“എനിയ്കു താല്പര്യമില്ല........ഇതു പോലൊരു സ്യൂഡോ സെക്കുലര്‍ പരാതി എഴുതി കൊടുത്താലൊന്നും തീരുന്ന പ്രശ്നമല്ല ഇത്...അതു കൊണ്ട് ക്ഷമിയ്കണം...”
നല്ല കോണ്‍ വെന്റ് ഇംഗ്ലീഷില്‍ അവളുടെ മറുപടി message box-ല്‍ വന്നു.
“നമ്മുക്കാവുന്നതെങ്കിലും ചെയ്യേണ്ടേ..“ എന്നു തിരിച്ചു മംഗ്ലീഷില്‍ കുറിപ്പിട്ടു.
വടക്കേ ഇന്ത്യയിലെ ന്യൂനപക്ഷ ആക്രമങ്ങള്‍ക്കെതിരെ രാഷ്ട്രപതിയ്കുള്ള ഓണ്‍ലൈന്‍ പരാതിയുടെ ലിങ്ക് അയച്ചു കൊടുത്തപ്പോഴുണ്ടായ അവളുടെ പ്രതികരണമാണ്.
" ന്യൂനപക്ഷങ്ങളെ സുഖിപ്പിയ്ക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കരുത് , 61 വര്‍ഷമായി ഇനിയും ഒരുമിച്ചു ജീവിയ്ക്കാനറിയാത്ത ജനതയുടെ പ്രഥമ വനിതയ്ക് ഇത്തരമൊരു പരാതി നല്‍കുന്നതിനാണോ നിങ്ങളുടെ താല്പര്യം ?, അതോ ഇതിന്റെ പ്രചരണം വഴി കുറച്ചു അച്ചായന്‍ സഖാക്കന്മാരെ ചുളുവിലുണ്ടാക്കാനോ..”
വാക്കുകളിലെ ആത്മരോഷം മനസ്സിലാക്കികൊണ്ട് തന്നെ മറുപടിയെഴുതിയിട്ടു.
“തന്റെ ആന്റി സിസ്റ്റര്‍ ആഗ്നസ് ഡോക്ടറായി സേവനമനുഷ്ഠിയ്കുന്നത് ഈ പ്രശ്ന ബാധിത പ്രദേശങ്ങളില്‍ തന്നെയല്ലേ..?”
“അവരുടെ കാര്യം നോക്കാന്‍ അവര്‍ക്കറിയാം ....പിന്നെ എന്റെ കുടുംബാംഗങ്ങളുടെ കാര്യത്തില്‍ മേനോന്‍ സഖാവിന്റെ ഇത്ര താല്പര്യത്തിനുള്ളകാരണമെന്തെന്നും മനസ്സിലായില്ല....”
ഇത് അവളുടെ സ്വഭാവമാണ് താല്പര്യമില്ലാത്ത കാര്യങ്ങള്‍ക്ക് നൂറ് കുറ്റങ്ങള്‍ കണ്ടുപിടിയ്കും, പക്ഷെ തന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തതിലേറെ , തന്നെ അവളുടെ “മേനോനെ“യെന്നുള്ള സംബോധന വല്ലാതെ തന്നെ പ്രകോപിപ്പിച്ചതായി അയാള്‍ക്കു തോന്നി, വളരെ ആത്മാര്‍ത്ഥതയോടെ ചെയ്ത ഒരു പ്രവത്തിയെ സംശയിച്ചതിനെ തെറ്റിദ്ധരിച്ചതിലേറെ, തന്നെ അവള്‍ ഇത്തരത്തില്‍ മനസ്സിലാക്കിയതില്‍ വിഷമവും.വിവാഹം കഴിഞ്ഞു വര്‍ഷം രണ്ടു കഴിയാറായിട്ടും അവളക്കെന്നെ ഇങ്ങനെ അറിയാനേ കഴിഞ്ഞുള്ളൂ എന്ന സംശയവും തോന്നിപ്പോയി.
കുറച്ചു നേരത്തേയ്ക്ക് ഒന്നു ചെയ്യാന്‍ തോന്നിയില്ല , കമ്പ്യൂട്ടര്‍ ലോഗ് ഓഫ് ചെയ്ത് സീറ്റില്‍ നിന്നെഴുന്നേറ്റ് ഓഫീസിനകത്തു പുറത്തിറങ്ങി, റമദാന്‍ കാലമായതിനാല്‍ അമുസ്ലീമായ താനു രണ്ടു പേരും മാത്രമേ ഒഫീസ്സിലുള്ളൂ. കാന്റീന്‍ അവധിയായതിനാല്‍ ചായവേണമെങ്കില്‍ സ്വയം ഉണ്ടാക്കണം അതിനായി കിച്ചണിലേയ്കു നടന്നു. നടക്കുമ്പോള്‍ ആലോചന മുഴുവന്‍ കുടുംബത്തിലാര്‍ക്കുമില്ലാത്ത ജാതിവാല്‍ എങ്ങനെയാണു തന്റെ പേരിനു ശേഷം വന്നു ചേര്‍ന്നതിനെ കുറിച്ചായിരുന്നു ,ഇടതു പക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പതിയെ സ്വീകാര്യമായികൊണ്ടിരിയ്കുന്ന തൊണ്ണൂറുകളുടെ അവസാനകാലത്ത് N.S.S മാനേജ് മെന്റിന്റെ കോളെജില്‍ നിന്നും ഒരു യു.യു.സി വേണമെന്നുള്ള നിര്‍ബന്ധം അന്നത്തെ ജില്ലാ നേതാവായ എം.ബി.രാജേഷിന്റെ തായിരുന്നു. അതും തന്റെ പ്രവര്‍ത്തന പരിധിയില്‍ നിന്നും തന്നെവേണമെന്ന നിര്‍ബന്ധം, യൂണിറ്റിലെ ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിയ്കുന്ന താന്‍ തന്നെയാവണമെന്ന തീരുമാനവും., ആദര്‍ശങ്ങളെക്കാളേറെ ഗ്ലാമറിനും ജാതിയ്കും മതത്തിനും എന്തിനേറെ കുടുംബ മഹാത്മ്യത്തിനു വരെ പ്രാധാന്യമുള്ള ക്യാമ്പസില്‍ രാജേഷിന്റെ ചില്ലറ പൊടിക്കൈകളില്‍ ഒന്നു മാത്രമായിരുന്നു അത്.
ശ്രീകാന്ത് കയറാട്ട് ,അങ്ങനെ ശ്രീകാന്ത്. കെ.മേനോനായി.
“എന്‍ .എസ്.എസ്സിന്റെ കോളേജല്ലേ ഇവിടെ പെണ്‍കുട്ടികളുടെ വേട്ടു കിട്ടാന്‍ ഇതൊക്കെയുള്ളൂ ഒരു വഴി....”
മറുഭാഗത്ത്, കെ.എസ്സ്.യുവും മറ്റ് എല്ലാ സംഘടനകളും, ചെയര്‍മാനെക്കളേറെ മത്സരം യു.യു.സിയ്കാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇത് ഒരു സഹായമായിരിയ്കുമെന്ന് തോന്നി.
തിരഞ്ഞെടുപ്പ് നോട്ടീസ്സ് കണ്ട അച് ഛന്‍ ഒന്നേ പറഞ്ഞുള്ളൂ.
” ഈ ജാതി വാലിന്റെ അറ്റം നോക്കിയാല്‍ പോയാല്‍ കാണുന്നത് ഒരു വലിയ തണലാണ് അതിന്റെ ആലസ്യത്തില്‍ മയങ്ങിപോവരുത് , ഈ ക്യാമ്പസ്സിനു പുറത്തും നിന്നെ കാത്തിരിയ്കുന്ന ഒരു ലോകമുണ്ട് അതു മറക്കേണ്ട “
പറഞ്ഞതിന്റ അര്‍ത്ഥം മനസ്സിലാക്കാന്‍ വര്‍ഷങ്ങളെടുത്തു, പ്രതിനിധീകരിയ്കൂന്ന വിശ്വാസങ്ങളും അതു നടപ്പാക്കേണ്ട വ്യക്തികള്‍ അറിയപ്പെടേണ്ട രീതിയിലുമുള്ള പരസ്പരവിരുദ്ധത, പിന്നെ അച്ഛന്റെ പുച്ഛം കലര്‍ന്ന ഉപദേശവും
“ സ്വന്തം പേരിലറിയപ്പെടാന്‍ ശ്രമിയ്കഡോ...അല്ലാതെ..”
അന്നൊക്കെ മുതലാണെന്നു തോന്നുന്നു ഈ വാല്‍ ഒരു ഭാരമായി ഫീല്‍ ചെയ്യാന്‍ തുടങ്ങിയത്.ഇതൊക്കെ മനസ്സിലാക്കിയിട്ടാവും അച് ഛന്‍ ഞങ്ങളുടെ പേരില്‍ നിന്നും ജാതിയെ ഒഴിവാക്കിതന്നത് , ഈ കാരണമാണ് മുത്തച്ഛനു അച്ഛനുമായ മാനസികമായ അകലത്തിനു കാരണമെന്നു അമ്മമ്മ പറയാറുണ്ട്.ഒരു പക്ഷെ നിരവധി കാരണങ്ങളില്‍ പ്രധാനപ്പെട്ടവ ഇതു ആയിരിയ്ക്കാം
ക്യാമ്പസില്‍ നിന്ന് നേരെ പാസ് പോര്‍ട്ടിലും ഇതാ ഇപ്പോള്‍ ഒഫീഷ്യല്‍ ഐ.ഡിയിലും ഒഴിവാക്കാനാവാത്ത മേനോന്‍ എന്നെ തുടരുന്നു , അത് എന്റെ വിശ്വാസങ്ങളിലൂടെ എനിയ്ക് ഒരു അപഹാസ്യമായി തോന്നുന്നുവെന്നു അവള്‍ക്കറിയാം, അതു കൊണ്ട് ഇടയ്ക് വിളിച്ച് പരിഹസിയ്ക്കാനാണ് അവളുപയോഗിയ്കുന്നത്.
ചായയെടുത്ത് വന്നപ്പോഴെയ്കും ഓഫീസ്സ് കഴിഞ്ഞ് വരുമ്പോള്‍ വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റായിരുന്നു message box മുഴുവനും കൂടാതെ ഇന്നു പള്ളിയില്‍ പേവേണ്ട ദിവസമാണെന്ന ഓര്‍മ്മപെടുത്തലും, അതെല്ലാം ഒരു കടലാസ്സില്‍ കുറിച്ചെടുത്ത് ജോലി തുടര്‍ന്നു.
കൃത്യമായി നിരീക്ഷിയ്കാനാരുമില്ലാത്തതിനാല്‍ നേരത്തെയിറങ്ങി, റോഡ് ശുന്യം പെട്ടന്നു ഫ്ലാറ്റിലെത്താനായി. കാര്‍ പാര്‍ക്ക് ചെയ്ത് ലിഫ്റ്റിലെയ്കു നടക്കുമ്പോള്‍ രണ്ടാമത്തെ നിലയില്‍ താമസിയ്കുന്ന പാസ്റ്റര്‍ ബിനു വരുന്നു, കത്തോലികാ പള്ളിയിലെ പാസ്റ്ററാണ് പള്ളിവക നല്‍കിയ ഫ്ലാറ്റില്‍ ഈ അപ്പാര്‍ട്ടുമെന്റില്‍ തന്നെയാണ് താമസം ഞങ്ങള്‍ നല്ല കൂട്ടുകാരാണ് ഏതാണ്ട് സമപ്രായക്കാരെന്നു പറയാം ഒരു വര്‍ഷം മുമ്പ് ഇവിടെ താമസമുണ്ടായിരുന്നത് പ്രായമായ പാസ്റ്ററായിരുന്നു അദ്ദേഹം പള്ളിയിലേയ്കു താമസം മാറ്റിയപ്പോഴാണ് ബിനു ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റില്‍ എത്തിയത് പാസ്റ്റര്‍ക്കു താല്പര്യം ഷെയര്‍ മാര്‍ക്കറ്റിലാണ്, ഒരു ലഹരി പോലെ ഓഹരി കമ്പോളത്തെ കാണുന്ന പാസ്റ്റര്‍ എനിയ്ക് ആദ്യമൊക്കെ ഒരു അത്ഭുത മായിരുന്നു. ഇന്‍വെസ്റ്റ്മെന്റ് ബാങ്കിലെ ജോലിക്കാരനയതിനാലാവാം പല സംശയങ്ങളും എന്നോടു ചോദിയ്ക്കാറുണ്ട്, മാര്‍ക്കെറ്റ് എങ്ങനെയുണ്ട്, ഉയരാന്‍ സാധ്യതയുള്ള ഓഹരികള്‍ താഴാന്‍ സാധ്യതയുള്ളവ ഏതോക്കെ എന്നൊക്കെയുള്ള നിരവധി ചോദ്യങ്ങളാവും, തന്നെകാള്‍ അപ്പ് ഡേറ്റായുള്ള കക്ഷിയോടാണ് സംസ്സാരിയ്കുന്നെതെന്ന ബോധം ആദ്യമൊന്നു എനിയ്കുണ്ടായിരുന്നില്ല പിന്നീടാണ് മനസ്സിലായത്, ഒരു കൃസ്ത്യന്‍ പെണ്‍ക്കുട്ടിയെ കല്ല്യാണം കഴിച്ച മറ്റു മതവിഭാഗക്കാരനെന്ന താല്പര്യമാണ് എന്നോട് എന്ന് അദ്ദേഹത്തില്‍ നിന്നും ഒരിക്കലും കാണാന്‍ കഴിഞ്ഞിരുന്നില്ല. ഈ വിഷയത്തില്‍ ഒരു പക്ഷെ അപ്പാര്‍ട്ട് മെന്റിലെ മറ്റുള്ള കൃസ്ത്യാനികള്‍ എന്നോടു കാണിയ്കുന്ന താല്പര്യത്തെ ഞാന്‍ തെറ്റിദ്ധരിച്ചതാണോയെന്നറിയില്ല.
“എങ്ങനെയുണ്ട് ശ്രീ മാര്‍ക്കറ്റ്“ അടുത്തെത്തിയപ്പോള്‍ ബിനു ചോദിച്ചു.
“ഒന്നും മനസ്സിലാവുന്നില്ല പാസ്റ്റര്‍ യൂറോപ്യന്‍ മാര്‍ക്കറ്റൊക്കെ വല്ലാതെ താഴെയ്കു പോവുന്നു...”
“ശരിയാ.. എണ്ണയുടെയും സ്വര്‍ണ്ണത്തിന്റെയും വില ഒരുമിച്ച് താഴെയ്ക് പോവുന്നു, ആണവ
കരാറിന്റെയൊന്നു ഇമ്പാക്ട് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കാണാനേയില്ല, ഒരാള്‍ മുങ്ങി പോവുമ്പോള്‍ മറ്റുള്ളവരെയെല്ലാം വലിച്ചു താഴെയ്കിടുന്ന സ്വഭാവം ”
പാസ്റ്റര്‍ തുടരുകയാണ്
കൂടുതല്‍ വിശദീകരിച്ചാല്‍ അവള്‍ വെളിച്ചപ്പെടും കാര്‍ പാര്‍ക്ക് ചെയ്യുന്നതു അവള്‍ ജനാലയിലൂടെ കണ്ടിട്ടുണ്ടാവും, കത്തി കയറുന്നതിനു മുമ്പേ യാത്രപറഞ്ഞൊഴിവാക്കി , ലിഫ്റ്റില്‍ കയറി, വാതില്‍ക്കലെത്തി ഡോര്‍ ബെല്ലടിയ്കുന്നതിനുമുമ്പ് തന്നെ “ വാതില്‍ തുറന്നു കിടക്കുകയാണെന്ന് “ അകത്ത് നിന്ന് അവള്‍ വിളിച്ചു പറഞ്ഞു. ഷൂ ഊരി മാറ്റി ഹാളിലേയ്കു കയറുമ്പോഴെയ്കും അവള്‍ ചാനല്‍ മാറ്റിയിരുന്നു ഒരിയ്കലും എത്തി നോക്കാത്ത ഒരു പൈങ്കിളി സീരിയല്‍ ,
അത്ഭുതത്തോടെ അവളെ നോക്കി ...ഒരു കള്ള ചിരി , എനിയ്ക് പിടി തരില്ലെന്ന വാശിയോടെയുള്ള ചിരി.
റിമോട്ട് ടീപ്പോയില്‍ വെച്ചു അടുക്കളയിലേയ്കു പോവുമ്പോള്‍ ചോദിച്ചു.
“മേനോനു ഒരു ചായയവാം ല്ലേ.....”
അതും അനുകരിയ്കപ്പെട്ട വള്ളുവനാടന്‍ ഭാഷയില്‍
ഒന്നു നോക്കിയതേ ഉള്ളൂ..........വീണ്ടും ആ കള്ള ചിരി തന്നെ , കണ്ണൂകളില്‍ പരിഹാസത്തിന്റെ ഭാവം തന്നെ
അവളുടെ പരിഹാസം വെറുമൊരു തമാശയായാണ് തോന്നിയത്, പിന്നെ സ്വയം ഉള്ളിലൊരു ചിരി വന്നു, റൂമില്‍ പോയി വേഷം മാറിവന്നപ്പോഴെയ്കും , ചായയും അടുത്തിടെ നാട്ടില്‍ നിന്നും വന്ന അയല്‍വാസികളില്‍ ആരോ സമ്മാനിച്ച ചക്ക വറുത്തതും മേശയില്‍ റെഡിയായിരിയ്കുന്നു. വാര്‍ത്തകള്‍ക്കായി ദേശീയ ചാനലുകളിലേയ്കു മാറി ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമങ്ങളെ സംബന്ധിച്ച ചര്‍ച്ച നടക്കുന്നു, മതപരിവര്‍ത്തനത്തെ വിമര്‍ശിയ്കുകയും, ഈ അക്രമണം അവര്‍ ചോദിച്ചു വാങ്ങിയതെന്നുമുള്ള ഹൈന്ദവനേതാക്കളുടെ വാദങ്ങള്‍ ,അവിടുത്തെ ജനങ്ങളുടെ പരിതാപകരമായ അവസ്ഥയെ കുറിച്ചുള്ള മിഷണറിമാരുടെ പ്രസ്താവനകള്‍ , ഇരുവരെയും എതിര്‍ക്കുന്ന ഇടതു പക്ഷവക്താക്കളുടെ പ്രതികരണങ്ങള്‍ , കൂട്ടത്തില്‍ ആര്‍ക്കുമാര്‍ക്കും വ്യക്തമായി ഉത്തരം നല്‍കാനാവാതെ വെളളം കുടിയ്കുന്ന കോണ്‍ഗ്രസ്സുകാരനും. എന്തോ വല്ലാതെ ആരോചകമായി തോന്നി ആര്‍ക്കും വേണ്ടത് പ്രശനപരിഹാരമല്ല എന്നു മനസ്സില്‍ തോന്നി...ആരെ സംതൃപ്തി പെടുത്താനാണീ പ്രകടനം.
പരിതാപകരമായ അവസ്ഥയിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ വലിയ ദണ്ഡുകളുമായി ആക്രമിയ്ക്കാന്‍ വരുന്ന സ്ത്രീകളടക്കമുള്ള ജനകൂട്ടത്തിന്റെ അക്രമോത്സുകത കണ്ടപ്പോളുണ്ടായ ആശ്ചര്യമോ, എന്റെ മുഖത്തെ ഭീതിയോ എന്തെന്നറിയില്ല ,
അവള്‍ വീണ്ടും ചാനല്‍ മാറ്റി സീരിയല്‍ വെച്ചിട്ടു പറഞ്ഞു.
“ഞാനീ സീരിയല്‍ റഗുലറായി കാണുന്നതാ.........വെറുതെ മാറ്റാതെ.. ”റിമോട്ടെടുത്ത് കയ്യില്‍ തന്നെ വെച്ചു.
പരസ്യം വന്നപോള്‍ അവളെ പ്രകോപിപ്പിയ്കനായി ചോദിച്ചു
“ തന്റെ നേതാകന്മാരെന്തു പറഞ്ഞു ഈ അക്രമണത്തെ പറ്റി...”കോണ്‍ഗ്രസ്സ് നോതാവായ അവളുടെ പപ്പയെ കളിയാക്കി കൂടിയാണ് ചോദിച്ചത്.
“നിങ്ങള്‍ കുളം കലക്കി മീന്‍ പിടിയ്ക്മ്പോള്‍ , അവര്‍ കലക്കം മാറാനായി കാത്തിരിയ്കുന്നു.കൃസ്ത്യന്‍ ന്യൂനപക്ഷം വോട്ടുബാങ്കാണെങ്കിലും ജനസംഖ്യാടിസ്ഥാനത്തില്‍ വളരെ പിന്നിലാണ്.....“ മുഖത്തു നോക്കാതെ തീരെ മയമില്ലാത്ത പരിഹാസമായിരുന്നു മറുപടി.
“എന്നാലും അക്രമത്തെ അപലപിയ്കാന്‍ തയ്യാറല്ല...അല്ലേ, ഇടയന്മാര്‍ സി.പി.എം ന്റെ സഹായം തേടുമെന്ന വാര്‍ത്ത കണ്ടിരുന്നു”
“സ്വന്തം കാലിനടിയിലെ മണ്ണിളകി പോവുമ്പോള്‍ പുറത്തു വരുന്ന മനുഷ്യന്റെ ഉള്ളിലെ മൃഗീയത..അതിനെ വര്‍ഗ്ഗീയമെന്നോ രാഷ്ട്രീയമെന്നോ പറയാം......ഇടയന്മാര്‍ക്കു പ്രധാനം അവരുടെ അപ്പവും വീഞ്ഞുമല്ലേ മേനോനെ.. ”
മറുപടി ഇംഗ്ലീഷിലായിരുന്നു , വല്ലാതെ സങ്കടം വരുമ്പോഴും ദേഷ്യം വരുമ്പോഴുമാണവള്‍ മാതൃഭാഷയെ ഒഴിവാക്കുന്നത്. മുഖം തരാതെയിരിയ്കുന്നതു കൊണ്ട് ഇപ്പോള്‍ ഏതു ഭാവമാണെന്നറിയാന്‍ കഴിഞ്ഞില്ല,
തര്‍ക്കം വേണ്ടായെന്നു കരുതി, മിണ്ടാതിരുന്നു.
സീരിയല്‍ കഴിഞ്ഞു, പള്ളിയില്‍ പോവാന്‍ തയ്യാറവാനായി അവളുടെ കൂടെ റൂമിലേയ്കു പോയി, സാധാരണ ഞായറാഴചകളിലോ, മറ്റ് അവധി ദിവസങ്ങളിലോ അവള്‍ പള്ളിയിലേയ്കു പോവാറില്ല.ഈ നഗരത്തിലുള്ള സ്വന്തം നാട്ടുകാരെ കാണുന്നതൊഴിവാക്കാനോ, ഭര്‍ത്താവില്ലാതെ ഒറ്റയ്ക് പള്ളിയില്‍ വരുന്നതിനെ പ്രായമുള്ളവരുടെ ചോദ്യമുനകൊണ്ടുള്ള നോട്ടം കൊണ്ട് ശാസിയ്കുന്നവരില്‍ നിന്നുള്ള രക്ഷപെടലാണോയെന്നറിയില്ല, അതിനെ പറ്റി ഞാന്‍ ഒന്നും ചോദിച്ചിട്ടുമില്ലായിരുന്നു.സാധാരണയായി ഈ പ്രവര്‍ത്തി ദിനങ്ങളില്‍ അധികമാരും പള്ളിയില്‍ വരാറില്ല, അതു കൊണ്ട് തിരക്കുണ്ടാവില്ലെന്നാണു അവളുടെ ന്യായം.
വേഗം ജോഗിനായുള്ള ഡ്രസ്സ് എടുത്തിട്ടു, അവള്‍ പള്ളിയില്‍ പോവുന്ന ദിവസങ്ങളില്‍ സര്‍വ്വീസ്സ് കഴിയുന്നതു വരെ ഒരു മണിക്കൂര്‍ പള്ളിയ്ക് എതിര്‍ വശത്തുള്ള പാര്‍ക്കില്‍ വ്യയാമം ചെയ്യുകയാണ് എന്റെ പതിവ്, ക്യാന്‍ വാസ് ഷൂ കെട്ടുമ്പോഴെയ്കും അവള്‍ വേഷം മാറി വന്നു, അത്യാവശ്യം നന്നായി നന്നായിട്ടു തന്നെയായിരുന്നു, പള്ളിയില്‍ പോവുമ്പോഴും പാര്‍ട്ടികളില്‍ പോവുമ്പോഴും മാത്രമേ ഇങ്ങനെ സുന്ദരിയാവാറുള്ളൂ. അതു മുഖഭാവം കൊണ്ട് പ്രകടിപ്പിയ്കുകയും ചെയ്തു. അതു സ്വീകരിച്ചു വെന്നു തലയാട്ടികൊണ്ട് അവള്‍ നന്ദിയറിയിച്ചു.
നേരത്തെ സന്ധ്യയായിരിയ്കുന്നു. നോമ്പു തുറക്കാനുള്ള അറിയിപ്പായി ബാങ്കുവിളികള്‍ ചുറ്റുമുള്ള നിരവധി മുസ്ലീ പള്ളികളില്‍ നിന്നു കേള്‍ക്കുന്നുണ്ടായിരുന്നു.
“വേഗം പോവാം ഇപ്പോള്‍ റോഡ് ഇത്തിരി ഒഴിവാവും......”കാറില്‍ കയറുമ്പോള്‍ അവള്‍ പറഞ്ഞു.
പത്തു മിനിറ്റു കൊണ്ട് പള്ളിയുടെ അടുത്തെത്തി മനഃപൂര്‍വ്വമെന്നോണം ഈ സമയങ്ങളില്‍ അവള്‍ സംസ്സാരിച്ചത് അവളുടെ കൂട്ടുകാരികളെ പറ്റിയും അവരുടെ കുഞ്ഞുങ്ങളെ കുറിച്ചു മാണ് , പള്ളിയുടെ കാര്‍ പാര്‍ക്കിലേയ്ക് കയറുമ്പോഴാണ് പരസ്പരം കൈ കോര്‍ത്തു പിടിച്ചു കൊണ്ട് റോഡ് മുറിച്ചു കടക്കാനായി കാത്തു നില്‍ക്കുന്ന അടുത്തിടെ വിവാഹിതരായതെന്നു തോന്നുന്ന ചെറുപ്പകാരനും പെണ്‍ക്കുട്ടിയും.
പെട്ടന്നു അവള്‍ ഗിയര്‍ ലിവറിനു മുകളിലുള്ള എന്റെ കൈയ്കു മുകളില്‍ കൈ വെച്ചു. എന്നിട്ടൊന്നു എന്നെ നോക്കി “ അവര്‍ കടന്നു പൊയ് ക്കോട്ടെന്നു” കണ്ണു കൊണ്ട് പറഞ്ഞു. കാര്‍ പതുക്കെ നിര്‍ത്തി അവരെ പോവാനനുവദിച്ചു റോഡ് ക്രോസ്സ് ചെയ്തു പള്ളിയിലേയ്ക്ക് കയറി പോവുന്ന അവരെ കൊതിയോടെ അവള്‍ നോക്കിയിരുന്നു, എന്നിട്ട് പതുക്കെ പറഞ്ഞു.
“എന്ത് രസാ...ല്ലേ...”
കൊതിയൂറുന്ന അവളുടെ കണ്ണൂകള്‍ കണ്ടപ്പോള്‍ സഹജമായ കുസൃതിയോടെ ചോദിച്ചു.
“എന്താടോ...അസൂയതോന്നുന്നോ.......?"
"പിന്നല്ലാതെ...അതിനൊക്കെ ഭാഗ്യം ചെയ്യണം ഭര്‍ത്താവിന്റെ കൈ പിടിച്ചു കൊണ്ട് പള്ളിയിലേയ്കും
അമ്പലത്തിലൊക്കെ പോവാന്‍ “
“അതൊക്കെ രണ്ട് വര്‍ഷം മുമ്പ് ആലോചിയ്കണമായിരുന്നു “
ചിരിച്ചു കൊണ്ടാണ് പറഞ്ഞത് , താന്‍ ശ്രമകരമായി ഒരു ഒഴിവിലേയ്ക് കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍
അവള്‍ നാടകീയമായ നെടുവീര്‍പ്പോടെ പറഞ്ഞു
“ഓ... ഇനി എന്തു ചെയ്യാനാ... ”
കാറില്‍ നിന്നിറങ്ങുന്നതിനുമുമ്പ് ചുള്ളിവു വീണ സാരി ശരിയാക്കുമ്പോള്‍ തുടര്‍ന്നു.
“എന്റെ കഴിവില്ലായ്മയാ.....എന്നാ മമ്മീടെ അഭിപ്രായം...”
“എന്തിന്‍ ....”അത്ഭുതത്തോടെ ചോദിച്ചു.
“ശ്രീ പള്ളിയില്‍ വരാത്തത്.....” മടിയോടെയാണ് അവള്‍ അവസാനിപ്പിച്ചത്....
“ വെറുതെയല്ല ഒറീസ്സയിലും കര്‍ണാടകയിലുമൊക്കെ അക്രമങ്ങള്‍ തുടരുന്നത്....”
എന്തോ ഒരുള്‍പ്രേരണയാല്‍ പെട്ടന്നു പറഞ്ഞു പോയി പിന്നീട് അവളുടെ മുഖത്തു നോക്കാതെ കാറില്‍ നിന്നിറങ്ങി. അവള്‍ പുറത്തിറങ്ങുമ്പോള്‍ മുഖം വല്ലാതെ മങ്ങിയിരുന്നു, തലകുനിച്ച് മുഖം തരാതെ പള്ളിവാതില്‍ ലക്ഷ്യമാക്കി അവള്‍ വേഗത്തില്‍ നടന്നു.
എതിര്‍ വശത്തുള്ള പാര്‍ക്കിലേയ്കു നടക്കുമ്പോള്‍ പറഞ്ഞത് ഇത്തിരി കൂടിപോയോ എന്നൊരു സന്ദേഹമായിരുന്നു മനസ്സില്‍ വേണ്ട മനസ്സിലിട്ടാല്‍ കൂടുതല്‍ വിഷമിയ്കുകയേ ഉള്ളൂ..സംഭവിച്ച അബദ്ധങ്ങള്‍ മറക്കാനുള്ളാ മാനേജ് മെന്റ് ടെക്നിക് സ്വയം പരീക്ഷിച്ചു. ആദ്യം എല്ലാം മറന്നു ഒന്നു മുതല്‍ നൂറു വരെ ഏണ്ണൂക പിന്നെ കീഴോട്ടും...ഏതോ ഒരു സെമിനാറില്‍ കേട്ട വിദ്യ.
പരിചയക്കാരോടു പോലും സംസ്സാരിയ്കാതെ കിട്ടുന്ന വൈകുന്നേരത്തെ ഈ വ്യായമ സമയമാണ് ആകെ സ്വയം വിശകലനം ചെയ്യാന്‍ കിട്ടുന്നത്, വേഗത്തിലുള്ള നടത്തിനൊപ്പം വേഗത്തില്‍ തന്നെ സ്വന്തം തെറ്റുകളെ തിരിച്ചറിയാനും തിരുത്താനുമുള്ള തീരുമാനങ്ങളും അതിനുള്ള മാര്‍ഗ്ഗങ്ങളും മനസ്സില്‍ വരുന്നതപ്പോഴാണ്. കാഴ്ചകളെ നമ്മുക്ക് പീലികള്‍ കൊണ്ടു മറയ്ക്കാം , കേഴ് വികളെ കൈകൊണ്ടും എന്നാല്‍ ചിന്തകളെയോ, ഓര്‍മ്മകളെയോ ശാരീരികമായി തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചാലും ഏറെ നടക്കാറില്ല , ഏതു മാനേജ് മെന്റ് ടെക്നിക്കിനും തല്‍ക്കാലത്തേയ്ക് തലച്ചോറിനെയോ മനസ്സിനെയോ ദിശമാറ്റിയുള്ള ചിന്തകള്‍ കൊണ്ടാവുമായിരിയ്ക്കും സ്ഥായിയായി നടക്കുമോയെന്നു തന്റെ കാര്യത്തില്‍ സംശയമാണ്‍. അങ്ങിനെയാണ് അവളുടെ ആന്റി സിസ്റ്റര്‍ ആഗ്നസ്സ് മനസ്സിലേയ്കു വീണ്ടുമെത്തിയത്. വ്യത്യസ്ത മതവിഭാഗങ്ങളാണെന്നറിഞ്ഞിട്ടും ഞങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആദ്യം തയ്യാറായത് അവരായിരുന്നു, പ്രണയം അതിന്റെ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിസന്ധികളിലെത്തിയപ്പോള്‍ ആന്റിയുണ്ടെന്നു പറഞ്ഞെനെ അവള്‍ ആശ്വസിപ്പിയ്കുകയായിരുന്നു.അച്ഛനോടവതരിപ്പിയ്കാന്‍ അമ്മപോലും പേടികൊണ്ടോ മടികൊണ്ടോ വിമുഖത കാണിച്ചപ്പോള്‍ സംസ്സാരിയ്ക്കനായി വന്നത് അവരായിരുന്നു, രണ്ടു വര്‍ഷം മുമ്പുള്ള അവധികാലത്ത് ഒരു ദിവസം ഉച്ചയ്കു ഊണിനു ശേഷം വന്ന് അച് ഛനെയും അമ്മയേയ ഒപ്പമിരുത്തി നേരില്‍ സംസ്സാരിച്ച് , ചായ കുടിച്ച് സന്തോഷത്തോടെ അവര്‍ പോയതിനുശേഷം അച്ഛന്‍ ഒന്നേ ചോദിച്ചുള്ളൂ..
“നമ്മുടെ സമൂഹത്തെ കുറിച്ച് തനിയ്ക് നല്ല ബോധമുണ്ടല്ലോ..? അതിനെ അതൃപ്തി പെടുത്താതിരിയ്ക്കാന്‍ ശ്രമിയ്കുക....സാമൂഹ്യ ജീവിയാണ് മനുഷ്യന്‍ ..”
വേണ്ടെന്നോ.. നന്നായിയെന്നോ ആരു ഒന്നു പറഞ്ഞില്ല ആരുടെയും അഭിപ്രായത്തിനും കാത്തു നിന്നില്ല പത്തു ദിവസത്തിനകം മട്ടണും, ചിക്കനെക്കാളേറെ പഴമാങ്ങാ പുള്ളിശേരിയും ,കൂട്ടുകറിയും ഏറെ ഇഷ്ടപ്പെടുന്ന ആ കൃസ്ത്യാനി പെണ് അങ്ങനെ എന്റെ നല്ല പാതിയായി.
ഒരു നസ്രാണി മേനോത്തിയായി.....
അവധികഴിഞ്ഞു വരുമ്പോള്‍ കൂടെയും കൂട്ടി.
അതിനെല്ലാം നിമിത്തമായത് സിസ്റ്റര്‍ ആഗ്നസ്സാണ് , ബന്ധപ്പെടാനുള്ള നമ്പറും വിലാസങ്ങലും അവളുടെ പക്കലാണ് , ഇപ്പോഴത്തെ ഈ മാനസികാവസ്ഥയില്‍ അവള്‍ തരില്ല. എന്നാലും അറിഞ്ഞേ മതിയാവൂയെന്നു തോന്നി.
പ്രാര്‍ത്ഥന കഴിഞ്ഞ് ഓരോരുത്തരായി പുറത്തു വരുന്നതു കണ്ടപ്പോള്‍ വ്യായാമം നിര്‍ത്തി കാറിനരുകിലേയ്കു വന്നു, പ്രാര്‍ത്ഥനയുടെ ആശ്വാസം അവളുടെ കണ്ണൂകളില്‍ കണ്ടപ്പോഴും , മുഖം മ്ലാനമായിരുന്നു.
തിരിച്ചു വരുമ്പോഴേയ്കും,സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഇറങ്ങുമ്പോഴും, ഫ്ലാറ്റിലെത്തിയിട്ടും, ഭക്ഷണം കഴിയ്കുമ്പോള്‍ പോലും അവള്‍ അത്യാവശ്യകാര്യങ്ങളല്ലാതെ ഏറെയൊന്നും സംസ്സാരിച്ചില്ല ഈ മൌനം ഒരു വല്ലാത്ത ഭാരമായി തോന്നിയെന്ന് പ്രകടിപ്പിച്ചിട്ടും അവള്‍ പ്രതികരിച്ചില്ല.
ഉറക്കത്തിനു മുമ്പുള്ള വായന എന്ന നിലയില്‍ മാറ്റി വെച്ച പുസ്തകത്തിലെ അടുത്ത കഥ സുസ് മേഷ് ചന്ത്രോത്തിന്റെതായിരുന്നു ബെഡില്‍ തലയിണ ചെരിച്ചു വെച്ച് അതിലൂടെ ഒരു രണ്ട് പേജ് കടന്നപ്പോഴെയ്കും അവള്‍ വന്നു ബെഡ് റൂമിന്റെ വാതിലടച്ച് , മുടി നെറുകയില്‍ കെട്ടിവെയ്കുമ്പോഴാണ് ആന്റിയുടെ കാര്യം ചോദിച്ചത്.
“പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനു രണ്ടു ദിവസം മുമ്പേ ആന്റി ദല്‍ഹിയിലേയ്കു പോയിരുന്നു...അല്ലായിരുന്നെങ്കില്‍ ....ആശുപത്രിയെല്ലാം കത്തി നശിപ്പിച്ചിരിയ്കുന്നുവത്രേ...”
ഒരു തേങ്ങലൊടെയാണോ അവള്‍ അവസാനിപ്പിച്ചത്, താന്‍ എന്തേ.. പ്രശനങ്ങള്‍ ഉണ്ടെന്നറിഞ്ഞപ്പോഴേ ചോദിയ്ക്കാതിരുന്നത് തീര്‍ത്തും താന്‍ ഒരു അവസരവാദിയായെന്നു തോന്നിപോയി.
ബെഡ് ലാമ്പ് ഓണ്‍ ചെയ്ത് അനുവാദത്തിനു കാത്തു നില്‍ക്കാതെ അവള്‍ ലൈറ്റ് ഓഫ് ചെയ്തു. ബെഡ് ഉറങ്ങാന്‍ മാത്രമുള്ളതാണെന്നു നിരവധി തവണ പറഞ്ഞിട്ടും അനുസരിയ്ക്കാത്തതിലുള്ള പ്രതിഷേധം അവള്‍ ഇങ്ങനെയാണ് പ്രകടിപ്പിയ്കുക പുസ്തകം മടക്കി അടുത്തുള്ള ബെഡ് ലമ്പിന്റെ സ്റ്റാന്റില്‍ വെച്ചു, അവള്‍ കുരിശു വരച്ച് പ്രാര്‍ത്ഥിച്ച് ചാരിയിരിയ്കുന്ന എന്റെ നെഞ്ചിലേയ്കു പതിയെ ചാഞ്ഞു. ആശ്വാസത്തിനെന്നപോലെ കെട്ടി പിടിച്ചു കൊണ്ട് പതുകെ ഇംഗ്ലീഷില്‍ ചോദിച്ചു..
“ മതം വ്യക്തി പരവും രാഷ്ട്രീയം സാമൂഹ്യ പരവുമായി എന്നാണ് ശ്രീ...നമ്മുക്ക് ഈ സമൂഹത്തില്‍ ജീവിയ്ക്കാന്‍ കഴിയുക,.....“
“എന്ത് പറ്റി ഇങ്ങനെ തോന്നാന്‍ ....”
അവളെ ചേര്‍ത്തു പിടിച്ചു
“മതം സാമൂഹ്യപരമായി നിയന്ത്രിയ്കുകയും രാഷ്ട്രീയം വ്യക്തി പരമായ ശത്രുതയും ഉണ്ടാക്കുന്ന ഈ സമൂഹത്തില്‍ .......”
അവളെ തുടരാന്‍ അനുവദിച്ചില്ല
“ആരെങ്ങനെ വേണമെങ്കിലും ജീവിച്ചോട്ടെ , നമ്മുടെ കാഴ്ചപാടുകള്‍ നമ്മുക്കറിയാല്ലോ...നമ്മള്‍ അതിനനുസരിച്ചാല്‍ മാത്രം മതി”
“പക്ഷെ ശ്രീ എത്രമാറ്റി നിര്‍ത്തിയാലും പരിഹാസങ്ങളുടെയും നിര്‍ദ്ദോഷ തമാശകളുടെയും രൂപത്തില്‍ കൂടിയാണെങ്കില്‍ പോലും അതൊക്കെ നമ്മുടെ വ്യക്തി ജീവിതത്തിലേയ്ക്ക് കൂടി അനുവാദം കൂടാതെ കടന്നു വരുന്നു...അത് എന്നെ വല്ലാതെ.... ”
ക്ഷമ ചോദിയ്കാന്‍ വാക്കുകളില്ലാതെ തുടരാനനുവദിയ്ക്കാതെ ആശ്വസിപ്പിയ്ക്കാനായി എന്റെ ചുണ്ടുകള്‍ അവളുടെ കവിളിലമര്‍ത്തി...
കവിളുകള്‍ക്ക് അപ്പോള്‍ ഒരു ഉപ്പിന്റെ നനവ്...കണ്ണീരുപ്പിന്റെ ഇളം നനവ്.
2008, സെപ്റ്റംബർ 18, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)