള്ളൂ.

സമയം എത്രപ്പെട്ടന്നാണ് എത്ര വലിയ പ്രശ്നങ്ങളെയും നിസ്സാരമാക്കുന്നത്, മണിക്കൂറുകള്‍ കൊണ്ട് തന്നെ മുകുന്ദന്‍ സാര്‍ അഗര്‍വാളിനെ കുറിച്ചും അയാളുടെ മരണത്തെ കുറിച്ചും മറന്നിരിയ്കുന്നു. ഒരാളുടെ ജീവിതമുണ്ടാക്കുന്ന ശൂന്യത എത്രപ്പെട്ടന്നാണ് ഇല്ലാതാവുന്നത്, ഒരു നിമിഷമെങ്കിലും ജീവിതം മുന്നോട്ടു നീട്ടാനുള്ള ശ്രമത്തിന്റെ ഫലമായി എത്രയോ നിമിഷങ്ങള്‍ ഇല്ലാതാക്കുന്ന മനുഷ്യ ജീവന്റെ നിസ്സാരത എത്ര തന്നെ ബോധ്യമാക്കിയാലും അവനു തന്നെ ഒരിക്കലും ബോധ്യപ്പെടാറില്ല. മുകുന്ദന്‍ സാര്‍ സത്യം കമ്പ്യൂട്ടേര്‍സിലെയും വിപ്രോയിലെയും അപചയങ്ങളെ കുറിച്ചായിരുന്നു സംസ്സാരം. അടുത്ത ദിവസം പോയി കൊളാസ്ട്രോളും പ്രഷറുമൊക്കെ പരിശോധിയ്കണമെന്നു പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വീടിനു മുന്നിലിറക്കുമ്പോള്‍ പരിശോധനകളുടെ കാര്യങ്ങള്‍ പാടെ മറന്ന് ,പിറ്റേന്ന് അവധി ദിവസമാ‍ായിട്ടും അതി രാവിലെ ഓഫീസ്സിലെ എത്തേണ്ട ആവശ്യത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചു. അഗര്‍വാളിന്റെ അഭാവം അദ്ദേഹത്തെ വല്ലാതെ അരക്ഷിതനാക്കുന്നുവെന്നുതോന്നി.ഉറുമ്പിന്‍ കൂട്ടത്തിനിടയില്‍ അകപ്പെട്ട പോലുള്ളാ ട്രാഫിക്കിന്റെ തിരക്കുകളില്‍ നിന്നു രക്ഷപ്പെടാന്‍ ശെല്‍‌വന്‍ ഈടു വഴികളിലൂടെയും നോ എന്‍‌ട്രികളിലൂടെയും കടന്നു പോയിട്ടും ഫ്ലാറ്റിലെത്താന്‍ ഏറെ വൈകി.

ചാനലിലുകളിലെ വൈകി വരുന്ന സിനിമകളില്‍ പിറ്റേന്നാളെത്തെ അവധി ദിവസത്തിനായി കാത്തിരിയ്കുന്ന അവനെ കയറി വരുമ്പോഴേ രണ്ടാം നിലയിലുള്ള ജനലരുകില്‍ കാത്തു നില്‍ക്കുന്നതു കണ്ടു. കയറി വന്ന അച് ഛനെ കണ്ടപ്പോള്‍ വൈകി വന്നാലുള്ള ഫൈന്‍ ഓര്‍മ്മിച്ച് വാങ്ങി തന്റെ സമ്പാദ്യപ്പെട്ടിയിരിയ്കുന്ന അലമാരി തുറക്കാനായി കിടപ്പുമുറിയിലെയ്കു പോയി.

കുളി കഴിഞ്ഞു കഴിയ്കാനിരുന്നപ്പോഴാണ് അഗര്‍വാളിന്റെ വീട്ടിലെ കാര്യങ്ങള്‍ വിശദീകരിച്ചത്, തൊഴില്‍ പരമായും വ്യക്തിപരമായും അയാളുണ്ടാക്കിയ ശൂന്യതയെ കുറിച്ചു പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ കണ്ട അവിചാരിതമായതെന്തും നേരിടാമെന്ന ഒരു തരം നിസ്സംഗത കണ്ടപ്പോള്‍ വല്ലാത്തൊരു വിങ്ങലായിരുന്നു കഴിച്ചെഴുന്നേല്‍ക്കുമ്പോള്‍.

ഭക്ഷണം കഴിഞ്ഞു വന്നപ്പോഴും അവന്‍ സമ്പാദ്യപ്പെട്ടി തുറന്നു അവന്റെ സമ്പാദ്യമെണ്ണി നോക്കുമ്പോള്‍ കൌതുകത്തോടെയുള്ള എന്റെ നോട്ടം കണ്ടപ്പോള്‍ അവനു രസമായി, വശങ്ങള്‍ മടങ്ങിയ നോട്ടുകള്‍ അവന്‍ നേരെയാക്കി ഒരുമിച്ച് ഇനം തിരിച്ചു വെച്ചു. സമ്പാദ്യപ്പെട്ടി തിരികെ കൊണ്ടു വെച്ചു.

നാളെത്തേയ്കുള്ള ഷെഡ്യൂളുകള്‍ തയ്യാറാക്കനായി ലാപ്‌ടോപ്പ് കമ്പ്യൂട്ടറെടുത്ത് കിടക്കയിലിരുന്നു.അവന്‍ വന്നു പിന്നിലൂടെ വന്നു കഴുത്തില്‍ കയ്യിട്ട് കെട്ടി പിടിച്ചു കൊണ്ട് മോണിട്ടറില്‍ ഓടി നടക്കുന്ന അക്ഷരങ്ങളെയും , അവന്റെ അച് ഛന്റെ കൈവേഗതയിലേയ്കും നോക്കി ഏറെ നേരം നിന്നു. അച് ഛന്‍ ജോലിയില്‍ മുഴുകുന്നതു കണ്ടപ്പോള്‍ പതുക്കെ ഇറങ്ങി വീണ്ടും സമ്പാദ്യപ്പെട്ടി തുറന്ന് അതിലെ ഒതുക്കി വെച്ചിരിയ്കുന്ന നോട്ടുകള്‍ എടുത്തു കൊണ്ട് വന്ന് അച് ഛനു നേരെ നീട്ടിയിട്ട് പറഞ്ഞു.

“ അച് ഛാ...ഇതൊന്നു എണ്ണി തരോ.......?"

“ അമ്മയോട് പറയൂ.................”

കമ്പ്യൂട്ടറില്‍ നിന്നും കണ്ണെടുക്കാതെ തന്നെ അവനോടു പറഞ്ഞു.

“അച് ഛന്‍ തന്നെ നോക്കണം .............” അവന്‍ വാശി പിടിച്ചു. തെല്ലിടനേരം കഴിഞ്ഞിട്ടും താന്‍ ഗൌനിയ്കുന്നില്ലെന്നു കണ്ട് അവന്‍ കമ്പ്യൂട്ടറിന്റെ കീബോര്‍ഡിലേയ്കു ആ നോട്ടുകള്‍ വെച്ചു., പിണക്കേണ്ടെന്നു കരുതി അതെടുത്ത് എണ്ണി നോക്കി.

“അതിലെത്രയുണ്ട് ...........?.” അവന്റെ നിഷ്‌കളങ്കതയോടെയുള്ള ചോദ്യം.

അതിലുള്ള സംഖ്യ പറഞ്ഞിട്ട് ചോദിച്ചു.“ ഇതിന് എന്താ വാങ്ങേണ്ടത്, സൈക്കിളോ അതോ..........”

ഒന്നും വേണ്ടെന്ന് തലയാട്ടി എന്നിട്ട് പതുക്കെ തലതാഴ്‌ത്തികൊണ്ട് ചോദിച്ചു.

”അച് ഛന്റെ പകുതി ദിവസത്തെ ശമ്പളമുണ്ടോ അതില്‍........”

അറിയാതെ ആ ആറുവയസ്സുകാരന്റെ മുഖത്തേയ്കു നോക്കി , അതെയെന്നു തലയാട്ടി.

“ അച് ഛന്‍ നാളെ ഓഫീസില്‍ നിന്നും നേരത്തെ വര്വോ..........

ജനവരിയിലെ തണുത്ത കാറ്റിലും താന്‍ വല്ലാതെ വിയര്‍ക്കുന്നതായി തോന്നി.സ്തംഭിതനായി തന്റെ മുഖത്തു നോക്കിയിരുന്ന അച് ഛനെ നോക്കി അവന്‍ തുടര്‍ന്നു.

“എന്റെ കൂടെ ക്രിക്കറ്റ് കളിയ്കാന്‍ ആരുമില്ല അച് ഛാ...........നാളെ അവധി ദിവസമല്ലേ...... ”

അറിയാതെ അവനെ വാരിയെടുത്ത് മൂര്‍ദ്ധാവില്‍ ചുംബിയ്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞും കാഴ്ച മങ്ങുന്നതായി തോന്നി, മുന്നിലിരിയ്കുന്ന കമ്പ്യൂട്ടറിലെ കീബോര്‍ഡിനെ ലക്ഷ്യമായി ഇടതു കൈയിലെ രണ്ടു വിരലുകളും വലുതു കൈയിലെ ചൂണ്ടു വിരലും നീങ്ങുന്നത് യാന്ത്രികമാണോയെന്നു തോന്നി.

This is the Time = Ctrl+Alt+ടെല്‍