2008, ഓഗസ്റ്റ് 24, ഞായറാഴ്‌ച

ചിലതൊക്കെ ഒന്നു മാറ്റി നിര്‍വ്വചിയ്കേണ്ടി വരുമ്പോള്‍ ...........(കഥ)

മരിച്ചു പോയ അചഛന്‍ തിരിച്ചു വന്നിരിയ്കുന്നു.

അതും പത്തു വര്‍ഷത്തിനു ശേഷം ഗള്‍ഫിലെ ഈ ഫ്ലാറ്റിലേയ്ക്, വ്യാഴാഴ്ചയിലെ ഉച്ചയ്കുശേഷമുള്ള ഇരുന്നു മയങ്ങുന്ന സമയത്ത് കാളിങ്ങ് ബെല്ലടി കേട്ട് വാതില്‍ തുറന്നപ്പോഴാണ് , അച് ഛന്‍ പുഞ്ചിരിച്ചു കൊണ്ടു നില്‍ക്കുന്നതു കണ്ടത്, ഏന്തോ വല്ലാത്ത അത്ഭുതമൊന്നും തോന്നിയില്ല, മുമ്പും ജോലി സ്ഥലത്തുള്ള താമസസ്ഥലത്തു വന്നതു പോലെ തോന്നി എന്നാലും ഒരു സ്വപ്നം കാണുന്നതു പോലെ , ഞാന്‍ അച് ഛനെ നോക്കി, അച് ഛന്‍ ഒന്നു ചിരിച്ചു, പിടിതരാതെ ഒളിച്ചു കളിയ്കുന്ന ഒരു കുട്ടിയുടെ കള്ളചിരി പോലെ തോന്നി.

സ്വപ്നത്തിന്റെ ബാക്കിയെന്തന്നറിയാതെ ആകാംക്ഷയോടെ അകത്തേയ്കു ക്ഷണിച്ചു.

ഇപ്പോ തന്നെ എന്താ... ചൂട്...മാര്‍ച്ചായിട്ടേള്ളൂ അപ്പഴയ്കും .........

ഒരു ഗള്‍ഫുകാരകൂടിയായിരുന്ന അച് ഛന്റെ പരിഭവം , അച് ഛനു ഒരു മാറ്റവുമില്ല, പഴയ ഭാവം തന്നെ ക്ലീന്‍ ഷേവ് ചെയ്തമുഖം അറുപതിനോടടുത്തിട്ടും, ഡൈ ചെയ്താല്‍ പക്വത നഷ്ടപ്പെടുമെന്ന കാരണത്താല്‍ പകുതിയോളം വെളുപ്പിച്ചു വച്ചിരിയ്കുന്ന തല,ഫ്രയിം ലെസ്സ് കണ്ണട, ഇളം കളര്‍ ലൈന്‍ ഷര്‍ട്ടും കറുപ്പ് പാന്റും,...ഇല്ല..ഒരു മാറ്റവുമില്ല.

“ഇരിയ്കൂ അച് ഛാ... .“

ഏ.സി ഓണ്‍ ചെയ്യനായി പോയപ്പോള്‍ പറഞ്ഞു “ വേണ്ടാ..നീ ആ ഫാനിന്റെ സ്പീഡ് കൂട്ട്....”
ചുറ്റും നോക്കി സോഫയിലിരിയ്കുന്ന ലാപ് ടോപ്പ് കണ്ടു ചോദിച്ചു

“നീ ജോലി ചെയ്യാ.... അതോ ഉറങ്ങുന്നോ“

“ഇല്യാ ഇരുന്നപ്പോ ഒന്നു മയങ്ങി പോയി,“

“അതിനാ ഇന്നു വയ്യാന്ന് ഓഫീസ്സില്‍ പറഞ്ഞു പോന്നത്,.... എന്താ അസുഖം “

അത്ഭുതപ്പെട്ടു പോയി ചെയ്തു തീര്‍ക്കാനുള്ള ജോലികള്‍ വാരാന്ത്യങ്ങളില്‍ വീട്ടിലേയ്കു കൊണ്ടു വരിക പതിവാണ്, ആഴ്ചാവസാനമായ ഇന്നു നേരത്തെ ഇറങ്ങാന്‍ തലവേദനയെന്നു നുണ പറഞ്ഞു പോന്നതായിരുന്നു.

“അപ്പോള്‍ അച് ഛന്‍ ഓഫീസ്സിലും പോയോ.?...“

“ ഇല്ല്യാ ഞാന്‍ അവിടെയ്ക്ക് വിളിച്ചിരുന്നു”

അച് ഛനു പുതിയ ഓഫീസ്സിന്റെ നമ്പര്‍ ഏങ്ങനെ കിട്ടിയെന്ന് ചിന്ത മനസ്സിലുണരും മുമ്പെ അച് ഛന്‍ പറഞ്ഞു.

“അവരെന്നെ അവിടുന്നു കുറച്ചു ദിവസത്തേയ്കു വിട്ടു, ഒരു ചെറിയ വെക്കേഷന്‍ പോലെ, എപ്പഴാ വിളിയ്ക്കാന്നറിയില്ല, അപ്പോ ഏതായാലും നിന്നെയൊന്നു കാണാമെന്നു കരുതി,......ജീവിതത്തിലേയ്കു തിരിച്ചു വന്ന ഒരു മനുഷ്യന്റെ അവസ്ഥ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു.

കുടിയ്ക്കാന്‍ ഇത്തിരി വെള്ളമെടുക്ക് “
തണുത്തതൊന്നു കഴിയ്ക്കാത്ത അച് ഛനു പതിമുഖമിട്ട് തിളപ്പിച്ച വെള്ളം കൊടുത്തത് ഒരു കവിളിറക്കിക്കൊണ്ട് ചോദിച്ചു,

“ഇപ്പോ ഈ പച്ച മരുന്നൊക്കെ ഇവിടേം കിട്ടുന്നുണ്ടോ ?“

ഇപ്പോള്‍ നാട്ടില്‍ ലഭിയ്കുന്നതെന്തും ലഭ്യമാവുന്ന ഗള്‍ഫ് മാര്‍ക്കറ്റിനെ പറ്റി ചുരുക്കി പറഞ്ഞു , എല്ലാം കേട്ട് ഒന്നു മൂളി,

“ഗ്ലൊബലെസേഷന്റെ ആരും പറയാത്ത ചില്ലറ മെരിറ്റുകള്‍ അല്ല.? “ എന്തു പറയുന്നു എന്നുള്ള മുഖഭാവത്തോടെ എന്നെ ഒന്നു നോക്കി

ഒന്നു പുഞ്ചിരിച്ചു, കോളേജില്‍ പഠിയ്കുന്ന കാലത്ത് ആഗോളവത്കരണത്തെയും ഉദാരവല്‍ക്കരണത്തെയും എതിര്‍ത്തു നടന്നിരുന്ന ആ പഴയ എസ്.എഫ്.ഐ ക്കാരെനെ അച് ഛനോര്‍ത്തു കാണും, ഡിഗ്രി കഴിഞ്ഞ് എം.ബി.എ യ്കു ചേരാനുള്ള താലപര്യം പറഞ്ഞപ്പോള്‍ , ഒരു പകുതി പുച് ഛത്തോടേ ചോദിച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്.

“തന്റെ ആശയങ്ങളൊക്കെ അതിനനുവദിക്കുമോ ?...”

ആശയങ്ങളെക്കാളേറെ കലാലയത്തില്‍ നിന്നു കിട്ടിയ കൂട്ടുകാരിയ്കു നല്‍കിയ വാക്കു പാലിയ്ക്കാനുള്ള വെമ്പലായിരുന്നു അന്ന്.

അച് ഛന്‍ സോഫയിലിരുന്നു, ലാപ് ടോപ്പിനു താഴെയിരിയ്കുന്ന പത്രമെടുക്കാന്‍ ശ്രമിയ്കുമ്പോള്‍ തന്നെ പറഞ്ഞു “ അതു പഴയതാണച് ഛാ... ഞായറാഴച മാത്രമേ മലയാളം പേപ്പര്‍ വാങ്ങാറുള്ളൂ...“

പേപ്പറെടുത്തു തീയ്യതി നോക്കി സപ്ലിമെന്റിലെ തലക്കെട്ടു നോക്കി കൊണ്ടു പറഞ്ഞു “ മരിച്ചു പത്തു കൊല്ലം കഴിഞ്ഞിട്ടും മനോരമയ്ക ഇ.എം.എസ്സിനെ വിടാന്‍ വയ്യാ ല്ലേ...., മരിച്ചു പത്തു വര്‍ഷം കഴിഞ്ഞ ഇ.എം.എസ്സ് ഇപ്പോ തിരിച്ചു വന്നാലെന്തു ചെയ്യുമെന്നാ അവര്‍ക്കറിയേണ്ടത്.. അതിനൊരു സപ്ലിമെന്റും ഉള്ളവരെ കൊണ്ടു തന്നെ പൊറുതി മുട്ടിയിരിയ്കുമ്പോഴാ മരിച്ചവരുകൂടി തിരിച്ചു വന്നലെത്തെ അവസ്ഥയെന്താ...”

അചഛന്റെ രാഷ്ട്രീയമറിയാവുന്നതു കൊണ്ട് മറുപടി പുഞ്ചിരിയിലൊതുക്കി.

“അവളെവിടെ... കിടക്കുകയാണോ....” വാതില്‍ പാതി ചാരിയ ബെഡ് റൂമിലേയ്കു നോക്കി.

“ഇല്ല......... ഇവിടെ ഒരു ഇന്ത്യന്‍ യൂണിവേഴ്സിറ്റിയില്‍ ഗസ്റ്റ് ലക് ചറായി പോവുന്നു, ആഴ്ച യില്‍ മൂന്നു ദിവസം, വൈകുന്നേരമാണ് ക്ലാസ്സ്, വരാനിത്തിരി വൈകും....”

“ശമ്പളമൊക്കെയുണ്ടോ..”

“അത്യാവശ്യം....കഴിഞ്ഞു പോവാം, നീക്കിയിരുപ്പിനൊന്നും പ്രതീക്ഷ വേണ്ടാ.”

അച് ഛന്‍ ഒന്നു മൂളി.

“ഞാനൊരു ചായ ഉണ്ടാക്കട്ടെ “എന്നു പറഞ്ഞു അടുക്കളയിലേയ്കു നടന്നു, വേഗത്തില്‍ ചായയും
വെര്‍മ്മിസെല്ലികൊണ്ടുള്ള ഉപ്പുമാവുമുണ്ടാക്കി ഡൈനിങ്ങ് ടേബിളില്‍ കൊണ്ടു വെയ്കുമ്പോള്‍ , പത്രവും പിടിച്ച് ഷോക്കേസ്സില്‍ ലാമിനേഷന്‍ ചെയ്തു വെച്ച തന്റെ ‍ ഫോട്ടോയില്‍ നോക്കി നില്‍ക്കുകയാണ് അച് ഛന്‍ , മെല്ലെ അടുത്തെയ്കു ചെന്നപ്പോള്‍ പറഞ്ഞു

“നന്നായിട്ടുണ്ട്, ഇത്തിരി കോസ്റ്റ് ലിയാണെങ്കിലും ലാമിനേഷന്‍ ചെയ്ത ഫോട്ടോ കാണാന്‍ നല്ല ഒരു എടുപ്പുണ്ട്”

താഴെയിരിയ്കുന്ന ലാമിനേറ്റ് ചെയ്ത അച് ഛന്റെയും അമ്മയുടെയും ബ്ലാക്ക് ആന്റ് വൈറ്റ് വിവാഹ ഫോട്ടോ കയ്യിലെടുത്ത് ഒരു ടിഷ്യൂ പേപ്പറെടുത്ത് പൊടി തുടച്ചു വെയ്കുമ്പോള്‍ ചോദിച്ചു.

“അമ്മയെന്തു പറയുന്നു...?”

“ചേച്ചിടെ വീടു പണി കഴിഞ്ഞപ്പോ , വീട്ടിലൊറ്റയ്ക്കു തന്നെ , തുണയ്ക്കായി രാത്രി താഴത്തേല്ലെ, അബ്ദുറഹിമാനിക്കാന്റെ മക്കളാരെങ്കിലും വന്നു കിടക്കും“

ചായ കൊടുത്തതു വാങ്ങി കുടിയ്കുന്നതിനിടെ അപ്രതീക്ഷിതമായിരുന്നു ചോദ്യം

“ നിനക്ക് നാട്ടിലെന്തെങ്കിലും ശ്രമിയ്ക്കായിരുന്നില്ലേ....”

അമ്മയുടെ അനാഥത്വമോ, തന്റെ അവസ്ഥയോ എന്താണ് ഇത്തരമൊരു ചോദ്യത്തിനുള്ള കാരണമെന്ന് ആ മുഖത്തു നിന്നു വായിയ്ക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലായി പോയി, ഉടന്‍ തന്നെ അബദ്ധം പിണഞ്ഞു സ്വയം തിരുത്തുന്ന പോലെ സ്വയം പറഞ്ഞു

“ വേണ്ടാ..അവനവന്റെ യോഗമെന്താ ച്ചാ അതു പൊലെ തന്നെ വരും...”
അപ്പോഴെയ്കും സ്കൂളില്‍ നിന്നും വന്നു ഉറങ്ങുകയായിരുന്ന മകന്‍ ബെഡ് റൂമിന്റെ വാതില്‍ തുറന്നു വന്നു, അപരിതനെയെന്നോണം അച് ഛനെ തുറിച്ചു നോക്കി,

“അച് ഛാച്ചാനാടാ‍.....ഞാന്‍ പറഞ്ഞു

ഷോക്കെസ്സിലെ ഫോട്ടോയിലെയ്ക് അവനൊന്നു നോക്കിക്കെണ്ടു പറഞ്ഞു , “അച് ഛാച്ചാന്‍ മരിച്ചു പോയില്ലേ.......”

“മരിച്ചു പോയി..പക്ഷെ എന്നാലും മോനെ കാണാന്‍ വന്നതാ,അച് ഛാച്ചാന്‍ “ ഒരു പുഞ്ചിരിയോടെ അച് ഛനവനെയെടുത്തു , അഞ്ചു വയസ്സുകാരനെ എടുക്കുന്നതു കണ്ടപ്പോള്‍ പറഞ്ഞു.

“അച് ഛന് എവിടെയെങ്കിലും വിലങ്ങും”

“അതൊന്നും സാരമില്ലെടാ “എന്നു പറഞ്ഞു അവനെ ഡൈനിങ്ങ് ടേബിളിന്റെ മുകളില്‍ ഇരുത്തി, അവന്‍ മെല്ലെ താഴെയിറങ്ങി. ബാത്ത് റൂമിലേയ്കു പോയി.

“എത്രയായെടാ...അവന്..”

“അഞ്ചു കഴിഞ്ഞച്ചാ...”

മുഖം കഴുകി വന്ന അവന്‍ കസേര വലിച്ച് ഡൈനിങ്ങ് ടേബിളിനടുത്ത് ഇരുന്ന് സ്വയം ഉപ്പുമാവും ഫ്ലാസ്ക്കില്‍ നിന്നു അവനുള്ള പാലുമെടുത്തു കഴിയ്കുന്നതു കൌതുകത്തോടെ അച് ഛന്‍ അച് ഛന്‍ പറഞ്ഞു.

“ഇവന്‍ കൊള്ളാല്ലോ, നിന്നെപ്പോലെ മടിയന്നൊന്നുമല്ല, എല്ലാം തന്നത്താന്‍ ചെയ്യുന്നുണ്ടല്ലോ”
“ന്യൂക്ലിയര്‍ ഫാമിലിയല്ലേ അച് ഛാ...അവളു ശീലിപ്പിയ്കുന്നതാ, പിന്നെ ഞങ്ങള്‍ക്കാണെങ്കില്‍ ഒന്നിനും സമയവുമില്ല”

അച് ഛന്‍ പത്രത്തിലേയ്കു ശ്രദ്ധിയാന്‍ തുടങ്ങി.

ഞാന്‍ ഒരു പാത്രത്തില്‍ ഗോതമ്പു മാവെടുത്തു കുഴയ്കാന്‍ തുടങ്ങുന്നതു കണ്ടപ്പോള്‍ , അച് ഛന്റെ ചോദ്യമുനയുള്ള നോട്ടത്തില്‍ നിന്നു രക്ഷപ്പെടാനായി പറഞ്ഞു.
“അവളു വരുമ്പോഴെയ്കും കുഴച്ചു വച്ചാല്‍ അത്രയും പണി തീര്‍ന്നില്ലേയെന്നു കരുതി”

അപ്പോഴയ്കും മകന്‍ കമ്പ്യൂട്ടറില്‍ ടൈപ്പിങ്ങിന്റെ വേഗത പരിശീലിയ്കൂന്ന പ്രോഗാം തുടങ്ങിയിരിയ്കുന്നു, ദിവസവും വൈകുന്നേരങ്ങളിലെ അവന്റെ ടൈംടേബിളിലെ അരമണിക്കൂറാണത്.
മാവു കുഴച്ചു വച്ച്, ഞാന്‍ പോയി ,അച് ഛനു മാറ്റാനുള്ള മുണ്ടും ടി ഷര്‍ട്ടുമായി വന്നു. അച് ഛന്‍ കൌതുകത്തോടെ അവന്റെ മിടുക്കും വേഗതയും കണ്ട് ഊറി ചിരിയ്കുന്നു. എന്നിട്ട് മെല്ലെ അവന്റെ തലയില്‍ തല്ലോടി കൊണ്ടു പറഞ്ഞു “ നന്നായി പഠിയ്കണം ട്ടോ..”

അവന്‍ അച് ഛനെ ഒന്നു തിരിഞ്ഞു നോക്കി, വീട്ടില്‍ അപരിചിതരായ അതിഥികള്‍ വന്നാല്‍ നല്‍കുന്ന ഒരു സ്ഥിരം പുഞ്ചിരി നല്‍കി ,പിന്നെ മോണിട്ടറിലേയ്കു നോട്ടമയച്ചു.

ബാത്ത് റൂമില്‍ പോയി അച് ഛന്‍ മുണ്ട് മാറ്റി ഫ്രഷായി വന്നു, ഞാന്‍ ടി.വി അപ്പോഴെയ്കും ന്യൂസ്സ് അവറിന്റെ സമയമായിരിയ്കുന്നു, ഇന്ത്യാവിഷനിലെ നികേഷ് കുമാരിനെ കണ്ട് അച് ഛന്‍ ചോദിച്ചു, “ഇതു എം.വി.രാഘവന്റെ മകനല്ലെ....അവന്‍ ഏഷ്യാനെറ്റില്‍ അല്ലേ ഉണ്ടായിരുന്നത്....”
“അവരിപ്പോ ഒരു ന്യൂസ്സ് ചാനലുണ്ടാക്കിയതാ...ഇന്ത്യാവിഷന്‍ എന്നാ പേര്...”

നികേഷിന്റെ പ്രകടനങ്ങള്‍ അച് ഛനെ ഹരം പിടിപ്പിച്ച പോലെ തോന്നി, കുറിയ്കു കൊള്ളുന്ന പകരത്തിനു പകരമുള്ള ചോദ്യോത്തരപക്തി പോലെയുള്ള ലൈവ് ന്യൂസ്സവര്‍ .
നികേഷ് കുമാര്‍ അച് ഛനെ കൈയിലെടുത്തതു പോലെ തോന്നി.

അപ്പോഴാണ് എന്റെ ഭാര്യ വാതില്‍ തുറന്നു വന്നത്, ജോലി ഭാരത്തിന്റെ ക്ഷീണം വല്ലതെയുണ്ട് മുഖത്ത്, അച് ഛന്‍ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു,

” മോള് ഞെട്ടണ്ടാ, ഇതു ഞാന്‍ തന്നെയാ....” അത്ഭുതത്തോടെ തുറിച്ച കണ്ണൂകളാല്‍ അച് ഛനെ നോക്കുന്ന അവളോട് ഞാന്‍ പറഞ്ഞു,” അച് ഛനെ അവര്‍ ഭൂമിയിലേയ്ക് വിട്ടൂത്രെ....വന്നിട്ട് കുറച്ചു നേരായി...”

അവിശ്വസനീയതയോടെ അച് ഛനെ നോക്കിയപ്പോള്‍ അതെയെന്നര്‍ത്ഥത്തില്‍ അച് ഛന്‍ തലയാട്ടി, ഒന്നു പുഞ്ചിരിച്ച് അവള്‍ അകത്തേയ്കു പോയി.അവളെയൊന്നൂ കൂടി നോക്കിയിട്ട് അച്ഛന്‍ സോഫയിലിരിയ്കുമ്പോള്‍ പറഞ്ഞു.

“ നാലഞ്ച് കൊല്ലായില്ലേ ഈ ഗള്‍ഫ് നാട്ടില്‍ എന്നിട്ടും അവള്‍ക്കൊരു മാറ്റവുമിലാല്ലോ , പണ്ട് കോളെജില്‍ പഠിയ്കുമ്പോഴത്തെ പോലെ തന്നെ”

ഞാന്‍ വല്ലാതെ അത്ഭുതപ്പെട്ടു പോയി, ഒരിക്കല്‍ അച്ഛന്‍ നാട്ടില്‍ വന്നസമയത്ത്,ക്യാമ്പസ്സില്‍ നിന്നു ഒരു തവണ ബൈക്കില്‍ അവളെ ഒപ്പമിരുത്തി പോവുമ്പോള്‍ , ബസ്സിലുണ്ടായിരുന്ന അച്ഛന്‍ കണ്ടുവെന്ന് അവള്‍ പറഞ്ഞിരുന്നു, എല്ലാറ്റിനും മൂകസാ‍ക്ഷിയായിരുന്ന അമ്മയോട് ഈക്കാര്യം പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞതിങ്ങനെയായിരുന്നു” നിങ്ങളൊപ്പം അച്ഛനെ ഇപ്പഴെ കണ്ടിട്ടുള്ളൂ , അച്ഛനെത്രതവണ നിങ്ങളെ കണ്ടിരിയ്കുന്നു.....”

ന്യൂസ്സവറിലെ തര്‍ക്കങ്ങളുടെ ഹരത്തില്‍ അച്ഛന്‍ ടി.വി.യുടെ ശബ്ദം കൂട്ടുന്നതറിഞ്ഞില്ല,വേഷം മാറിവന്ന ഭാര്യ ഫ്ലാസ്ക്കില്‍ നിന്നും ചായ പകരുമ്പോള്‍ മകനോടായി ചോദിച്ചു” എന്താടാ.... ഇന്നു നാമം ചൊല്ലുന്നില്ലേ... ?

മടിയോടെ അവന്‍ എഴുന്നേറ്റ് ബാത്ത് റൂമില്‍ പൊയി കാലും മുഖവുമൊക്കെ കഴുകി വന്ന്, ഷോക്കേസ്സിന്റെ ഒരു വശത്തായി, ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കുമുന്നില്‍ വിളക്കുവെന്നിടത്ത് പോയി ഇരിയ്കുമ്പോ അച്ഛനോടായി പറഞ്ഞു” അച്ഛാ‍ഛാ ഇത്തിരി ശബ്ദം കുറയ്കുമോ...? "

അബദ്ധം പിണഞ്ഞതരത്തില്‍ അച്ഛന്‍ ടി.വിയുടെ ശബ്ദം കുറച്ചു....എന്നിട്ട് എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു”

“അവളുടെ പരിശീലങ്ങളാ....” ഞാന്‍ പറഞ്ഞു,

“നല്ലതാ...നിനക്കൊന്നും ഇത്തരം നല്ല ശീലങ്ങളൊന്നുമില്ലായിരുന്നില്ലാല്ലോ” അച്ഛ്ന്‍ കളിയാക്കി.

“ഏട്ടാ.. ഒന്നു ഇങ്ങോട്ട് വര്വോ...“ അടുക്കളയില്‍ നിന്നു അവള്‍ വിളിച്ചു.

ചെന്നപ്പോള്‍ എന്തു കഴിയ്ക്കാനുണ്ടാക്കണമെന്ന സംശയത്തിലായിരുന്നു അവള്‍, കഴിഞ്ഞദിവസത്തെ ചിക്കന്‍ കറിയെ പുതിയ രൂപത്തിലാക്കാന്‍ പറഞ്ഞ് അച്ഛനടുത്തേയ്കു നടന്നു.

“അച്ഛനു കഴിയ്ക്കാന്‍ ഡ്രിങ്ങ്സ്സ് എന്തെങ്കിലും വേണോ...“ വല്ലപ്പോഴും കഴിയ്ക്കാറുള്ള അച്ഛനോടു ചോദിച്ചു.
എനിയ്കു നീ ഡ്രിങ്ങ്സ്സ് ഓഫര്‍ ചെയ്യാറായോ എന്ന ഭാവത്തോടെ അച്ഛന്‍ എന്നെ നോക്കി “ എന്താ ഉള്ളത്......”

എന്നിട്ട് ഒന്നു ചിരിച്ചു, ഒരു കള്ള ചിരി, ആ ചിരിയില്‍ ജീവിതത്തില്‍ അച്ഛനുമായി ബന്ധപ്പെട്ട ഒരു പാട് സന്ദര്‍ഭങ്ങള്‍ ഓര്‍മ്മവന്നു. കഴിഞ്ഞ തവണ നാട്ടില്‍ പോയി വരുമ്പോള്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്നും വാങ്ങിയതുണ്ടെന്നു പറഞ്ഞപ്പൊള്‍ എടുക്കാന്‍ പറഞ്ഞു,അടുക്കളയില്‍ ഗ്ലാസ്സെടുക്കാന്‍ പോയപ്പോള്‍ ഭാര്യയുടെ ചോദ്യം

” അച്ഛനും മകനും കമ്പനി തരാന്‍ പേരക്കുട്ടി കൂടി വേണോ...?"

മദ്യപിയ്കുന്ന കാര്യത്തില്‍ തങ്ങള്‍ തമ്മിലുള്ള കരാറുകള്‍ ലംഘിയ്കുന്നതിനെ ചോദ്യം ചെയ്യലായിരുന്നു അത്.
“തല്‍ക്കാലം വേണ്ടാ“യെന്നും പറഞ്ഞ് വേഗം സ്ഥലം കാലിയാക്കി.

ഉണക്കാനിട്ട തുണികള്‍ മാറ്റി ടീപ്പോയിയും കസേരയിമിട്ട് ബാല്‍ക്കണിയിലേയ്കിരിയ്കുമ്പോള്‍ അച്ഛന്‍ കുപ്പിയെടുത്തു നോക്കി എന്നിട്ടു വായിച്ചു “ Packed before 12 years, അപ്പോ നമ്മളൊക്കെ ജീവിച്ചിരിയ്കുമ്പോ... കുപ്പിയ്ക്കകത്തു കയറിയതാ....ആശാന്‍ ...

വെള്ളമൊഴിയ്കുമ്പോള്‍ ചോദിച്ചു” ചൂടു വെള്ളം തന്നെയല്ലാടാ...അത്..”
അതെയെന്നു പറഞ്ഞു , അച്ഛനങ്ങെനെയാണ് ചൂടുവെള്ളമൊഴിച്ചേ മദ്യപിയ്കൂ , ഒരു ആര്‍മി ഓഫീസ്സറായിരുന്ന അച്ഛനു അവിടെനിന്നു കിട്ടിയതാണ് , ഈ സ്വഭാവമെന്നു എപ്പോഴും പറയും.

“ചിയേഴ് സ്സ്...........” ഗ്ലസ്സെടുക്കാന്‍ മടിച്ചു നില്‍ക്കുന്ന എനിയ്ക്, ഗ്ലാസ്സ് കൈയില്‍ തന്ന് സ്നേഹപൂര്‍വ്വം പറഞ്ഞു, “ നമ്മള്‍ തമ്മില്‍ ആദ്യാ...ജീവിച്ചിരിയ്കുമ്പോ യോഗണ്ടായില്ല്യാ....സാരല്ല്യാ...”

തുടര്‍ന്നു അച്ഛനുമായി ഒരു ചര്‍ച്ച തന്നെയായിരുന്നു ,രാഷ്ട്രീയം , കല, സിനിമാ സമൂഹത്തിലെ മൂല്യച്യുതികള്‍ ‍, അങ്ങിനെ നിരവധി കാര്യങ്ങള്‍ ഏറെ നാളായി ഒരാളോട് തുറന്നിങ്ങനെ സംസ്സാരിയ്ക്കത്തതിനാല്‍ എനിയ്കും വല്ലാത്ത താല്പര്യമായി ക്യമ്പസ്സില്‍ ഉറക്കികിടത്തിയ ആ പ്രാസംഗികന്‍ അറിയാതെ പലപ്പോഴും ഉണര്‍ന്നു വന്നു, ഒരു നല്ല ആസ്വാദകനായി അകലെ നഗര വെളിച്ചത്തിലെയ്കു നോക്കി അച്ഛന്‍ മൂളികേട്ടു, ആണവ കരാറിന്റെ കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാടുകളെ വിമര്‍ശിയ്കുമ്പോള്‍ ആ കണ്ണുകളില്‍ അത്ഭുതം കൂറുന്നതു കണ്ടു,നഷ്ടമായ കഴിഞ്ഞ പത്തു വര്‍ഷങ്ങളും എന്റെ വാക്കുകളിലൂടെ അച്ഛന്‍ ജീവിച്ചു.

“നിനക്കു കഷണ്ടിയാവാന്‍ തുടങ്ങി അല്ലേ........എന്താടാ... ടെന്‍ഷന്‍ കാരണാവും“

ഒഴിഞ്ഞ ഗ്ലാസ്സ് താഴെ വെച്ച് അച്ഛന്‍ ചോദിച്ചു, വാത്സല്യം തുളുമ്പുന്ന കണ്ണൂകളോടെയുള്ള നോട്ടം കണ്ടപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞുപോയി, ഉള്ളിലൊരു വിങ്ങിപ്പൊട്ടല്‍ ആരെങ്കിലും തന്നെക്കുറിച്ച് ചോദിച്ചതിലുള്ള സന്തോഷമോ, തിരിച്ചു കിട്ടിയ അച്ഛന്റെ വാത്സല്യമോ എന്തായെന്നറിയാതെ മനസ്സുഴറുമ്പോള്‍ ‍, കണ്ണുനീര്‍ കാഴ്ചയെ മറച്ച് താഴെ വീണു.

“ ടെന്‍ഷനാണച്ഛാ.....” പറയുമ്പോള്‍ വല്ലാതെ തൊണ്ടയിടറിയിരുന്നു.

“നിനക്കൊക്കെ എന്താടാ ഇത്ര ടെന്‍ഷന്‍ ‍” അച്ഛന്‍ കാരുണ്യത്തോടെ എന്നെ നോക്കി,

" വല്ലാത്ത ഫീല്‍ ചെയ്യുന്ന ഇന്‍സെക്യൂരിറ്റി പിന്നെ ഇനഫ് ജോബ് പ്രഷര്‍‌‌ .“ അറിയാതെ മുപ്പത്തിമൂന്നുകാരനായ പ്രൊഫണലെന്ന അഹംഭാവത്തിന്റെ, മഞ്ഞുരുകി.

“അതു മാത്രമാണോ..?."

“എന്താണെന്നറിയില്ല അച്ഛാ....വല്ലാത്ത ടെന്‍ഷന്‍ ,സമ്മര്‍ദ്ധം കൊണ്ടു മാത്രം ചെയ്യാന്‍ വിധിയ്ക്കപ്പെട്ടുന്ന തൊഴില്‍ , പിന്നെ കൂട്ടുകാരായി പോലും അധികമാരും വരാത്ത ഈ ഫ്ലാറ്റില്‍ , ഞാനും അവളും ഞങ്ങളുടെ മകനുമടങ്ങുന്ന ഈ ഫ്ലാറ്റില്‍ ചിട്ടവട്ടങ്ങളല്ലാതെ ഞങ്ങളാരും അധികമൊന്നും സംസ്സാരിയ്ക്കാറില്ല,.... പരസ്പരം പറഞ്ഞാല്‍ പോലും തീരാത്ത വേദനകളിലൂടെയാണ് ഞങ്ങളോരോ ദിവസവും കടന്നു പോകുന്നത് ,............എന്റെ മോനെയൊന്നു ലാളിയ്ക്കാന്‍ പോലും ഞാന്‍ മറന്നു പോയിരിയ്ക്കുന്നു., അവന് അഞ്ചു വയസ്സായി എന്നതു പോലും പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു...... വീട്ടിലേയ്ക് അമ്മേ വിളിച്ചാല്‍ “ നിനക്കു സുഖമല്ലേ “ എന്നതില്‍ ഏറെ പറയാനില്ലാതെയായിരിയ്കുന്നു.

അച്ഛനടുത്തേയ്കു നീങ്ങിയിരുന്നു, മെല്ലേ എന്റെ കൈ പിടിച്ചു,” എന്താടാ....നിന്റെ പ്രശ്നം ....”

“എല്ലാ കടമകളും ഒരു പ്രോഗാം പോലെയാവുന്നച്ഛാ....ഒരു ലൂപ്പിനുള്ളില്‍ തിരിയുന്ന എന്തെക്കെയോ പ്രൊസസ്സ് ചെയ്യാനുള്ള ഒരു പ്രോഗാം പോലെ ,ആര്‍ക്കും ആരോടും ഒരു സ്നേഹമോ , ഉത്തരവാദിത്വമോ ഇല്ല്ലാത്തതു പോലെ........”

തീരുമ്പോഴെയ്കും വാക്കുകള്‍ വല്ലാതെ ഇടറി, എന്റെ വാക്കുകളിലൂടെ മനസ്സിന്റെ വേദന അച്ഛന്‍ പിടിച്ചെടുത്തതു പോലെ തോന്നി, കണ്ണടയ്കു പിന്നില്‍ അച്ഛന്റെ നിറഞ്ഞ കണ്ണുകള്‍ തിളങ്ങുമ്പോഴും മുഖത്ത് ഒരു ചെറിയ മന്ദഹാ‍സം തെളിഞ്ഞു.

ഇത്തിരി നേരത്തെ മൌനം കഴിഞ്ഞ് അച് ഛന്‍ ഒരു കുസൃതി ചോദ്യം പോലെ ചോദിച്ചു

“നീ ഈ സ്നേഹം എന്നതു കൊണ്ട് , എന്താ ഉദ്ദേശിയ്കുന്നത് ...“ ഒട്ടും മയമില്ലാത്തതായി തോന്നി ആ ചോദ്യം, പെട്ടന്നുത്തരം പറയാനാവാതെ മനസൊന്നുഴറി

“ അച്ഛനൊക്കെ ഞങ്ങളൊടുണ്ടായിരുന്ന പോലെയുള്ള സ്നേഹം , അച്ഛന്റെ സാമീപ്യം നല്‍കുന്ന ധൈര്യം, അതുപോലെയൊന്നും , ഇപ്പോഴൊന്നിനും തോന്നുന്നില്ല, എത്രമാത്രം സുരക്ഷിതത്വമെന്നു ആരൊക്കെ പറഞ്ഞാലും മനസ്സില്‍ തോന്നുന്ന അരക്ഷിതത്വം...എങ്ങനെ പറയണെമെന്നുപോലുമെനിയ്കറിയുന്നില്ല, അച്ഛനൊക്കെ എന്നോടുണ്ടായിരുന്ന ഇന്റിമസി എനിയ്ക് എന്റെ മോനോടു തോന്നുന്നുപോലുമില്ല....”

കുറച്ചു നേരത്തെ അച്ഛന്റെ അര്‍ത്ഥഗര്‍ഭമായ മൌനം ,എന്നെ വല്ലാതെ വേദനിപ്പിയ്കുന്നതായി തോന്നി.

“ഏട്ടാ... കഴിയ്ക്കാറായോ..... ” ഭക്ഷണമെടുത്തു വെച്ച് അവള്‍ ചോദിച്ചു.“നാളെ എനിയ്ക്ക് ക്ലാസ്സുള്ളതാ..ഒന്നും നോക്കീട്ടില്ല്യാ....“

“മോളേ നിങ്ങളു കഴിച്ചോളൂ ഞങ്ങളിത്തിരി നേരം കഴിഞ്ഞിട്ടേയുള്ളൂ...” അച്ഛാനാണ് മറുപടി പറഞ്ഞത്. എന്നിട്ടു എന്നെ നോക്കിയൊന്നു ചിരിച്ചു ഒരു കളിയാക്കലിന്റെ ധ്വനിയുണ്ടായിരുന്നു ആ ചിരിയ്ക്ക്, അതോ എനിയ്കു തോന്നിയതോ..

“ ആരു പറഞ്ഞു ഞാന്‍ കാണിച്ചതൊക്കെ സ് നേഹം മാത്രമായിരുന്നുവെന്ന്,....

ഒന്നു നിര്‍ത്തിയിട്ട് അച് ഛന്‍ വീണ്ടും തുടര്‍ന്നു

“അതൊക്കെ ഒരു സമൂഹ്യജീവിയാ‍യ മനുഷ്യന്‍ എന്ന നിലയ്ക്ക് എന്റെ കടമകള്‍ മാത്രമായിരുന്നു അതൊക്കെ ഞാന്‍ ഉത്തരാ‍വാദിത്വത്തോടെ ചെയ്തു തീര്‍ക്കുകയായിരുന്നു..ഒരു മനുഷ്യന്‍ അവന്റെ ജീ‍വിതലക്ഷ്യം കൈവരിയ്ക്കുന്നതു വരെ സമാധാനത്തോടെ ജീവിയ്ക്കാന്‍ അവനു ആരോഗ്യകരമായ മനസ്സും ശരീരവും വേണം, ഒരു രക്ഷകര്‍ത്താവെന്ന നിലയ്ക്ക് ഞാന്‍ അതു തരിക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ........മാനുഷികപരമായ ചാപല്യങ്ങളാല്‍ നീയും ഞാനുമൊക്കെ അതു സ് നേഹമായി കണക്കാക്കുന്നു..

അച് ഛന്‍ ഒന്നു നിര്‍ത്തി എന്റെ മുഖത്തേയ്ക്ക് നോക്കി, പിന്നെ അകലെയ്കു നോക്കിക്കൊണ്ടു തുടര്‍ന്നു.
“നീ പറഞ്ഞല്ലോ എന്നോടുണ്ടായിരുന്ന ഇന്റിമസി നിനക്കു നിന്റെ മോനോടു തോന്നുന്നില്ലെന്നു......നിനക്കൊരു അച്ഛനാവാന്‍ .... ഉത്തരവാദിത്വമുള്ള മനുഷ്യനാവാന്‍ പോലും പക്വതയിലെന്നേ ഞാന്‍ പറയൂ, നിനക്കു മാത്രമല്ല നിന്നെ പോലുള്ളവര്‍ക്കെല്ലാം......

“അപ്പോള്‍ സ് നേഹമെന്നു പറയുന്നത്..... “ഞാന്‍ വീണ്ടും ചോദിച്ചു.

“അതൊക്കെ നിന്നെ പോലുള്ളോര്‍ക്കു വെറുതെ സങ്കടപെടാനുള്ള ഒരു കാര്യം മാത്രമാണെടാ....:“
അച്ഛന്‍ തുടര്‍ന്നു..

ഒന്നു മിണ്ടാതെ ഞാന്‍ അച് ഛനെ കേട്ടു, ഒന്നുമില്ലാത്തിടത്തു നിന്നു ജീവിതം തുടങ്ങിയത്, താണ്ടി വന്ന വഴികള്‍ ‍, ചെയ്തു തീര്‍ത്ത ഉത്തരവാദിത്വങ്ങള്‍ ,കടമകള്‍ , ഒരാള്‍ക്കും മോശമെന്നു പറയാനവസരം കൊടുക്കാതെ ജീവിയ്ക്കാന്‍ കഴിഞ്ഞതൊക്കെ, അവസാനം മരണം പോലും.
വാക്കുകളുടെ പെരുമഴയില്‍ ഞാന്‍ കുതിര്‍ന്നു. അവസാനം അച് ഛന്‍ ചോദിച്ചു

“ഇനി നീ പറയൂ, നമുക്കാരോടെങ്കിലും സ് നേഹമുണ്ടോ.....പ്രത്യേകിച്ച് ആരോടെങ്കിലും”

ഞാന്‍ മറുപടി പറഞ്ഞില്ല.

തെല്ലിട കഴിഞ്ഞ് ബാല്‍ക്കണിയില്‍ നിന്നും ഹാളിലേയ്കു നോക്കിയിട്ടു അച്ഛന്‍ പറഞ്ഞു

“അവളു കിടന്നുവെന്നു തോന്നുന്നു വെറുതെ ലൈറ്റ് ഓണ്‍ ചെയ്തു വെയ്കണോ...ഞാന്‍ ഓഫ് ചെയ്തിട്ടു വരാം ”

കുറച്ചു കഴിഞ്ഞിട്ടും തിരികെ വരുന്നത് കാണാത്തതിനാല്‍ ഞാന്‍ ഹാളിലേയ്കു കയറി.

ഇരുട്ട് .....

വീണ്ടും കണ്ണു തുറന്നു നോക്കി ഇരുട്ട് തന്നെ

ഒരു നനുത്ത കൈ നെറ്റിയില്‍ പതിഞ്ഞു എന്നിട്ടു ചോദിച്ചു

“ എന്തേ അച് ഛനെ സ്വപ്നം കണ്ട്വോ..........”

മെല്ലെ എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ ഹാളിലെയ്കു നടന്നു , ഇരുട്ടു തന്നെ മെല്ലെ, ലൈറ്റിട്ടു സോഫയില്‍ ഇരുന്നു, അപ്പോള്‍ ടീപ്പോയിലിരുന്ന ഇ.എം.എസ്സിന്റെ പത്താം മരണ വാര്‍ഷികത്തിന്റെ സപ്ലിമെന്റ് പേജില്‍ “ ഞാന്‍ മാത്രം മടങ്ങി “ വന്നാല്‍ മതിയോയെന്ന മന്ദഹാ‍സാത്തോടെ നമ്പൂതിരിപ്പാടെന്നെ നോക്കുന്നതെന്റെ കണ്ണില്‍ പെട്ടു.