2008, ഡിസംബർ 15, തിങ്കളാഴ്‌ച

അളവറിയാത്ത കുപ്പായങ്ങള്‍....(ചെറുകഥ)

“അച്ഛാ........അച് ഛന്‍ വരുമ്പോ ഒരു ചെഗുവരേന്റെ മുഖചിത്രള്ള ടീ ഷര്‍ട്ട് കൊണ്ട് വര്വോ............”

എഞ്ചീനീയറിങ്ങ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായ മകന്‍ ചോദിച്ചപ്പോള്‍ മോഹനനു വല്ലാത്ത സന്തോഷമായി തന്റെ മനസ്സിലൂടെ തന്നെയാണല്ലോ അവന്‍ ലോകത്തെ നോക്കാന്‍ ശ്രമിയ്കുന്നതെന്ന ആശ്വാസം.

“ചെഗുവേര ആരാന്നറിയോ അണക്ക്.........”

“പിന്നെന്താ.........” ഫോണിലൂടെയാണെങ്കിലും അവന്റെ അറിയാമെന്നുള്ള ആത്മവിശ്വാസം അയാളെ പഴയ കാലങ്ങളിലെയ്കു കൊണ്ടു പോയി.കൂടെ അവന്റെ കോളെജില്‍ സജീവമായ ഇടതു പക്ഷ വിദ്യാര്‍ത്ഥി സംഘടനയില്‍ മെമ്പര്‍ഷിപ്പെടുത്ത കാര്യം കൂടി കേട്ടപ്പോള്‍ അവന്റെ പ്രായോഗികതയില്‍ മതിപ്പു കൂടി, ആദ്യമാ‍യാണവന്‍ വീടു വിട്ടു ഹോസ്റ്റലില്‍ നില്‍ക്കുന്നത്. സംവരണത്തിന്റെ സഹായമില്ലാതെ തന്നെഎഞ്ചിയീനിയറിങ്ങിനു അഡ്മിഷന്‍ അവന്റെ വാശിയായിരുന്നു ,നല്ല റാങ്കും സംവരണവും അവനു ഏറ്റവും നല്ല കോളെജില്‍ തന്നെ പ്രവേശനം കിട്ടാന്‍ സഹായിച്ചിരുന്നു.

തന്നെ വിളിയ്ക്കാനുള്ള ബെല്ലടിച്ചപ്പോള്‍ പെട്ടന്നു ഫോണ്‍ കട്ടു ചെയ്ത് മാഡത്തിന്റെ ഓഫീസിലേയ്കു ചെന്നു.

“ഈ കവര്‍ അവിടെ എത്തേണ്ടത് എന്റെ ഉത്തരവാദിത്വമാണ് അതു കൊണ്ട് റജിസ്റ്ററായി പോസ്റ്റ് ചെയ്ത് ..അക്നോളജ്‌മെന്റ് വാങ്ങാന്‍ മറക്കരുത്........” കവര്‍ തരുമ്പോള്‍ ഐലീന്‍ മാഡം പ്രത്യേകം പറഞ്ഞു.

വിലാസം അമേരിയ്കയിലെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിലെതാണ്.

തന്റെ പോസ്റ്റല്‍ വോട്ട് കൃത്യസമയത്ത് തന്നെ എത്തിയ്കാനുള്ള അവരുടെ ശുഷ്കാന്തി മോഹനെ അന്നു അത്ഭുതപ്പെടുത്തിയിരുന്നില്ല.കാരണം ഐലീന്‍ എന്ന അമേരിയ്കന്‍ സ്കൂളിന്റെ പ്രിന്‍സിപ്പാള്‍ മറ്റുള്ളവരെപോലെ ലോകമെന്തന്നറിയാത്ത ജനാധിപത്യബോധമില്ലാത്ത ഒരു അമേരിയ്കന്‍ വനിതയായി അവരുടെ പേര്‍സണല്‍ അസിസ്റ്റന്റായ മോഹനു തോന്നിയിരുന്നില്ല.അവര്‍ക്കു വ്യക്തമായ രാഷ്ട്രീയബോധമുണ്ട്, സ്കൂളിലേയ്ക് പോവുമ്പോഴും മടങ്ങുമ്പോഴുമുണ്ടാവുന്ന ഒന്നരമണിക്കൂര്‍ ദൂരത്തിന്റെ യാത്രയിലാണ് അവരുടെ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കാറുണ്ടായിരുന്നത്. റേഡിയോയില്‍ നിന്നുള്ള ബി.ബി.സി വാര്‍ത്തകളും മറ്റു സാമൂഹ്യചര്‍ച്ചകളുമെല്ലാം മോഹനു മനസ്സിലാകുന്ന ഭാഷയിലൂടെ വളരെ ലളിതമായ ഇംഗ്ലീഷില്‍ പറഞ്ഞു കൊടുക്കും, ചിലപ്പോള്‍ ഇന്റര്‍നെറ്റില്‍ നിന്നെടുക്കുന്ന പ്രിന്റ ചെയ്ത ലേഖനങ്ങളാവും. വായിച്ചാല്‍ മനസ്സിലായിലെങ്കിലും ചോദിച്ചാല്‍ ഒരു വിദ്യാര്‍ത്ഥിയോടുള്ള നിഷ്‌കളങ്കതയോടെ അവര്‍ വിശദീകരിയ്കും.

ആദ്യമൊക്കെ വല്ലാത്ത ചമ്മലായിരുന്നു മോഹനു ചോദിയ്കാന്‍, പത്താം ക്ലാസ്സുകാരന്‍ എത്ര കാലവും ഗള്‍ഫില്‍ നിന്നാലും അവനുണ്ടാവുന്ന ഭാഷാപരമായ പരിമിതിയും ഉള്ളതു തുറന്നു പ്രകടിപ്പിയ്കാനുള്ള അപകര്‍ഷതയൊക്കെ തന്റെ തന്നെ പ്രായമുള്ള മാഡത്തിനു മനസ്സിലാക്കാന്‍ ഏറെ സമയമെടുത്തിരുന്നില്ല.അതു മാറ്റാനണോ എന്തോ....അവര്‍ പറഞ്ഞു വന്ന വിഷയം എന്തു കൊണ്ട് അമേരിയ്കയില്‍ നിന്നും കൂടുതല്‍ പുറം തൊഴില്‍ കരാറുകളുണ്ടാവുന്നതിനെ കുറിച്ചായിരുന്നു.കൂടിയ അഭ്യന്തരമായ ഉല്പാദന ചിലവിനുണ്ടാവുന്ന പ്രധാന കാരണങ്ങളിലൊന്നായ നിരക്ഷരത. അടുക്കളയിലെ കൂറമരുന്നില്‍ നിന്നും വിഷബാധയേറ്റാന്‍ ചെയ്യേണ്ട മറുമരുന്നിന്റെ വിവരം വായിച്ചു മനസ്സിലാവാത്ത 5 കോടിയോളം വരുന്ന അമേരിയ്കക്കാരനെ കുറിച്ച്, കീബോഡിലെ ചിച്നങ്ങള്‍ തിരിച്ചറിയാത്ത കുട്ടികളുള്ള സിലിക്കണ്‍ വാലിയില്‍ നിന്നും ഏറെ ദൂരയല്ലാത്ത ഉള്‍നാടന്‍ പട്ടണങ്ങളെ കുറിച്ചോക്കെ വിശദീകരിയ്കാറുള്ളത് സങ്കീര്‍ണ്ണമായ ആധുനിക സമൂഹത്തില്‍ പങ്കാളിയാവുന്നതില്‍ കഴിവിന്റെ കാര്യത്തില്‍ അംഗവൈകല്യമുള്ള തന്റെ ന്യൂനതകള്‍ പറഞ്ഞപ്പോഴായൊരുന്നു. ബൈബിള്‍ പോലും വായിയ്കാനറിയാതെ തോക്കുകള്‍ നന്നായി പ്രവര്‍ത്തിപ്പിയ്കാനറിയുന്ന താന്‍ പഠിപ്പിച്ച സ്കൂളിലെ കുട്ടികളെ മാറ്റിയെടുത്ത കഥകള്‍ അവര്‍ എന്തോ ഇടയ്കിടെ പറയുമായിരുന്നു. തിരക്കുള്ള സമൂഹത്തില്‍ താന്‍ ഇഷ്ടപ്പെടുന്ന വിഷയങ്ങളെ കുറിച്ച് സംസ്സാരിയ്കാനൊരാളെ കണ്ടെത്തിയ സന്തോഷമുണ്ടാക്കുന്നൊരു മാനസികമായ അടുപ്പം അവര്‍ക്കു കറുത്ത തൊലിയുള്ള മോഹനുമായുണ്ടായിരുന്നു.

പോസ്റ്റല്‍ ബാലറ്റ് അയച്ചു കഴിഞ്ഞപ്പോള്‍ എന്തോ വല്ലാത്തൊരു വേദന തോന്നി മോഹനന്, 47 വയസ്സിനിടയ്ക് ഒരിയ്കല്‍ പോലും വോട്ടു ചെയ്യാനോ, വോട്ടര്‍ പട്ടികയിലോ പേരിനിടമില്ല്ലാതായ സാഹചര്യങ്ങളിലൂടെ നീങ്ങുന്ന ഒരു പൌരന്റെ സ്വാഭവികമായ വേദന. തങ്ങളെ ഭരിയ്കാനുള്ളവരെ തിരഞ്ഞെടുക്കാനുള്ള അവകാശമില്ലായ്മയുടെ സങ്കീര്‍ണതകളും , സാങ്കേതിക ന്യൂനതകളും ,യാത്രകള്‍ക്കിടെ പിന്നിലേയ്കു മറഞ്ഞു പോകുന്ന ഒരിയ്കലും തിരിഞ്ഞൊന്നു നോക്കാന്‍ തോന്നാത്ത ജാലകകാഴ്ചകളെ പോലെ മോഹന്റെ മനസ്സില്‍ അലട്ടിയിരുന്നു. അതു മായാനാണ് മാഡം ആര്‍ക്കായിരിയ്കും വോട്ട് ചെയ്തിട്ടുണ്ടാവുക എന്ന ചിന്തയെ മുന്നോട്ടു കൊണ്ടുവന്നത്, കളികളിലൊന്നും ഭാഗമാവാതെ എല്ലാം പുറത്തു നിന്നു മാത്രം കണ്ട് ആവേശം കൊള്ളുന്ന ശരാശാരി വിദേശ ഇന്ത്യക്കാരന്റെ മനസ്സു തന്നെയായിരുന്നു ഈ കാര്യത്തിലും.

“ഒരു മൂന്നാം ലോക രാജ്യത്തിലെ ദരിദ്രമായ തെരുവുകളില്‍ നിന്നോ അതോ, ശത്രു രാജ്യത്തിന്റെ പീഡനമുറീയില്‍ നിന്നോ ....വൈറ്റ് ഹൌസ്സിനെ ധന്യമാക്കാന്‍ വരുന്നത് ആരാണാവോ....:

പ്രൈമറികളില്‍ നിന്നുള്ള തിരഞ്ഞെടുപ്പുകള്‍ വാര്‍ത്തകള്‍ വരുമ്പോള്‍ കിടക്കാന്‍ നേരം പ്രകാശനാണ് ഈ ചോദ്യം ചോദിച്ചത്, സ്വല്പം പുച്ഛത്തോടെ.പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാലും താന്‍ ജീവിയ്കുന്നതു പോലും കമ്യൂണിസ്റ്റാശയങ്ങള്‍ക്കു വേണ്ടിയാണെന്ന സത്യസന്ധതയോടെ ഒരു അഭയാര്‍ത്ഥി ജീവിതം നയിയ്കുകയാണ് പ്രകാശന്‍. അവന്റെ അഭിപ്രായത്തില്‍ അമേരിയ്കന്‍ പ്രസിണ്ടായി ആരു വന്നാലും ആര്‍ക്കും ഒന്നും സംഭവിയ്കാനില്ല എല്ലാം അതു പോലെ തന്നെ തുടരും വച്ചിരിയ്കുന്ന മുഖം മൂടികള്‍ മാത്രം മാറുമെന്നു മാത്രം.

“ഒരു മുസ്ലീമായ നീഗ്രോയെ അമേരിയ്കക്കാരനുണ്ടോ ജയിപ്പിയ്കുന്നു, ഹിലാരിയാണെങ്കീ പുഷ്പം പോലെ ജയിച്ചേനെ...അവന്മാരുണ്ടോ പൊലയനു അധികാരി പണി കൊടുക്കുണൂ...........”

ജോസഫേട്ടന്‍ മുഴുവനാക്കാതെ നിര്‍ത്തി, ചപ്പാത്തി കഷ്ണങ്ങള്‍ മീന്‍ കറിയില്‍ മുക്കി വായിലേയ്കു വെയ്കുന്നതിനിടയില്‍ സ്വയമറിയാതെ അഭിപ്രായം പുറത്തു വന്നതിന്റെ ജാള്യ്യ്യതയോടെ തിരിഞ്ഞു പ്രകാശനെ നോക്കി. പ്രകാശന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു ജോസഫേട്ടനെ തിരിച്ചു നോക്കി. അന്നു കറി വെയ്കുന്നതിന്റെ ഊഴം മോഹനന്റെതായിരുന്നു.

മോഹനന്‍ ഭാവമാറ്റമൊന്നും കൂടാതെ ടി.വിലെയ്കു തന്നെ നോക്കിയിരുന്നു, ആര്‍ക്കും മറുപടി കൊടുത്തില്ല. വാര്‍ത്തകള്‍ തുടരുകയായിരുന്നു.

പിറ്റേന്നു മോഹനനും ഐലീനും സംസ്സാരിച്ചത് ലോകത്തിലെ ഏറ്റവും വലിയ അധികാരസ്ഥാനത്തിന്റെ യോഗ്യത നിശ്ചയിയ്കുന്ന മതത്തിന്റെയും ജാതിയുടെയും വര്‍ഗ്ഗങ്ങളുടെയും മാനദ്ദണ്ഡങ്ങളായിരുന്നു.അന്നു തിരിച്ചു പോരുമ്പോള്‍ ഐലീന്‍ കൊടുത്ത ലേഖനത്തില്‍ വളരെ ലളിതമായ ഇംഗ്ലീഷില്‍ എഴുതിയിരുന്നു.

” ഞാന്‍ കെനിയയില്‍ നിന്നുള്ള ഒരു കറുത്തവന്റെയും കാന്‍സാസില്‍ നിന്നുള്ള വെളുത്ത സ്ത്രീയുടെയും മകനാണ്, രണ്ടാം ലോക മഹായുദ്ധത്തില്‍ ജനറല്‍ പാറ്റണ്‍ന്റെ സൈന്യത്തില്‍ സേവനമനുഷ്ടിച്ച് മനസ്സു തകര്‍ന്ന ഒരു വെള്ളുത്ത മുത്തച്ഛനും പോര്‍ട്ട് ലെവന്‍ വെര്‍ത്തിലെ ബോബര്‍ ലൈനില്‍ ജോലി ചെയ്ത് ഒരു വെള്ളുത്ത മുത്തശ്ശിയുമാണ് എന്നെ വളര്‍ത്തിയത്....ലോകത്തിലെ ഏറ്റവും ദാരിദ്ര്യമുള്ള ഒരു രാജ്യത്തില്‍ ഞാന്‍ വളര്‍ന്നിട്ടുണ്ട്. ഞാന്‍ വിവാഹം കഴിച്ചിരിയ്കുന്നത് കറുത്ത അമേരിയ്കക്കാരിയെയാണ് അവളുടെ രക്തത്തില്‍ അടിമകളുടെയും അടിമയുടമകളുടെയും രക്തത്തിന്റെയും കലര്‍പ്പുണ്ട് .ആ‍ പാരമ്പര്യമാണ് ഞങ്ങള്‍ ഞങ്ങളുടെ പ്രിയപ്പെട്ട പെണ്‍മക്കളിലേയ്കു പകര്‍ന്നിരിയ്കുന്നത്. എനിയ്കു മൂന്ന് വന്‍കരകളിലായി പല വര്‍ണ്ണങ്ങളിലും വിശ്വാസത്തിലുംപെട്ട സഹോദരന്മാരും സഹോദരിമാരുമുണ്ട്.................

ആ വരികളിലൂടെ നീങ്ങുമ്പോള്‍ തോണികളിറക്കാന്‍ വയ്യാതെ കറുത്ത വര്‍ഗ്ഗക്കാരായ അടിമകളുടെ ശവശരീരങ്ങള്‍ നിറഞ്ഞു കിടക്കുന്ന നദികളിലൂടെ നീന്തി പഞ്ചാര മണല്‍ നിറഞ്ഞ പുഴവക്കത്തുള്ള പഞ്ചായത്തിലെ തോട്ടിയായ കോരിയുടെ പാതി ഓലമേഞ്ഞ വീട്ടിലേയ്ക്കായിരുന്നു കയറിപോയത്. ചാണകം മെഴുകിയ ഇളം തിണ്ണയിലെ തഴപ്പാ‍യയില്‍ കാക്കി ടൌസറും മുഷിഞ്ഞ ബനിയനുമിട്ടു കിടന്നുറങ്ങുന്ന കോരിയും താനുമായുള്ള ബന്ധം. കെനിയക്കാരന്‍ ബാരക്ക് ഹുസൈന്‍ ഒബാമയും നിയുക്ത അമേരിയ്കന്‍ പ്രസിണ്ടായ ബാരക്ക് ഓബമയുമായുള്ള ബന്ധം പോലെ വായിച്ചെടുത്തിരുന്നു.

മോഹനന്‍ , കോരിയ്കും അവന്റെ പെണ്ണ് വെള്ളയ്കും കാലം തെറ്റിയുണ്ടായ നാലാമത്തെ മകനായിരുന്നു, ആ പ്രസവം കൊണ്ടു തന്നെ വെള്ള പോയി. ഓര്‍മ്മ വെച്ച കാലം മുതലേ മോഹനന്‍ അച്ഛനെ കാണുന്നത് കാക്കി ട്രൌസറും മുഷിഞ്ഞ ഷര്‍ട്ടോ അല്ലെങ്കില്‍ ബനിയനോ ഇട്ടു കൊണ്ട്, പാതകള്‍ക്കരുകിലൂടെ നീണ്ട് മുളവടിയുടെ തലപ്പത്ത് ചൂലു കെട്ടി വെച്ച് അടിച്ചു വാരുന്നതോ, ചവറുകള്‍ നിറച്ച കൈവണ്ടി തള്ളി കൊണ്ടു നടുക്കുന്നതോ, കാനകള്‍ വൃത്തിയാക്കുന്നതോ അല്ലെങ്കില്‍ അനാഥ ശവങ്ങളെ ചുടലക്കാട്ടിലേയ്ക്ക് നിലയുറയ്ക്കാത്ത കാലുകളോടെ കൈവണ്ടികളില്‍ തള്ളികൊണ്ടു പോവുന്ന രൂപങ്ങളായിരുന്നു. അല്ലെങ്കില്‍ സന്ധ്യയാവുമ്പോഴേയ്കും പുറത്തെ അരിതിണ്ണയിലെ തഴപ്പായയില്‍ ചുരുണ്ടു കിടന്നുറങ്ങുന്ന കുറിയ കറുത്ത രൂപത്തെയായിരുന്നു. മൂത്ത മകന്‍ ജ്ഞാനസ്നാനപ്പെട്ടു പോയതോ, രണ്ടാമത്തവന്‍ സമുദായത്തിന്റെ അഡ്രസ്സായി കൊടികുത്തിയും ചുമരെഴുതിയും പാര്‍ട്ടി പ്രവര്‍ത്തനം നടുത്തുന്നതോ, ഇവര്‍ക്കു രണ്ടു പേര്‍ക്കുമിടയിലുള്ള മകളാണ് ആരാന്റെ അടുക്കളപ്പുറം കഴുകിയും മുറ്റമടിച്ചും അവസാനത്തെ കുഞ്ഞിനെ വളര്‍ത്തുന്നതെന്ന ചിന്തയോ ഒരു അര തരിപ്പിലുറങ്ങുന്ന അയാള്‍ക്കുള്ളതായി മോഹനനു തോന്നിയിട്ടില്ല. അതോ പ്രായത്തിന്റെ തിളപ്പില്‍ തെറ്റിദ്ധരിച്ചതാണോയെന്നും നിശ്ചയമില്ലായിരുന്നു. ചക്കയും തേങ്ങയും നിറച്ച ചാക്കുകെട്ടുകള്‍ക്കൊപ്പം മുഷിഞ്ഞ തോല്‍ സഞ്ചിയുമായി നാരായണന്‍ മൂത്താരുടെ മകന്‍ ശിവദാസന്റെ കൂടെ ബോംബെ ജയന്തിയ്കു കാത്തു നില്‍ക്കുമ്പോള്‍ കാക്കി ട്രൌസറിലെ പോക്കറ്റില്‍ നിന്നും കുറച്ചു മുഷിഞ്ഞ നോട്ടുകള്‍ ചുരുട്ടി തന്നതായതു മാത്രമാണ് , അച് ഛനെന്ന നിലയില്‍ നല്ലൊരോര്‍മ്മ. മാടമ്പി ഏരിയില്‍ കോരി മകന്‍ മോഹനനെന്ന വിലാസമുണ്ടാക്കി തന്ന മനുഷ്യനുമായുള്ള മാനസികമായ ബന്ധം വായിച്ചടെക്കുമ്പോള്‍ അയാള്‍ക്കുണ്ടാവുന്നത്.

നവം‌മ്പര്‍ നാലിന്റെ വിജയ പ്രസംഗം കേട്ട് കഴിഞ്ഞ് തളര്‍ന്നുറങ്ങിയ അമേരിയ്കന്‍ ജനത ഡെമോക്രാറ്റുകളോ റിപ്പബ്ലിക്കുകളോ എന്നില്ലാതെ അമേരിയ്കന്‍ പൌരന്മാര്‍ മാത്രമായി പിറ്റേന്നു രാവിലെ എഴുന്നേറ്റ് ഓഫീസ്സുകളിലേയ്കു പോവുമ്പോള്‍ ഇങ്ങേ തലയില്‍ ഈ മധ്യ ഏഷ്യയില്‍ നിന്നും മോഹനന്‍ നാട്ടിലേയ്കു പോവാന്‍ ഓഫീസ്സില്‍ നിന്നു നേരത്തെ ഇറങ്ങുകയായിരുന്നു. കൂടെ ഐലീന്‍ മാഡം കൊടുത്ത് വിജയ പ്രസംഗത്തിന്റെ പ്രിന്റൌട്ടിന്റെ കോപ്പിയുമായി.

“ഇതൊക്കെ പഴേ സ്റ്റോക്കാ മോഹനാ............ഇവിടെ ഈ അറബി ചെക്കന്മാര് ഇപ്പോ ചോദിയ്ക്കാത്തോണ്ട് കൊണ്ടു വന്ന്‍ വെയ്ക്കാറില്ല....”

മകന്‍ പറഞ്ഞ ചെഗുവേരയുടെ മുഖചിത്രമുള്ള ബനിയന്‍ ബഷീര്‍ക്കായുടെ കടയില്‍ തിരയുകയായിരുന്നു മോഹനനും പ്രകാശനും കൂടി, സിനിമാ ക്രിക്കറ്റ് താരങ്ങള്‍, അമേരിയ്കന്‍ പതാക കൂടെ ഒബാമയുടെയും മുഖചിത്രങ്ങള്‍ പ്രിന്റ് ചെയ്ത് നിരവധി ബനിയനുകള്‍. അതിനിടയില്‍ നിന്നും ചുവപ്പില്‍ കറുത്ത നിറത്തില്‍ പ്രിന്റ് ചെയ്ത, തൊപ്പി വെച്ച് ചെരിഞ്ഞു നില്‍ക്കുന്ന “ ചെ ”യുടെ മുഖചിത്രമുള്ള ടി ഷര്‍ട്ട് തിരഞ്ഞെടുത്ത് കൊടുത്തത് പ്രകാശനായിരുന്നു, അതു തന്റെ മകനു പാകമാകുമോയെന്നു വിശദമായി നോക്കുമ്പോഴായിരുന്നു മോഹനന്റെ ഫോണ്‍ മൂന്നു തവണ മിസ്സ് കാള്‍ അടിച്ചത്, തിരിച്ച നാട്ടിലേയ്ക്ക് വിളിയ്ക്കാനുള്ള സൂചനയാണത് .

“അച് ഛാ.....നാളെ രാവിലെ അച് ഛനെത്തില്ലേ.............”

മൂത്ത മകളുടെ തേങ്ങലോടെയുള്ള സ്വരം

“അതെ നാളെരാവിലെ എത്തും .....എന്തേ...വല്ലതും കൊണ്ടരാണ്ടോ...”

“അച് ഛാ..... നമ്മുടെ മോനു ഹോസ്റ്റലില്‍ നിന്നും വന്നിട്ട്ണ്ട്.........ഹോസ്റ്റലില്‍ എല്ലാരും അവനെ കൂടി റാഗ് ചെയ്തിരിയ്കൂണ് ..........അചാച്ചന്റെ പേരും പറഞ്ഞ്ട്ട് അവടെളോരൊക്കെ അവനെക്കൊണ്ട് കഴിഞ്ഞ ഒരാഴ്‌ച അവിടുത്തെ കക്കൂസൊക്കെ കഴികിച്ച്ത്രേ...... വന്ന്ട്ട് എന്നോട് പറഞ്ഞിട്ട് കരച്ചിലോട് കരച്ചിലായിരുന്നു........ ഇപ്പോ ദാ.. റൂമില്‍ കേറി വതിലടച്ചിട്ട് തൊറക്കണൂല്ലാ......”
മോഹനനു സഹിയ്ക്കാനാവാത്തതായിരുന്നു കേട്ടതെല്ലാം.മകള്‍ തുടരുമ്പോള്‍ അയാളുടെ മുഖം വലിഞ്ഞു മുറുകി, മൂക്കുകള്‍ വികസിച്ചു അയാള്‍ വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി.നിയന്ത്രണ രേഖകളില്‍ നിര്‍ത്തിയിരുന്ന രക്തസമ്മര്‍ദ്ധം അതിരുകള്‍ ഭേദിയ്കുന്ന സൂചനകള്‍ ശരീരം വ്യക്തമാക്കി. മറുപടിയ്കായി വിമിഷ്ടത്തോടെ വാക്കുകള്‍ കിട്ടാതെ വന്നപ്പോള്‍ അയാള്‍ പറഞ്ഞു.

“അച് ഛനിപ്പോ തിരിച്ചു വിളിയ്കാ...മോളെ..“

എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്ത് ചുറ്റും നോക്കി. ബഷീര്‍ക്കയുടെ കടയില്‍ നിന്നറങ്ങി അടുത്ത കടയില്‍ നിന്നും കാര്‍ഡ് വാങ്ങി ഫോണ്‍ റീചാര്‍ജ്ജ് ചെയ്തു. വീട്ടിലേയ്ക് വിളിച്ചു ഭാര്യയെയും മകളെയും സമാധിപ്പിച്ചു. ഏറെ നിര്‍ബന്ധങ്ങള്‍ക്കു ശേഷം വാതില്‍ തുറന്നിറങ്ങിയ മകനെയും ലൈനില്‍ കിട്ടിയപ്പോള്‍ അവന്‍ പൊട്ടികരയുകയായിരുന്നു നാളെ രാവിലെ താനെത്തുമെന്നും നമ്മുക്ക് വേണ്ട്ത് ചെയ്യാ‍മെന്നും പറഞ്ഞു ആശ്വസിപ്പിയ്കാന്‍ ശ്രമിച്ചു. അവന്റെ വിഷമമൊന്നു മാറുന്നതുവരെ അയാള്‍ ലൈനില്‍ തന്നെയായിരുന്നു.

അരമണിക്കൂറിലധികമായിട്ടും തിരികെ വരാത്ത മോഹനെ നോക്കി പ്രകാശന്‍ കടയുടെ പുറത്തേയ്കു വരുമ്പോഴാണ്, രക്തപ്രസാദം വാര്‍ന്നു നീലിച്ച മുഖവുമായി മോഹനന്‍ കയറി വന്നത്. പ്രകാശന്‍ തിരഞ്ഞെടുത്ത ചെഗുവേരയുടെ മുഖചിത്രമുള്ള ബനിയന്‍ നിവര്‍ത്തി നോക്കി, പിന്നീട് ചുറ്റും വെച്ചിരിയ്കുന്ന ഡിസ്‌പ്ലേയ്ക്കായി വെച്ചിരിയ്കുന്ന മറ്റുള്ള ടിഷര്‍ട്ടുകളിലേയ്കും നോക്കി.കയ്യിലുള്ളത് മാറ്റി വെച്ച്, വില കൂടിയ ഒബാമയുടെ മുഖചിത്രമുള്ള ടിഷര്‍ട്ട് തിരഞ്ഞെടുത്ത്, ബഷീര്‍ക്കയ്ക് പായ്ക് ചെയ്യാന്‍ കൊടുക്കുമ്പോള്‍ മുഖത്തടിയേറ്റു നില്‍ക്കുന്നതു പോലെ നില്ല്ക്കുന്ന പ്രകാശനെ ഒന്നു ശ്രദ്ധിയ്കുക കൂടി ചെയ്തില്ല.

പൈസ കൊടുത്ത്, ബാഗുമായി പുറത്തേയ്കുറിങ്ങുമ്പോള്‍ പ്രകാശന്‍ ആ അനിഷ്ടം പ്രകടിപ്പിയ്കാനും മറന്നില്ല.

“ഇതിനാണെങ്കീ എന്നെ കൂടെ വിളിയ്കണായിരുന്നോ മോഹനേട്ടാ..........”

ശ്രദ്ധിച്ചില്ല, കൂടെയുണ്ടെന്നു പോലും നോക്കാതെ വേഗം റൂ ലക്ഷ്യമാക്കി നടന്നു.

നേരംകെട്ടനേരത്തു ചാര്‍ട്ടു ചെയ്തു വച്ച ബഡ്ജറ്റ് എയര്‍ ലൈനിന്റെ സമയ നിഷ്ടയ്കനുസരിച്ച് എയര്‍പ്പോര്‍ട്ടിലേയ്കു പോവുമ്പോഴാണ് വീണ്ടും തുടര്‍ന്നത്.

“ മുതലാളിത്തതിനു കിട്ടിയ ഒരു കറുത്ത മുഖമാണ് ഓബാമ...........അല്ലാതെ എന്ത് പ്രസക്തിയാ....മോഹനേട്ടാ........”

ഡ്രൈവു ചെയ്യുകയായിരുന്നു പ്രകാ‍ശന്‍

മോഹനന്റെ ബനിയന്റെ തിരഞ്ഞെപ്പിന്റെ കാര്യത്തിലുള്ള നിലപാടുമാറ്റം പ്രകാശനു ഓട്ടും സഹിയ്ക്കാനാവാത്തതായിരുന്നു.കാരണം അത്രയേറെ മാനസിക അടുപ്പമായിര്‍ന്നു അയാള്‍ക്ക് മോഹനോട്...

മോഹനന്റെ മൌനം അയാളെ കൂടുതല്‍ വിശദീകരിയ്കുവാന്‍ പ്രേരിപ്പിച്ചതായി തോന്നി.പ്രസിണ്ടിനു കൂടുതല്‍ അധികാരം നല്‍കുന്ന അമേരിയ്കന്‍ ഭരണവ്യവസ്ഥയുടെ പ്രത്യേകതകള്‍, അവരുടെ മുഖ്യ വരുമാന സ്രോതസ്സുകളായ ആയുധ കച്ചവടത്തെയും മിലിറ്ററി ട്രീറ്റികളെയും ആരു വന്നാലും ഒരു മാറ്റവും വരുത്താന്‍ കഴിയാത്തതരത്തിലുള്ള നിലവിലുള്ള സ്ഥിതികള്‍, കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് ഏറെ പ്രാതിനിത്യം കിട്ടിയ ബുഷ് ഭരണകാലത്തു അവര്‍ നിസ്സംഗരായി ഇരുന്നതു മാത്രമല്ല കൂടുതല്‍ ആക്രമോത്സുകരായി വന്നത്......എന്തിനേറെ വൈറ്റ് ഹൌസിലേയ്കു വന്ന നീഗ്രോ വേലകാരനാണെന്നൊഴികെ അതിനോടൊപ്പം വരുന്ന നിരവധി കാര്യങ്ങള്‍.
ഇതെല്ലാം കേട്ടുവെങ്കിലും മിണ്ടാതിരുന്നു മോഹനന്‍, അയാളുടെയുള്ളില്‍ മകനെ കുറിച്ചുള്ള ചിന്തകളായിരുന്നു. .

“ മധ്യാഹ്നം പിന്നിട്ട ഒരു സ്ത്രീയുടെ അടിവയറ്റിലുണ്ടായ ഒരു ഭ്രൂണമാണ് ഒബാമ....ഈ പിള്ള ഒരു പക്ഷെ ചാപ്പിള്ളയാവാം, അല്ലെങ്കില്‍ അലസിപോയെന്നും വരാം, എന്നാലും ഒരു ഗര്‍ഭപാത്രം അവിടെയുണ്ടെന്നല്ലെ നമ്മളെയറിയിയ്കുന്നത്....അവിടെ മേലിലും പുതിയ മുളകള്‍ ഉണ്ടാവില്ലെന്നു ആരു കണ്ടു......“

കാര്‍ എയര്‍പോര്‍ട്ടിന്റെ പാര്‍ക്കിങ്ങിലെത്തി പെട്ടികള്‍ ട്രോളിയില്‍ വെച്ചു തള്ളി നടക്കുമ്പോഴാണ് മോഹനന്‍ മനസ്സു തുറന്നത് .

“ഇതൊന്നും എന്റെ വാക്കുകളല്ല കേട്ടോ..........ബി.ബി.സി.ലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ വിവരമുള്ള ആരോ പറഞ്ഞതാ..........”

മറുപടി പറയാനായി പ്രകാശനൊരുങ്ങുമ്പോഴുയ്കും മോഹനന്‍ തുടര്‍ന്നു.

എല്ലാവരും പറയുന്നതു പോലെ അടിമകള്‍ക്കും അധഃകൃതര്‍ക്കും വേണ്ടത് സംവരണമോ സംരക്ഷണമോ അല്ല.........അവര്‍ക്കു വേണ്ട മോചനം ആദ്യം വേണ്ടത് അവരുടെയുള്ളില്‍ നിന്നുള്ള അപകര്‍ഷതയില്‍ നിന്നാണ് , തങ്ങള്‍ സംരക്ഷിയ്കപ്പെടേണ്ട വരാണ്, അല്ലെങ്കില്‍ ദുര്‍ബലരാണെന്ന സമൂഹമേല്‍പ്പിച്ചു കൊടുത്ത അപകര്‍ഷതയില്‍ നിന്ന്...... അതില്‍ നിന്നു കരകയറുമ്പോള്‍ അവരുടെ കഴിവുകള്‍ തന്നെ പുറത്തു വരും അപ്പോള്‍ അതു നിഷേധിയ്കാന്‍ ഏതു സമൂഹത്തിനുമാവില്ല..... ഇപ്പോ ഒരു തോട്ടിയുടെ പേരക്കുട്ടിയെന്നു വിളിച്ച റാഗ് ചെയ്യപ്പെട്ട്, മനസ്സു തളര്‍ന്നു കിടക്കുന്ന എന്റെ മോനിപ്പോ ആശ്വാസം... ഒരു പക്ഷേ ‘ ചെ ‘യുടെ മുഖത്തെക്കാളെറെ ഇതു പോലെ അയിത്തങ്ങളെയും അവഗണനകളെയും മറികടന്നു വന്ന ഒരു കറുത്തവര്‍ഗ്ഗക്കാരനായ ഒബാമയായിരിയ്കില്ലേ പ്രകാശാ‍......

മറുപടി പറയാനാവാതെ നില്‍ക്കുന്ന പ്രകാശനു നല്ലൊരു ഷേക്ക് ഹാന്‍ഡ് കൊടുത്ത് മോഹനന്‍ എയര്‍പ്പോര്‍ട്ടിനകത്തെ ലോഞ്ചിലേയ്ക് ട്രോളിയും തള്ളി നടന്നു നീങ്ങി.

16 അഭിപ്രായങ്ങൾ:

Nachiketh പറഞ്ഞു...

മനസ്സില്‍ തെളിയുന്ന പ്രതിബിംബങ്ങളിലൂടെ വായിയ്ക്കാന്‍ താല്പര്യപ്പെടുന്നു...

Santosh പറഞ്ഞു...

ആദ്യത്തെ തേങ്ങ എന്റെ വക!
അഭിപ്രായം വായിച്ചിട്ട്...

കിനാവ് പറഞ്ഞു...

ചെഗുവേരക്കു പകരം ഒബാമയെ മാറ്റി സ്ഥാപിക്കുക എന്നതിനോട് തത്വത്തില്‍ എതിര്‍പ്പാണെങ്കിലും കഥയിലെ ആ മാ‍റ്റിവെക്കല്‍ അനുയോജ്യമായതായി തോന്നി. എഴുത്തിന്റെയും വിഷയം കൈകാര്യം ചെയ്യുന്നതിന്റേയും മികവിന് കയ്യടി.

Sarija N S പറഞ്ഞു...

നന്നായിരിക്കുന്നു നചികേത്. ആദര്‍ശങ്ങളെക്കാളുപരി ആവശ്യങ്ങളാണ് മനുഷ്യനെ നയിക്കേണ്ടത് എന്ന് വരച്ചിട്ടിരിക്കുന്നു. മാറുന്ന സാ‍മൂഹിക ചിന്തയും സമകാലിക രാഷ്ട്രീയവും വിഷയമാകുന്ന ഈ കഥ നന്നായി എന്ന് ഒരാവര്‍ത്തി കൂടി പറയുന്നു

siva // ശിവ പറഞ്ഞു...

വളരെ സങ്കീര്‍ണ്ണമായി തോന്നിയെങ്കിലും കഥ വളരെ നന്നായി...ഈ ചിന്തയും....

maithreyi പറഞ്ഞു...

നല്ല സന്ദേശമുള്ള കഥ.അവതരണവും നന്ന്.എന്നാൽ ഐലിൻ മദാമ്മയെ വേറൊരു കഥയാക്കിയാൽ കൂടുതൽ readability ഉണ്ടാകുമെന്ന് തോന്നുന്നു.ഒരൽപ്പം എഡിറ്റിംഗ്‌.പക്ഷേ തോന്നില്ല അല്ലേ കത്രിക എടുക്കാൻ!.വിമർശിക്കാൻ എത്ര എളുപ്പം അല്ലേ?

എനിക്കും പറ്റിയിട്ടുണ്ടീ അബദ്ധം.ഒരു പാടു കാര്യങ്ങൾ ഒന്നിച്ചു പറയാൻ ശ്രമിക്കുന്ന ഏർപ്പാട്‌.

ഇനിയും എഴുതൂ,ഒരുപാടൊരുപാട്‌.......
?

വീണ പറഞ്ഞു...

നന്നായി.

ബെന്യാമിന്‍ പറഞ്ഞു...

ആശയങ്ങള്‍ മുഴച്ചു നില്ക്കുന്നു, ആശയങ്ങള്‍ വിശദീകരിക്കാനുള്ള കഥയല്ല, കഥയ്ക്കുള്ളിലെ ആശയങ്ങളാവും കുറെക്കൂടി മെച്ചമാവുക.
ഇനിയും എഴുതുക

നട്ടപിരാന്തന്‍ പറഞ്ഞു...

“എല്ലാവരും പറയുന്നതു പോലെ അടിമകള്‍ക്കും അധഃകൃതര്‍ക്കും വേണ്ടത് സംവരണമോ സംരക്ഷണമോ അല്ല.........അവര്‍ക്കു വേണ്ട മോചനം ആദ്യം വേണ്ടത് അവരുടെയുള്ളില്‍ നിന്നുള്ള അപകര്‍ഷതയില്‍ നിന്നാണ് , തങ്ങള്‍ സംരക്ഷിയ്കപ്പെടേണ്ട വരാണ്, അല്ലെങ്കില്‍ ദുര്‍ബലരാണെന്ന സമൂഹമേല്‍പ്പിച്ചു കൊടുത്ത അപകര്‍ഷതയില്‍ നിന്ന്...... അതില്‍ നിന്നു കരകയറുമ്പോള്‍ അവരുടെ കഴിവുകള്‍ തന്നെ പുറത്തു വരും അപ്പോള്‍ അതു നിഷേധിയ്കാന്‍ ഏതു സമൂഹത്തിനുമാവില്ല.....“

ഇതിലപ്പുറം വലിയ സത്യമുണ്ടോ നചികേത്....

നന്നായി എഴുതിയിരിക്കുന്നു..പ്രിന്റ് എടുത്ത് കൊണ്ടുപോയി രാത്രി ഉറക്കമൊഴിച്ചതിനു മുതലായി..

പണ്ടെഴുതിയ “ചില നേരങ്ങളില്‍” എന്ന പോലെ നല്ല അവതരണം.......പിന്നെ കിനാവ് പറഞ്ഞപോലെ.... “ചെ”യ്ക്ക് പകരം യോജിച്ചത് ഒബാമതന്നെയാണ്......മോഹനന്റെ തീരുമാനമായിരുന്നു. ആ സമയത്ത് ശരി....

കുഞ്ഞന്‍ പറഞ്ഞു...

ചെറിയ ഫ്ലാറ്റ്ഫോമില്‍ നിന്ന് ഒത്തിരി കാര്യങ്ങള്‍ പറഞ്ഞ നചിമാഷെ, അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. എന്നിരുന്നാലും ആശയങ്ങള്‍ പറയാന്‍ വേണ്ടി കഥയുടെ ഒഴുക്ക് സൃഷ്ടിക്കുന്നതുപോലൊരു ഫീലിങ്ങ് ഉണ്ടാകുന്നുണ്ട് എന്നാല്‍ കഴിഞ്ഞ പോസ്റ്റുകളില്‍ അങ്ങിനെയൊരു കൃത്രിമത്വം ഫീലു ചെയ്യുന്നില്ലതാനും.

G.manu പറഞ്ഞു...

നചികേതിന്റെ കഥകള്‍ സമയമെടുത്തു വായിക്കുന്നവയാണ്..ഇതിനും എടുത്തു സമയം

((എല്ലാവരും പറയുന്നതു പോലെ അടിമകള്‍ക്കും അധഃകൃതര്‍ക്കും വേണ്ടത് സംവരണമോ സംരക്ഷണമോ അല്ല.........അവര്‍ക്കു വേണ്ട മോചനം ആദ്യം വേണ്ടത് അവരുടെയുള്ളില്‍ നിന്നുള്ള അപകര്‍ഷതയില്‍ നിന്നാണ് , തങ്ങള്‍ സംരക്ഷിയ്കപ്പെടേണ്ട വരാണ്, അല്ലെങ്കില്‍ ദുര്‍ബലരാണെന്ന സമൂഹമേല്‍പ്പിച്ചു കൊടുത്ത അപകര്‍ഷതയില്‍ നിന്ന്.)

ഗൃഹതുരത്വവും പച്ചപ്പും മാത്രം കുറിപ്പുകളില്‍ നിറയ്ക്കാതെ പുതിയ ലോകത്തെക്കുറിച്ച് ചിന്തിച്ചെഴുതൂന്ന നചി കുറിപ്പുകള്‍ ഇനിയും വരട്ടെ...

Santosh പറഞ്ഞു...

നന്നായി - അഭിനന്ദിക്കാന്‍ വാക്കുകള്‍ തികയാതെ വരുന്നു...

സ്വന്തം അപകര്‍ഷതാബോധത്തില്‍ നിന്നും സമൂഹവും നീതിന്യായവ്യവസ്ഥയും സംവരണത്തിലൂടെ അടിച്ചേല്പിക്കുന്ന അപകര്‍ഷതയില്‍ നിന്നും തന്നെ ആണ് മോചനം വേണ്ടത്... (സമൂഹമെന്നാല്‍ നമ്മള്‍ ഒക്കെതന്നെ അല്ലെ?) അത് സ്വന്തം അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും ഉണ്ടാക്കുന്ന പൊന്നാവണം. പലരും നടന്ന വഴികള്‍ ശരിയായത് അവരുടെ തീരുമാനങ്ങള്‍ ഒന്നു കൊണ്ടു മാത്രമല്ല. സാഹചര്യങ്ങള്‍ കൊണ്ടും അത്തരം സാഹചര്യങ്ങളില്‍ അവര്‍ എടുത്ത തീരുമാനങ്ങള്‍ കൊണ്ടും ആണ്. അതുകൊണ്ട് സാഹചര്യത്തെ മറന്നു തീരുമാനങ്ങള്‍ മാത്രം അനുകരിച്ചാല്‍ എത്രമാത്രം മോചനം സാധ്യമാണ് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു...

സംവരണം ആവശ്യപെടുന്നവര്‍ തങ്ങളുടെ അടുത്ത തലമുറകളെ കൂടി ഈ അപകര്‍ഷതാബോധത്തിന്റെ കൂട്ടിലടക്കുകയാണ്... പാടിപ്പഴകിയ പഴങ്കഥകള്‍ വീണ്ടും വീണ്ടും ഊട്ടിഉറപ്പിച്ചുകൊണ്ട്‌... അത് അവര്‍ തിരിച്ചറിഞ്ഞെങ്കില്‍...

എനിക്കിഷ്ടപെട്ട വരികള്‍...
"സംവരണത്തിന്റെ സഹായമില്ലാതെ തന്നെഎഞ്ചിയീനിയറിങ്ങിനു അഡ്മിഷന്‍ അവന്റെ വാശിയായിരുന്നു " - അതാണ്‌ മക്കളില്‍ വളര്‍ത്തേണ്ടത്...

"അവര്‍ക്കു വേണ്ട മോചനം ആദ്യം വേണ്ടത് അവരുടെയുള്ളില്‍ നിന്നുള്ള അപകര്‍ഷതയില്‍ നിന്നാണ് , തങ്ങള്‍ സംരക്ഷിയ്കപ്പെടേണ്ട വരാണ്, അല്ലെങ്കില്‍ ദുര്‍ബലരാണെന്ന സമൂഹമേല്‍പ്പിച്ചു കൊടുത്ത അപകര്‍ഷതയില്‍ നിന്ന്...... അതില്‍ നിന്നു കരകയറുമ്പോള്‍ അവരുടെ കഴിവുകള്‍ തന്നെ പുറത്തു വരും അപ്പോള്‍ അതു നിഷേധിയ്കാന്‍ ഏതു സമൂഹത്തിനുമാവില്ല." - പരമമായ സത്യം, എന്റെ സ്വന്തം അനുഭവം...

എഴുത്ത് നന്നായി വരുന്നു... വിഷയങ്ങള്‍ കാലികപ്രാധാന്യം ആവുന്നു... ആശംസകള്‍!

അനില്‍ വേങ്കോട്‌ പറഞ്ഞു...

പ്രവാസിയെയും ലോകരാഷ്ടീയ സ്ഥിതികളെയും ദളിത് രാഷ്ടീരത്തെയും കണക്റ്റ് ചെയ്യുന്നതിലെ കാഥികനെ അഭിനന്ദിക്കുന്നു. പുതിയകാല സന്ത്രാസങ്ങളിൽ ദിശയറിയാവുന്ന ഒരുവനോടു യാത്രചെയ്യുന്ന അനുഭവം ഈ കഥകൾ തരുന്നുണ്ട്.

ലേഖാവിജയ് പറഞ്ഞു...

നന്നായിരിക്കുന്നു നചികേത്.വ്യത്യസ്തമായ പ്രമേയം.ഒരു മലയാളം ചെറുകഥയില്‍ ഒബാമയും കഥാപാത്രമാവുക :).നല്ല പുതുമയുണ്ട്.ആശംസകള്‍!

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

ബുഷ് എന്ന ചരിത്ര വഞ്ചഞ്ചകനോട് കാലം കരുതിവച്ച വാക്കുകള്‍ ഇങ്ങനെ ആയിരുന്നു.

" ചരിത്രം നിനക്ക് കള്ളനെന്ന മുദ്ര ചാര്‍ത്തപ്പെട്ട് നരകത്തിന്‍റെ തീരാവേദനയില് പെട്ട് നീ പടിയിറങ്ങുമ്പോള് നാളെയുടെ സൂര്യോദയം ഒരു കറുത്ത വര്‍ഗ്ഗക്കാരനു മുമ്പില് അടഞ്ഞു തുറക്കും.“

മാര്‍ട്ടിന് ലൂതര് കിംങ് പതിറ്റാണ്ടുകള്‍ക്ക് മുമ്പില് പറഞ്ഞത്
“ നാളെ വെളുത്ത കൊട്ടാരത്തിന്‍റെ അകത്തളങ്ങളില് കറുത്തവന്‍റെ സ്ഥാനാരോഹണം കടന്നു വരും. അതി വിദൂരമല്ലാതെ..!“

കാലത്തിനും ചരിത്രത്തിനും സാക്ഷിയാക്കി ഒബാമ എന്ന നിറങ്ങളില്‍ കറുത്തവന്‍ ലോകരാജ്യത്തിന്‍റെ തലവനായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു. ചരിത്ര നിയോഗം അതായിരുന്നുവെങ്കിലും കാലത്തിനും ലോകത്തിനും ഇവനില്‍ നിന്ന് പ്രതീക്ഷകളേറെയാണെകിലും നമ്മള്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു.

താണ്ടാനുള്ള ദൂരങ്ങളേറെയാണെങ്കിലും അകലെയല്ലാതെ ഒരു മെഴുകുതിരി വെളിച്ചം..! അതെ എന്ന് ഉറപ്പിച്ചു പറയാനാവാതെ… ഒരു ജനത.. അല്ല ലോക ജനത..!

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഹേമ പറഞ്ഞു...

ആശയങ്ങള്‍ മാത്രമായാല്‍ കഥയാവില്ല. കഥയില്‍ കഥയും ജീവിതവും ഉണ്ടാകണം എന്ന് കരുതുന്നു.
വീണ്ടും എഴുതുമല്ലോ

ഹേമ