2009, മാർച്ച് 31, ചൊവ്വാഴ്ച

(1/3) മൂന്നിലൊന്നെങ്കിലും...........(കഥ)



മനുഷ്യ ജീവതത്തിന്റെ നിസ്സാരതയെ കുറിച്ച് എത്രതന്നെ ബോധ്യമാണെങ്കിലും, ഞാൻ മാത്രമാണ്, മുന്നിലെന്ന ഒരു ഭാവം അറിയാതെ ചില അവസരങ്ങളിൽ ജീവിതത്തിലെ മറ്റുള്ള ചിന്തകളെ തിക്കിതിരക്കി മുന്നോട്ട് വരും. ഊരാകുരുക്കിലെന്ന പോലെ കിടക്കുന്ന source code ക ൾക്കിടയിലേയ്ക്ക്, തന്റെതായ നാലുവരികൾ കൂടി ചേർത്ത് ,saperaterറുകൾക്കുളിൽ comment എഴുതി വെച്ച് compile ചെയ്യുന്നതിനെക്കാൾ എത്രയോ ആത്മവിശ്വാസം തോന്നിയിട്ടുള്ളതാണ്, എവിടെയെങ്കിലും കുറിച്ചിടുന്ന ഉള്ളിൽ നിന്നുള്ള നാലു വരികൾ ,ഒരു പക്ഷെ Discussion notesന്റെ മൂലയ്കോ, അല്ലെങ്കിൽ ചാറ്റ് ബോക്സുകളിലെ സ്റ്റാറ്റുസുകളിലോ ആവാം. നന്നായെന്നു ആരെങ്കിലും അഭിപ്രായപ്പെടുമ്പോൾ ഉള്ളിൽകൂപ്പുന്ന കൈ എടുക്കുന്നതൊരു പക്ഷേ , രക്ഷിതാവിന്റെ തോളത്തു നിന്നാണെന്നു തോന്നി പോവും.



പക്ഷെ അത്തരം സന്ദർഭങ്ങൾ വളരെ അപൂർവ്വം മാത്രായിരിയ്കുകയും, അതിനായി കാത്തിരിയ്കുകയും, ശ്രമിയ്കുകയും ചെയ്യുന്ന ഒരു ദീർഘമായ നിശ്ശബദ്ധതയ്കു ശേഷം മനസ്സിലെവിടെയോ ഒരു ചെറിയ ചലനമുണ്ടാക്കിയ അഭിപ്രാ‍യ പ്രകടനമായിരുന്നു അയാളുടേത്. അതൊരു തുടർ ചലനത്തിനു സമ്മതിയ്കാതെ ഏറെ കാലം മനസ്സിൽ തന്നെ കിടന്നു.കേൾക്കുന്നവർക്ക് ഏറെ വിചിത്രമായി തോന്നാമെങ്കിലും ഒരു മധ്യവയസ്സിന്റെ പാകത വരുത്താൻ ശ്രമിയ്കുന്ന ഒരു മനസ്സിലെ അഭിപ്രായ പ്രകടനവുമായിരുന്നിരിയ്കാം.എറെയൊന്നുമില്ല, ഒരു ദിവസം ഓഫീ‍സ്സ് കഴിഞ്ഞിറങ്ങാൻ നേരത്താണു അദ്ദേഹത്തിന്റെ മക്കളുടെ പഠനത്തെക്കുറിച്ച് ചോദിച്ചത്.



സ്വതവേ പഠിയ്കാൻ മിടുക്കികളായ ടീനേജിൽ നിൽക്കുന്ന രണ്ടു പെൺ‌മക്കളുടെ പിതാവായ അയാൾ , പാതി കഷണ്ടി കയറി നരവന്നു ചേക്കാറാൻ തുടങ്ങുന്ന തല തടവി കൊണ്ട് പറഞ്ഞു.



“പഠിയ്കാനൊക്കെ മിടുക്കികളാ...പക്ഷേ..........”



ആ പക്ഷെയിൽ കുരുക്കി, ഞാൻ തിരിച്ചിട്ട എന്റെ കണ്ണൂകളെ നേരിടാനാവാതെ ,തലയുയർത്താതെ തുടർന്നു.



“പഠിയ്കുന്നതിലും , ജോലി തേടുന്നതിലുള്ള....അവരുടെ മിടുക്കും ബുദ്ധി സാമർത്ഥ്യവും, .....ജീവിതത്തിലും കൂടി ഉണ്ടായാൽ മതിയായിരുന്നു......”



ഒരു ദീർഘനിശ്വാസത്തോടെ തുടർന്നു.



അദ്ദേഹം പറഞ്ഞത് സ്ക്കൂൾ കാലത്തെ അയാളുടെ ഒരു സഹപാഠിയെ കുറിച്ചായിരുന്നു, നന്നായി പഠിച്ച് റാങ്കോടു കൂടി സ്ക്കൂളിൽ നിന്നും കോളേജിൽ നിന്നും പുറത്തിറങ്ങി, റിസർവ്വ് ബാങ്കിൽ തന്നെ നല്ല ജോലിയും നേടിയ ശേഷം നഗരത്തിലെ പ്രശസ്തമായ കുടുംബത്തിലേയ്ക്ക് കല്ല്യാണം കഴിഞ്ഞു പോയതായിരുന്നു. “കല്ല്യാണം“ അത് ഒരു പക്ഷെ അവരുടെ ജിവിതത്തെ വിപരീത ദിശയിലേയ്കു നീക്കുന്നതു പോലെയുള്ള ഒരു പ്രതിക്രിയ പോലെ തോന്നിയിരുന്നു. മുഴുമദ്യപാനിയായ ഭർത്താവും,അയാളുടെ ഭാരമേറിയ കുടുംബമഹിമയും. ഏറെ കാലം അയാളൊത്ത്,അയാളുടെ കുട്ടികളുടെ അമ്മയായി,യഥാർത്ഥത്തിൽ അയാളെ സഹിച്ച് ഏതാനും കാലത്തെ ജീവിതത്തിനു ശേഷം അവരെ കണ്ടിരുന്നു. നീണ്ട കാലത്തെ ജീവിതയാഥാർത്ഥ്യങ്ങളുടെ സഹപാഠിയുടെ പരുവപ്പെടലുകളെ അയാൾ വിശേഷിപ്പിച്ചതിങ്ങനെയായിരുന്നു.



“ തല നരച്ച്..മുഖമെല്ലാം ചുളിഞ്ഞ്, ഉള്ളതിലേറെ പ്രായം തോന്നിച്ച് ,വളരെ ഉന്നതമായ നിലയിൽ കാ‍ണുമെന്നു പ്രതീക്ഷിച്ച് അവസാനം ഒരു സാധാരണ സ്ത്രീയെ പോലെ കണ്ടപ്പോൾ ഞാൻ വല്ലാതായി,ജീവിതത്തിലെ നിർഭാഗ്യങ്ങൾ എത്ര തന്നെ മിടുക്കിയായ ഒരു സ്ത്രീയെ എങ്ങനെ വെറുമൊരു സ്ത്രീയാ‍ക്കി മാറ്റിയതായി തോന്നി.............“



എന്നിട്ട് എന്നെയൊന്നു നോക്കി തുടർന്നു.



“ തന്റെയൊക്കെ പ്രായത്തിൽ തനിയ്ക് ഇങ്ങനെ ചിന്തിയ്കാനാവുമോയെന്നറിയില്ല.....എത്രമാത്രം മിടുക്കുണ്ടായാലും ജീവിതം നൽകുന്ന നൽകുന്ന നിർഭാഗ്യങ്ങൾ നമ്മളെ എത്രത്തോളമാണ് പിന്നിലേയ്കു വലിയ്കുന്നെതെന്നു പറയാനാവില്ല....പ്രത്യേകിച്ച് പെൺക്കുട്ടികളുടെ കാര്യത്തിൽ.......”



തുണിയിൽ പൊതിഞ്ഞ് കണ്ണുമിഴിക്കാനാവാത്ത ഒരു നവജാത ശിശുവിനെ പോലെ ഒരു ആശയത്തെ മുന്നിലേയ്കു നീട്ടി തന്നപ്പോൾ , വേണ്ടതിലേറെ അക്കാദമിക യോഗ്യതകളുണ്ടായിട്ടും മോനെ നോക്കിയും, അടുക്കള വൃത്തിയാക്കുന്നതിലും മാത്രം ജീവിതത്തിന്റെ സത്ത കാണുന്ന അവൾ അസ്വസ്ഥതയോടെ മനസ്സിലൂടെ കടന്നു പോയപ്പോൾ , ഒരു തർക്കുത്തരത്തോടെ കളിയാക്കി.



“ഒരു പ്രായം കഴിഞ്ഞാൽ തുടങ്ങുന്ന ഓരോ വ്യാകുലതകൾ.....”



“മനസ്സു കൊണ്ട് ചെറുപ്പമായിരിയ്കണമെന്നു തന്നെയാണ് എനിയ്കെപ്പോഴും....പക്ഷേ ചിലകാര്യങ്ങളിൽ നമ്മൾ പ്രായത്തിനു മുന്നിൽ നടന്നേ പറ്റൂ സുഹൃത്തേ....”



അന്നത്തെ ചിന്താവിഷയത്തോടെ അയാൾ ഇത്തരം വിഷയങ്ങളിൽ മൌനിയായി, പിന്നീട് ആ വിഷയം എവിടെയും ചർച്ചയായില്ല.ചിന്താ ഭാരമുള്ള അത്തരം വിഷയങ്ങളെ തന്ത്രപൂർവ്വം ഉപേക്ഷിയ്കുകയെന്ന കുടിലതയോടെ ഞങ്ങളുടെ സുഹൃദ്സംഘങ്ങൾ സമരസപ്പെട്ടു. പെൺകുട്ടികളുടെ നിർഭാഗ്യങ്ങളുടെ വിഷയത്തെ ഞങ്ങൾ തന്ത്രപൂർവ്വം രാഷ്ട്രീയത്തിലെ മൂല്യച്യുതികളെയും, മലയാള സിനിമകളിലെ കഥയില്ലായ്മകളിലേയ്കും വലിച്ചു കെട്ടി തുടർന്നുള്ള ദിവസങ്ങളിൽ നിസ്സാരവൽക്കരിച്ചിരുന്നു.



വിവാഹ ശേഷമുള്ള പെൺക്കുട്ടികളുടെ ജീവിതത്തിനെ നിർഭാഗ്യങ്ങളെ കുറിച്ച് കൂടുതലാലോചിയ്കേണ്ട ആവശ്യം വരാറില്ല. ഓഫീസ്സിലാണെങ്കിൽ തലയൊന്നുയുർത്തിയാൽ മതി, മുന്നിലിരിയ്കുന്ന അശ്വനിഭാട്ടിയ തന്നെ ധാരാ‍ളം.പ്രൊജക്ടുകളുടെയും പ്രമോഷനുകളുടെയും കാര്യത്തിൽ ഭർത്താവി ൽനിന്നുള്ള സമ്മർദ്ദത്തിൽ , മൂന്നു തവണ അമ്മയാവാനുള്ള അവസരം സ്വയം നഷ്ടപ്പെടുത്തിയ അവർ നാലാമത്തെ കാര്യത്തിൽ പെണ്ണെന്ന അവകാശം പറഞ്ഞതിനു കിട്ടിയതൊരു വെളുത്തു തടിച്ച ഒരു കവറായിരുന്നു കുടുംബ കോടതിയിൽ നിന്നു.... ഒരു പാഴ്‌മരമല്ല താനെന്നു തെളിയിക്കാൻ അവർ നാലു വയസ്സുകാരനായ മകനോടൊത്ത് അവകാശത്തോടെ ജീവിയ്കുന്നു. പക്ഷെ കുടുംബ കാര്യങ്ങൾ പറയുമ്പോൾ ആ ചാരനിറമുള്ള കണ്ണുകൾ നനവൂറുന്നതു സ്വയമറിയാതിരിയ്ക്കാൻ ശ്രമിയ്കുന്നത് ഞാൻ കൂടുതൽ ശ്രദ്ധിയ്കുന്നതു കൊണ്ടായിരിയ്കും.



ജീവിതത്തിന്റെ തുടർ പ്രക്രിയകളിൽ ,ഒഴിവു വരുന്ന ആരും സംസ്സാരിയ്കാനില്ലാത്ത യാത്രകളിലാണ് ,മനസ്സിന്റെ മൂലയിലേയ്കു ഒരു കോപ്പിയിട്ട ഇത്തരം ചിത്രങ്ങൾ തിരിച്ചെടുക്കാറുള്ളത്. കൂടെ ഈ നിർഭാഗ്യങ്ങളുടെ കണക്കെടുപ്പിന്റെ ഓർമ്മകളിലേയ്കു വന്നത് , മധ്യവർഗ്ഗ ദുർമേദസ്സിനാൽ മദാലസ രൂപമായ ആ പാവം മുപ്പത്തിയഞ്ചിനോടടുത്ത സ്ത്രീ കൂടിയായിരുന്നു.

പത്തു വർഷങ്ങൾക്കുമുമ്പ് ഞങ്ങൾ അവിവാഹിതരുടെ താവളങ്ങളിലൊന്നായ വീഡിയോ ലൈബ്രറിയിലായിരുന്നു അവരെ കണ്ടത്, കൂടെ മാലാഖകളെ പോലെ രണ്ടു പെൺക്കുട്ടികളും.അവരുടെ ഭർത്താവ് തന്നെ കമ്പ്യുട്ടർ പഠിപ്പിച്ച സുഹൃത്തെന്നു പരിചയപ്പെടുത്തിയപ്പോൾ നന്ദിപൂർവ്വം പുഞ്ചിരിച്ചു, ഒരിക്കൽ മാത്രം കണ്ടു മറഞ്ഞ അവരെ ഞാനീ നിർഭാഗ്യവതിയായ സ്ത്രീകളുടെ കൂട്ടത്തിൽ കൂട്ടാൻ , അവരന്നു പുറത്തേയ്കിറങ്ങിയ ശേഷം കൂട്ടുകാരിലാരോ കണ്ണടച്ചെറിഞ്ഞ വാക്കുകളായിരുന്നു.



“ജയേട്ടന്റെ പരീക്ഷണ വസ്തു....”



പച്ചക്കറി മൊത്തകച്ചവടക്കാരനായ ജയരാജേട്ടന്റെ ഭാ‍ര്യയായിരുന്നു അത്..



അതിരാവിലെ നടക്കുന്ന പച്ചക്കറി ചന്തയിലെ ലേലങ്ങൾക്കും കച്ചവടങ്ങൾക്കു ശേഷം, ഏകദേശം പതിനൊന്നരയോടെ കായക്കറ പറ്റിയ മുണ്ടും മടക്കിയുടുത്ത് ജയേട്ടൻ വരുന്നത് , അന്നത്തെ ഞങ്ങളുടെ താൽക്കാലിക താവളമായ വീഡിയോ ലൈബ്രറിയിലേയ്ക്കായിരുന്നു.



ഒരു ദിവസം അവിചാരിതമായാണ് ജയേട്ടൻ ,അന്ന് ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ പഠിയ്കുകയും പഠിപ്പിയ്കുകയും ചെയ്തിരുന്ന തന്നോട് ചോദിച്ചത്..



“ഡോ എന്നെയൊന്ന് Internet brows ചെയ്യാൻ പഠിപ്പിയ്ക്യോ...........”



“തീർച്ചയായും.....”



അടുത്തുള്ള ഒരു സുഹൃത്തിന്റെ internet Cafe-ൽ നിന്നും മൌസ്സും കീബോർഡുമെന്തന്നറിയാ‍ത്ത ജയേട്ടനെ, കമ്പ്യൂട്ടർ പഠിപ്പിയ്കാൻ ഏറെ കാലമെടുത്തില്ല, ദിവസം ഒരു മണിക്കൂർ വെച്ച്, ഒന്നരാഴ്‌ച...പകരം രാത്രി വീട്ടിലേയ്കു പോവുന്നതിനുമുമ്പൊരു തണുത്ത ബീയർ....”



ഏറെ ദിവസങ്ങളായും ജയേട്ടന്റെ സാന്നിദ്ധ്യം ഈ സുഹൃത്ത് സംഗമങ്ങളിൽ കാണാത്തതിനാലാണ് കൂട്ടുകാരോട് കൂടുതൽ ആരാഞ്ഞത്,തുടർന്നു കിട്ടിയ മറുപടികളിൽ ജയേട്ടന്റെ രൂപം സ്വയം വെളിവാക്കുന്നതായിരുന്നു, സ്ത്രീജിതനായ ഒരു വിടന്റെ രൂപം കൂടി നാല്പതിനോടടുക്കുന്ന ആ മനുഷ്യനിൽ ഒരിക്കലും തനിക്കു കാണാൻ കഴിഞ്ഞിരുന്നില്ല., കൂടെ നഗരത്തിലെ ഏറ്റവും കൂടുതൽ ബ്ലൂ ഫിലിം കാസറ്റുകളുടെയും സിഡികളുടെയും ശേഖരമുള്ള ഒരു വ്യക്തിയെന്ന അവിശ്വസനീയമായ അറിവും.താൻ തുറന്നിട്ടു കൊടുത്ത ജാലകങ്ങളിലൂടെ അയാൾ, അയാൾക്കു വേണ്ട ലോകത്തെ ആസക്തിയോടെ ആസ്വദിയ്കുന്ന കാലങ്ങളായിരുന്നു.



“താൻ ചെയ്തതു ഒരു നല്ലകാര്യമാ..., ഞങ്ങളുടെ ശല്യം കുറഞ്ഞു...”



വീഡിയോ ലൈബ്രരിക്കാരനായ സുഹൃത്ത് നന്ദിയോടെ ചിരിച്ചു കൊണ്ടറിയിച്ചു.



“ഇവിടെ വന്നിരിയ്കുന്നത് ,ഞങ്ങൾക്ക് കൂടി കുറച്ചിലാ............ഞങ്ങൾക്കും ഈ ഇടപാടായെന്നു കരുതും....”



പോലീസ്സുകാരെ കണ്ടാൽ മുട്ടുക്കുട്ടിയിടിയ്കുന്ന അവൻ തുടർന്നു.



ഒരാഴ്ചയോളം കുടിച്ച ബീയറിലെ ആൾക്കഹോളിന്റെ ലഹരി തലയ്കു ഇരച്ചു കയറുന്നതായി തോന്നി.താൻ കണ്ട ബ്ലൂ ഫില്ലിമുകളിലെ പ്രയോഗങ്ങളെ സ്വന്തം കിടപ്പുമുറിയിൽ പരീക്ഷിച്ച അതിന്റെ ആസ്വാദനം വിളമ്പുന്ന അയാളുടെ വീരസ്യങ്ങളെ അവിവാഹിതരെങ്കിലും അവർക്കു വെറുപ്പായിരുന്നു, സൌഹൃദങ്ങൾ വെറും കച്ചവടപരവും. അതിനു ശേഷം എന്തോ....



വിവാഹിതനും രണ്ട് പെൺക്കുട്ടികളുടെ അച്ഛനുമായ അയാളെ കുറിച്ച്, ചിന്തിയ്കാൻ മനസ്സിൽ പിന്നീട് ഒരവസരവുമുണ്ടായില്ല.



ഇവിടെ ഈ ചിന്തകളിലൂടെയുള്ള യാത്രകളിൽ മധ്യവയസ്സനായ സഹപ്രവർത്തകന്റെ പെൺ‌മക്കളുടെ നിർഭാഗ്യങ്ങളുടെ വ്യാകുലതകളിലേയ്ക് ഒരു സ്ത്രീജിതനായ മനുഷ്യന്റെ ഭാര്യയുടെ മുഖം കയറി വരുന്നതെന്നെ കുടുതൽ അസ്വസ്ഥമാക്കാൻ തുടങ്ങി.നിർഭാഗ്യങ്ങളുടെ നിർവ്വചനങ്ങൾ മാറുന്നത് എങ്ങനെ എന്നുള്ള എന്റെ തന്നെയുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയായി കിട്ടുന്ന ദീർഘനിശ്വാസങ്ങൾക്ക് പതിവിലേറെ ചൂടുണ്ടായിരുന്നു.കാഴ്ചകൾ നഷ്ടമാവുന്നവനു സൂചിയിൽ നൂൽ കോർക്കുന്നതുപോലെ ഈ അസഹ്യത എവിടെയെങ്കിലുമൊന്നിറക്കിവെക്കാനുള്ള ശ്രമത്തിലായിരുന്നു.



ഈറൻ തലമുടി അടുക്കളയിൽ വെച്ച് ഒന്നു കൂടി തോർത്തി നനഞ്ഞ തോർത്തു കൊണ്ട് ചുറ്റികെട്ടിയതിനു വഴക്കു പറഞ്ഞ ഒരു അവധി ദിവസത്തിലെ പാചകത്തിനിടെയാണ് തനിയ്കു മാത്രം സ്വന്തമായിരുന്ന , ഈ അസ്വസ്ഥതയെ അവളോട് പങ്കു വെച്ചത്.കൂടെ വിവാഹ ശേഷം പർദ്ദ ധരിയ്ക്കാനാരംഭിച്ച അവളുടെ മുസ്ലീം സുഹൃത്തു സംസ്സാരവിഷയമായി.



“പൊളുന്ന അനുഭവങ്ങളിലൂടെ ജീവിതം നയിയ്കാൻ വിധിയ്കപ്പെട്ടവരാണിവർ, അവരെ...തന്നെ വേണോ.....”



മീൻ‌കറിയിലേയ്ക് മൂപ്പിച്ച ഉള്ളിയിടുമ്പോഴാണ് അവൾ ചോദിച്ചത്. തുടർന്നു അവളുടെ അമ്മയുടെ സഹപ്രവർത്തകയായിരുന്ന മാലതി ടീച്ചറുടെ പിറ്റേന്നു നടക്കാനിരിയ്കുന്ന വിവാഹ മോചനത്തിന്റെ വിശേഷങ്ങൾ പറഞ്ഞു, റിട്ടയർ ചെയ്യാൻ രണ്ടു വർഷങ്ങൾ കൂടി ബാക്കി നിൽക്കേ, Voluntary retirement എടുത്ത് അവസാനത്തെ മകളുടെ വിവാഹം നടത്തി അതിനു ശേഷം ആറുമാസത്തിനുള്ളിൽ വിവാഹ മോചനത്തിനു Joint petiotion ന ൽകി 24 വർഷത്തെ ദാമ്പത്യത്തെ ഒഴിവാക്കാൻ ശ്രമിയ്കുന്ന വിവരമറിയിച്ചത്...



“ഈ വയസ്സു കാലത്താണോ...”



പെട്ടന്നായിരുന്നു എന്റെ പ്രതികരണം.



“മാലതി ടീച്ചർ ഏറെ അനുഭവിച്ചിരിയ്കുണൂ.....ആ മക്കളെയോർത്ത് മാത്രാണ് അവർ പിടിച്ചു നിന്നിരുന്നത്,.......... under qualified ആയതിന്റെ complex ആണ് അവരുടെ ഭർത്താവിന് , ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളും അങ്ങനെ കാണാൻ തുടങ്ങി...............”



അസഹ്യമായ ദാമ്പത്യത്തിന്റെ കാൽ നൂറ്റാണ്ടിന്റെ അനുഭവങ്ങളിലൂടെ കടന്നു പോയിട്ടും മാലതി ടീച്ചർക്കു , ഒരു പക്ഷെ എന്റെ മധ്യവയസ്സനായ സഹപ്രവർത്തകനായ കൂട്ടുകാരന്റെ സഹപാഠിയുടെ മുഖമായിരിയ്കില്ലെന്ന തോന്നലാണ് പെട്ടന്നുണ്ടായത്. ഈ കാലത്തിനിടയിലും കടന്നു പോയ ഓരോ ദിനങ്ങളിലും ഒരു വെറും സ്ത്രീമാത്രമായി, സഹിച്ച് , അനുഭവിച്ച , നിവർത്തിയില്ലാതെ സഹകരിച്ച് ,വീണ്ടും തന്റെ ആർജ്ജവമുൾകൊണ്ട് തന്റെ വ്യക്തിത്വത്തെ ഹനിയ്കുന്നത് ജീവിതത്തിന്റെ സായന്തത്തിലെങ്കിലും ഒഴിവാക്കാനുള്ള ഒരു പരുവപ്പെടലിനെ വല്ലാതെ മാനസ്സികമായി ആഘർഷിച്ചതു കൊണ്ടായിരിയ്കണം.



സ്പൂൺ കൊണ്ട് ലേശം കറിയെടുത്ത് ഊതി ചൂടാറ്റി എന്റെ കയ്യിലേയ്ക് ഉപ്പുനോക്കാനൊഴിച്ചു തരുമ്പൊൾ അവൾ തുടർന്നു.



“വിവാഹ ശേഷം ചിലർ മനസ്സിലൊരു പർദ്ദയിടുന്നു, ചിലർ അത് ശരീരത്തിലിടുന്നു. തത്വത്തിൽ ആരും വ്യത്യാസമൊന്നുമില്ല.”



തന്നെയൊന്നു നോക്കി പുഞ്ചിരിച്ചു, കളിയാക്കലിന്റെ ധ്വനിയോടെയോ, അതൊ തനിയ്കു തോന്നിയതോയെന്നറിയില്ല. കുളി കഴിഞ്ഞു തലയിൽ ചുറ്റിയ നനഞ്ഞ തോർത്ത് അഴിഞ്ഞു വീണപ്പോൾ സ്പൂൺ പാത്രം കഴുകന്നിടത്തു വെച്ച് , തലയൊന്നു തോർത്തി ഒന്നു കൂടി ചുറ്റി കെട്ടി.



“നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടില്ലേ...അടുക്കളയിൽ നിന്നും തലതോർത്തരുതെന്ന്.....”



അനുസരണകളുടെ പരിധികൾ ലംഘിച്ചതിന്റെ മുന്നറിയിപ്പുകൾ നൽക്കുമ്പോൾ എന്തിനു ദേഷ്യം വന്നുവെന്നറിയില്ല.



ജീവിതത്തെ നെടുകെയും കുറുകെയും കീറുന്ന നിരവധി യാത്രകളിലൂടെ ആർക്കും ഒരു ചലനവുമുണ്ടാക്കാ‍നാവാത്ത നീങ്ങുന്നത് നമ്മൾ ഒരു പക്ഷേ നിസംഗതയോടെ നോക്കിനിൽക്കേണ്ടിവരും.ജീവിതതിരക്കുകളിൽ എവിടെയോ തണുത്തുറഞ്ഞു പോയ ആശയത്തെ കുറിച്ച് പിന്നീട് അവൾ തന്നെയാണ് തന്നെയോർമ്മിപ്പിച്ചത്. സർഗ്ഗാത്‌മതയെന്നാൽ കമ്പ്യൂട്ടറുകൾ Dismantle & assemble ചെയ്യുന്നതുമാത്രമെല്ലെന്നു,കാസറ്റ് കവിതകൾ കേൾക്കുമ്പോഴും, ഓൺ ലൈൻ വായനകൾ മുരടിയ്കുമ്പൊഴും അവൾ ഇടയ്കിടെ ഓർമ്മിപ്പിയ്കുമായിരുന്നു ഈ ആശയം പറഞ്ഞതിന്റെ പുരോഗതി.



ഒരു സർഗ്ഗസൃഷ്ടി വായിയ്ക്കാനല്ലെന്നുറപ്പ്. പെൺ നിർഭാഗ്യങ്ങളുടെ ഒരു ആൺ കാഴ്ചയുടെ ടെക്റ്റായിരുന്നു അവൾക്കു വേണ്ടെതെന്നു തോന്നി.



തൊഴിലിൽ പ്രായോഗികമായി പരീക്ഷിയ്കുന്നതു പോലെ ആ ടെക്റ്റിനു വേണ്ടി മനസ്സിലൊരു flow chart വരച്ചു നോക്കി, ഏതൊ ഒരു എഴുത്തുകാരൻ പറഞ്ഞതു പോലെ അവസാനത്തെ റിസൽറ്റ് കണ്ട് അതിലേയ്ക് കാര്യങ്ങളെയെത്തിയ്കാൻ ശ്രമിയ്കുന്ന രീതി ശ്രമിച്ചു. മാലതി ടീച്ചറുടെ അനുഭവമാവട്ടെ നായികയ്ക് അവസാനമെന്നു കരുതി, ആരംഭിച്ചു.



സഹപ്രവർത്തകന്റെ മിടുക്കിയായ മകളെയെടുത്ത് flowchart-ൽ അവളുടെ ജീവിതം വരയ്കാമെന്നു തീരുമാനിച്ചു, infomationനെ dataയായി ശേഖരിച്ചു വെയ്കുന്നതിനായി പ്രോഗ്രാമുകളുടെ പ്ലാനെന്ന ജാതകത്തിലൂടെ അവളെ input ചെയ്തു. ആദ്യത്തെ process box-ൽ സ്മാർട്ടായ വിദ്യാഭാസകാലത്തിൽ തന്നെ ,നീണ്ട ഒരു വര താഴെ വരച്ച് ഉന്നത കുടുംബത്തിലേയ്കുള്ള വിവാഹം.“ വിവാഹം “എന്ന ഒരു Decision box നുള്ളിലേയ്കു കയറ്റി, “yes“ എന്നാണെങ്കിൽ അടുത്ത process box-ലേക്കു നീങ്ങാം, “no“ എന്നാണെങ്കിൽ ഒരു ദീർഘരേഖയായി.....end result-ലേക്ക്..അവിടെ വിവാഹമോചിതയായ സ്വാന്തത്ര്യത്തോടെ നിൽക്കുന്ന മാലതി ടീച്ചറുടെ സ്വഭാവത്തോടെയുള്ള കഥാപാത്രം, കൂടെ അടിക്കുറിപ്പും “അപൂർണ്ണതയുടെ പെൺ ജീവിതം.“



“yes"-ലേക്ക് വീണ്ടു വരുമ്പോൾ, ജയരാജേട്ടന്റെ സ്വഭാവമുള്ള കഥപാത്രം , മിടുക്കിയായ പെൺകൂട്ടിയുടെ ജീവിതത്തിന്റെ flowchart-ലേക്കു വരുന്നു. അടുത്ത process box-ൽ അവരുടെ ദാമ്പത്യ ജീവിതം, അടുത്ത നേർ‌രേഖ വീണ്ടും ഒരു decision box-ലേക്കു “ദാമ്പത്യ ജീവിതം വിജയമോ പരാജയമോ “ ."yes" ആണെങ്കിൽ പതിവു പൊലെ അടുത്ത process box-ലേയ്ക്ക്, “ No" ആണെങ്കിൽ,end result-ലേക്ക് നേരത്തെ വരച്ച “ No" എന്ന ദീർഘരേഖയിലേക്ക്.

"yes" ആണെങ്കിൽ ഉള്ള process box-ൽ നിന്നും, അടുത്ത decision box-ലേക്ക് അവിടെ “ദാമ്പത്യത്തിൽ അവൾ വിദ്യാഭാസ യോഗ്യതയൊ, മിടുക്കുകളോ പരിഗണിയ്ക്കാതെ ഒരു വെറും ഉദ്യോഗസ്ഥയായ വീട്ടമമാത്രമായി തീരുന്നുവോ“ എന്ന ചോദ്യം, “no" എന്നാണെങ്കിൽ അവിടെ നിന്നും,അസഹ്യമായ ദാമ്പത്യ ജീവിതമെന്ന process box-ലേക്ക്, അവിടെനിന്നുള്ള തുടർച്ച മാലതി ടീച്ചറുടെ കഥാപാത്രത്തിലേയ്കും. അഥവാ “ yes " എന്നാണെങ്കിൽ ,“ സന്തുഷ്ടകരമായ കുടുംബ ജീവിത“മെന്ന process box ൽ അവസാനിയ്കുന്നു.



ഒരു സംസ്കൃതമായ അവസ്ഥയെ അസംസ്കൃതമായ തലത്തിലേയ്കു നയിക്കുന്ന അധികമാരും സംസ്സാരിയ്കാത്ത കഥയുടെ ജാതകം നിശ്ചയിച്ച്, പ്ലോട്ടിങ്ങ് കണ്ടെത്തുമ്പോൾ, കടന്നു പൊയ കണ്ണുകൾ ആരുടെതെല്ലാമാണ്,വിദ്യാഭാസ കാലത്ത് വിവാഹം കഴിഞ്ഞ് പോസ്റ്റ് ഗ്രാജുവേഷൻ ഇനിയും ജയിക്കാത്ത അനിയത്തിയും, മുത്തശ്ശൻ പറയുന്നവർക്കുമാത്രം വോട്ടു ചെയ്യാനാഗ്രഹിയ്കുന്ന മുത്തശ്ശി മുതൽ ചൂതാട്ടക്കാരനായ ഭർത്താവിനെ അനുസരിയ്ക്കാത്ത ധാർഷ്ട്യം നിറഞ്ഞ കണ്ണുകളുടെ മാത്രം പുരുഷന്മാരെ നോക്കി കാണുന്ന മേലധികാരി വരെ....അങ്ങനെ നിരവധി പേർ...



അവസാനം അവധി ദിനത്തിൽ അവളുടെയും മോന്റെയും ഉച്ചമയക്കം സമയത്ത് എഴുതാനാരംഭിച്ചു.



“പരീക്ഷയ്കു മുമ്പേ കല്ല്യാണത്തിനു സമ്മതിച്ചത്, അവൾക്കു അബദ്ധമായി തോന്നി, ഒരു മാസത്തിലേറെയായി, പുതു മോടിയുടെ വേദനകൾ അനുഭവിക്കുന്നു, അപരിചിതമായ സ്രവങ്ങൾ ശരീരത്തിലുണ്ടാക്കിയ ജീർണ്ണത നേരിയ പനിയുടെ രൂപത്തിൽ അലോസരപ്പെടുത്തുന്നു. ചില നേരങ്ങളിൽ ചിലതൊക്കെ അസഹ്യമായി തോന്നും, നാളെത്തേക്ക് കാര്യമായി ഒന്നും വായിച്ചിട്ടില്ല, രണ്ടു വർഷത്തെ പ്രയത്നമാണ്, ആദ്യവ ർഷത്തിൽ റാങ്കുണ്ടായിരുന്നു അതു നിലനിർത്തിയേ പറ്റൂ.... ഇന്നു രാത്രിയെങ്കിലും എന്തെങ്കിലും വായിയ്കണം, സമ്മതിയ്കുമൊയെന്നറിയില്ല പറഞ്ഞാലിഷ്ടപ്പെടുമോയെന്നു അറിയില്ല, എന്നാലുമൊന്നു പറഞ്ഞു നോക്കണം.

ബാത്ത് റൂമിന്റെ വാതിൽ തുറന്നും പുറത്തു വന്നു. അവൾ പ്രതീക്ഷയൊടെ അയാളെ നോക്കി.

തന്റെ പ്രൊജക്ടും,വർക്കിങ്ങ് നോട്ടുകളും വച്ചിരിയ്കുന്ന ലാപ്പ് ടോപ്പ് കമ്പ്യൂട്ടർ മടിയിൽ വെച്ച് അയാൾ എന്തോ കണ്ട് മന്ദസ്മിതത്തൊടെയിരിക്കുന്നു. കുളിയ്കാൻ കയറുന്നതിനു മുമ്പ് ഒന്നു കണ്ണോടിയ്കാൻ തുറന്നതായിരുന്നു. ആദ്യവർഷത്തിലെ ഉന്നത വിജയത്തിന്റെ അച് ഛന്റെ സമ്മാനം.

അവൾ കാൽക്കൽ ചെന്നിരുന്നു സ്നേഹപൂർവ്വം അയാളുടെ കാൽ തടവികൊടുത്തുകൊണ്ട്, കാര്യമവതരിപ്പിച്ചു.



മുപ്പത്തിനാലു രാത്രികളുടെ പരിചയത്തിൽ അയാളെ കൊണ്ട് അർദ്ധസമ്മതം മൂളിയ്ക്കാനവൾക്കു കഴിഞ്ഞു. പക്ഷെ ഇന്നു രാത്രി ഒരു തവണ മാ‍ത്രം അയാളുടെ ആഗ്രഹപ്രകാരമെന്ന ഉപാധിയൊടെ സമ്മതിച്ച്, ലാപ്പ് ടോപ്പ് കമ്പ്യൂട്ടർ തിരിച്ചു വെച്ചു അറുപത്തിനാലുകലകളിൽ ഒന്നിന്റെ വീഡിയോ ക്ലിപ്പിങ്ങ്സ് കാണിച്ചു...........



പരീക്ഷാഹാളിൽ അറിയാവുന്ന ഉത്തരങ്ങൾ മനസ്സിൽ നിന്നും വിരൽ തുമ്പിലേയ്കൊഴുകാൻ വെമ്പുന്ന വേളയിൽ, നട്ടെല്ലിലൂടെ കടന്നു വന്ന വേദന വലതു കയ്യിലൂടെ ഊർന്നു വീഴുന്ന അക്ഷരങ്ങളെ തുടർന്നെഴുതാൻ സമ്മതിയ്കാതെ മരവിപ്പിച്ചു നിർത്തുന്നതായി അവൾക്കു തോന്നി...“



ഉച്ചമയക്കത്തിനിടെയുണ്ടാകുന്ന മൊബൈൽ ഫോൺ റിങ്ങിനെ പോലെ അവിചാരിതമായി Desktop ലേക്കു ചാടി വന്ന ചാറ്റ് ഇൻവിറ്റേഷനിൽ പരിചിതമായ പേരു കണ്ടപ്പോൾ accept ചെയ്തു. കോളെജിലെ സഹപാഠി.



ജിൻസി സൈമൺ....... ആരോഗ്യകരമായ നിറസൌഹൃദത്തിനു കത്തിച്ചു വെക്കനാവുന്ന ഒരു കൽ‌വിളക്ക്.കലാലയത്തിലെ ഏറ്റവും അടുത്ത പെൺ സുഹൃത്ത്, ആശയത്തെ കുറിച്ച് അവളോടു കൂടി ചർച്ചചെയ്യാമെന്നു കരുതി.



രണ്ട് വർഷത്തിനു മുമ്പുള്ള കല്ല്യാണത്തിനു ശേഷം ജിൻസി കൃസ്റ്റിയായിരുന്നു, ആ പേരിലാണ്. ഇത്രയും കാലം ചാറ്റിങ്ങിലിരുന്നത്.



നേരിട്ടുള്ളതല്ലാത്തതിനാൽ മുഖം മുറിച്ചു മറുപടി നൽകിയ chat box-ൽ നിന്നും നാലുവരി..



Jincy Simon to me

3:30 PM me : എന്താ സിമി കാലം പിന്നോട്ടു പോയോ , ഭർത്താവിന്റെ പേരു മാറി പിതാജിയുടെ പേരു വന്നല്ലോ വാലായി...

Jincy Simon : ഭർത്താവിനെ ഞാൻ എന്റെ ജീവിതത്തിൽ നിന്നെടുത്തു മാറ്റി

3:32 PM me:- എന്തു പറ്റി

3:35 PM Jincy Simon :- അത്രക്കും അസഹനീയമായിരുന്നെഡോ...

me:- ഒഹ്

Jincy Simon :- പെണ്ണിനെ ശരീരം മാത്രമായി കാണുന്നവൻ, അവനു എന്റെ ശരീരം മാത്രം മതി, അത്രയ്ക്കും അസഹനീയമാ‍യപ്പോൾ..വേറെ നിവൃത്തിയുണ്ടായില്ല ഒഴിവാക്കുകയല്ലാതെ...

3:38 PM me:- പള്ളിയിൽ നിന്നും ,കോടതിയിൽ നിന്നുമുള്ള ഔപചാരിതകളെല്ലാം കഴിഞ്ഞോ, ദൈവം കൂട്ടി ചേർത്തതല്ലേ..

Jincy Simon :- സാത്താ‍നായിരുന്നു ഞങ്ങളെ കൂട്ടി ചേർത്തത് , അതു കൊണ്ട് സാത്താ‍നോടു തന്നെ പറഞ്ഞു. ദൈവത്തിനോടു ഏറെ പറഞ്ഞു വിഷമിപ്പിച്ചില്ല

3:40 PM me:- മനസ്സില്ലായില്ല...സിമി

3:43 PM Jincy Simon :- നഗരത്തിലെ ഗുണ്ടക്കൊരു ക്വട്ടേഷൻ..., അവൻ സാത്തന്റെ രൂപം കെട്ടി, ആരുമറിയാതെ...ഒരു ആക്സിഡണ്ട്.

me:- നിനക്ക്..

3:44 PM Jincy Simon :- പപ്പയായിരുന്നു, എല്ലാം അറേഞ്ച് ചെയ്തതു , പുള്ളിക്കെല്ലാം ബോധ്യമായിരുന്നു.

me:- എന്നാലും നിങ്ങക്ക് എങ്ങനെ സാധിക്കുന്നു.

3:45 PM Jincy Simon :- അനുഭവിക്കുമ്പോൾ .....വേറെ വഴിയില്ലെന്നും തോന്നുമ്പോൾ തെളിഞ്ഞു പോവഴികളാണിതൊക്കെ...

me:- ഇനി എന്താ...പരിപ്പാടി..

3:47 PM Jincy Simon :- നഷ്ടമായ രണ്ടു വർഷം തിരിച്ചെടുക്കണം, പിന്നെയും ....ബാക്കിയുണ്ട്, പലതും...




വെറുങ്ങലിച്ചു പോയ വാക്കുകൾ പെയ്തിറങ്ങുന്ന ചാറ്റ് ബോക്സിന്റെ തുടർച്ച ചേർക്കേണ്ടതു ആവശ്യമെന്നു തോന്നുന്നില്ല. പിന്നെയും പറഞ്ഞു, അവൾ നഷ്ടമായ ആരോഗ്യം ,അവന്റെ ഭോഗതൃഷണയിൽ അലിഞ്ഞില്ലാതായ അവളുടെ അടിവയറ്റിലുണ്ടായ കുരുന്നു ജീവനുകൾ, അസന്തുലിതവും അസഹിഷ്ണുതയും നഷ്ടപ്പെടുത്തിയ നല്ല ബന്ധങ്ങൾ..............അവൾ തുടരുക തന്നെയായിരുന്നു.



വേനൽ മഴ തണ്ണുപ്പിച്ച ഈ നേരത്തും അസ്വസ്ഥതയൊടെ ഞാനുരുകാൻ തുടങ്ങി, പ്രത്യയ ശാസ്ത്രങ്ങൾക്കും ദർശനങ്ങൾക്കും ബൌദ്ധിക സമസ്യകൾക്കും അടിയിലോ അല്ലെങ്കിൽ മീതെയോ വ്യാപിച്ചു കിടക്കുന്ന സത്തായി മാത്രം ജീവിതത്തെ കണ്ടിരുന്ന തന്റെ കാഴ്ചകളെ നിരാകരിക്കുന്ന ഈ ചാറ്റിങ്ങിനു ശേഷം flow chartലൂടെ ജാതകമെഴുതി, എഴുതാനാരംഭിച്ച കഥയെ അവിടെ വെച്ചു. അതിൽ ജിൻസിക്കുള്ള സ്ഥാ‍നമന്വേഷിച്ചു, ഒരു എഴുത്തുകാരനല്ലെങ്കിലും ഒറ്റപ്പെടുന്ന നിമിഷങ്ങളിൽ ശങ്കിച്ചു ശങ്കിച്ചു കടന്നു വരുന്ന ചില അങ്കുരങ്ങളെ തൊട്ടറിഞ്ഞു കൊണ്ട് ജീവിയ്കുന്ന, അല്ലെങ്കിൽ അവയോടൊപ്പം ജീവിയ്കുന്ന തനിയ്ക് ഒരു കഥാപാത്രത്തെപോലും ജിൻസിയെപ്പൊലെ ചിന്തിയ്കനാക്കനായില്ല, ഏറെ ശ്രമിച്ചു നോക്കി നിരാശതന്നെയായിരുന്നു ഫലം.പതിയെ പതിയെ നേരത്തെ എഴുതാനിരുന്നപ്പോൾ ഞാനെന്ന രണ്ടാം മനസ്സു എവിടെയോ പോയിരിക്കുന്നു. flow chat-ൽ നിന്നും കഥയിൽ നിന്നും ജീവിതത്തിന്റെ നിസ്സഹമായ യാഥാർത്ഥ്യങ്ങളിലേയ്ക് ഇനിയൊരിക്കലും തിരിച്ചെടുക്കാനാവാതെ...



കാലം തിരസ്കരിച്ച നെടുവീർപ്പുകളെ കുറിച്ച് നിങ്ങൾക്കു വേണമെങ്കിൽ ഈ flowchart വിശകലനം ചെയ്തു കഥയെഴുതി തീർക്കാം, അല്ലെങ്കിൽ നിസ്സഹായനായി മാറി നിൽക്കാം,മേശപ്പുറത്ത് ,തുറന്നു വെച്ച പേനയും ലെറ്റർ ഹെഡിൽ പാതിയെഴുതിയ കഥയുമുണ്ട്, ആശയങ്ങൾക്കോ, അംഗീകാരങ്ങൾക്കൊ അവകാശം പറഞ്ഞു വരാതെ വെറുമൊരു വായനക്കാരനായി കൂടെയുണ്ടാവും.........