2008, ജൂലൈ 30, ബുധനാഴ്‌ച

ഇവര്‍ ഉത്സവകച്ചവടക്കാരോ ദൃശ്യമാദ്ധ്യമ പ്രവര്‍ത്തകരോ.....

മഹത്തായ പാര്‍ലിമെന്റ് റിയാലിറ്റി ഷോ കഴിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു, സര്‍ക്കാരിന്റെ വിജയത്തിന്റെ തിളക്കം കെടുത്തിയ “ പാര്‍ലിമെന്റ്നകത്തെ നോട്ടു കെട്ടു“ വിവാദത്തെ തട്ടുകടകളും കൂടാരങ്ങളും പാര്‍ലിമെന്റിനുമുന്നില്‍ തട്ടികൂട്ടി കാര്യങ്ങളെല്ലാം ലൈവായി ലോകത്തിനു മുന്നിലെത്തിച്ച് ആഘോഷമാക്കി കൊണ്ടാടിയ മാധ്യമ പ്രവര്‍ത്തകര്‍ ,ഇന്നു ബോംബുകള്‍ തിരയുന്ന തിരക്കിലാണ്, പൊട്ടുന്നതും പൊട്ടാത്തതുമായ, ബോബുകളും , നിര്‍വീര്യമാക്കാനാവാത്ത നിരവധി നുണ ബോംബുകളും തിരഞ്ഞു നടക്കുന്നു।(ഇടതു പക്ഷ സഹയാത്രികനായ കൂട്ടുകാരന്റെ അഭിപ്രായത്തില്‍ ഈ ബോംബിനു പിന്നില്‍ സര്‍ക്കാരു തന്നെയാണ്, കോഴവിവാദത്തെ ജനത്തിന്റെ ശ്രദ്ധയില്‍ നിന്നകറ്റാനെന്നാണ് ന്യായീകരണം .സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പരാജയപ്പെട്ട ഇടതു പക്ഷത്തിനോ, N.D.A യ്കുമെന്താ അങ്ങിനെയായികൂടെ എന്നു മറുചോദ്യത്തിനു അദ്ദേഹത്തിനു മറുപടിയില്ലായിരുന്നു ) വളരെ അത്ഭുതകരമായി തോന്നുന്നു, ജനാധിപത്യ വിശ്വാസികളെ മണ്ടന്മാരാക്കിയ “നോട്ടു കെട്ടു സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കാനോ,അതിനു ഭരണഘടനാ പരമായഭേദഗതികള്‍ക്കുള്ള ഒരു ചര്‍ച്ചപോലും ഒരു ദൃശ്യമാദ്ധ്യമങ്ങളിലും കാണാന്‍ കഴിഞ്ഞില്ല, കാണാന്‍ കഴിഞ്ഞത് ആണവകരാറിന്റെ തുടര്‍നടപടികളുടെ ചര്‍ച്ചകള്‍ പോലും തുടര്‍ ദിവസങ്ങളില്‍ അപ്രത്യക്ഷമാകുന്ന തരത്തില്‍ വാര്‍ത്തകളെ ഹൈജാക്ക് ചെയ്യപ്പെട്ടിരിയ്കുന്നതായാണ്. കൂടാതെ ധന്യമായ 40 വര്‍ഷത്തെ കമ്യൂണിസ്റ്റു ജീവിതം നയിച്ച് രണ്ടു ദിവസത്തിനുള്ളില്‍ പാര്‍ട്ടി ഒറ്റുകാരനും,വഞ്ചകനുമായി മുദ്രകുത്തപ്പെട്ട ബഹുമാനപ്പെട്ട സ്പീക്കറെ കുറിച്ചും ആര്‍ക്കും ഓര്‍മ്മയില്ല, ഒരു പക്ഷെ “ ഭരണഘടന, വ്യക്തി ,പാര്‍ട്ടിസംഹിത എന്നീ തലത്തില്‍ വിശാലമായ കാഴ് ചപ്പാടോടെ ഒരു ചാനലില്‍ പോലും ആരോഗ്യകരമായ ഒരു ചര്‍ച്ച പോലും കണ്ടില്ല, വിശ്വാസപ്രമേയ ചര്‍ച്ചയും ജനാധിപത്യവുമെന്ന വിഷയത്തില്‍ IBN-CNNല്‍ ശ്രീ രാജ് ദീപ് സര്‍ ദേശായി തുടങ്ങിവെച്ച ചര്‍ച്ചകള്‍ പോലും , തീവ്രവാദവും , ബോംബു തിരച്ചുലുകളിലും തീര്‍ന്നു, ഗൊരവമായ ചര്‍ച്ചകള്‍ നടന്നു കാണാറുള്ള NDTV യ്ക്കാകട്ടെ , അമീര്‍ഖാന്റെ പ്രസ്താവനയുടെ വെളിച്ചത്തില്‍ ബോംബു സ് ഫോടനങ്ങളുടെ സിനിമകളിലെ തീവ്രവാദവും , നായക പരിവേഷം ലഭിയ്കൂന്ന തീവ്രവാദി കഥാപാത്രങ്ങളുമായിരുന്നു കഴിഞ്ഞ ദിവസത്തെ വിഷയം, ദൃശ്യമാധ്യമങ്ങളില്‍ മലയാളത്തിലാകട്ടെ പട്ടാമ്പി കൂട്ടകൊലപാതകം മുതല്‍ കാലവര്‍ഷത്തിന്റെ തിരച്ചു വരവായിരുന്നു മുഖ്യവിഷയം, പട്ടാമ്പി കൂട്ടകൊലപാതകത്തിലെ പ്രതിയെ കയറ്റി വന്ന വാഹനത്തെ അങ്കമാലി മുതല്‍ ഷൊര്‍ ണ്ണൂര്‍ വരെ 45 km ക്യാമറ കൊണ്ട്പിന്തുടര്‍ന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകരുണ്ട്. ജനാധിപത്യത്തെ ഇത്രത്തോളാമവഹേളിച്ച പാര്‍ലിമെന്റ് സംഭവത്തെ കുറിച്ച് അന്വേഷിയ്ക്കാന്‍ ഒരു പാര്‍ലിമെന്ററികമ്മറ്റിയെ നിയമിച്ച വിവരമല്ലാതെ തുടര്‍ നടപടികളൊന്നും കാണാനോ അറിയാനോ ഒരു ചാനലില്‍ നിന്നും കഴിഞ്ഞില്ല. കൂടാതെ പൊതുമിനിമം പരിപാടികളുടെ കുരുക്കില്‍ നിന്നും രക്ഷപ്പെട്ട യു.പി.എ സര്‍ക്കാരിന്റെ ആദ്യ നടപടിയാ‍യ പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളെ നിയമിച്ചതിനെ ചര്‍ച്ച ചെയ്യാന്‍ ഇടതുപക്ഷ ചായ്‌വുള്ള ദൃശ്യമാധ്യമങ്ങള്‍ക്കും ഒരു ഭീതി പോലെ.

മരണമായാലും വിവാഹമായാലും കുറ്റകൃത്യമായാലും, പെണ്‍ വാണിഭമായാലും പാപ്പരാസികളെ പോലെ ഇരയ്ക്കു മുകളില്‍ ചാടി വീഴുന്ന പ്രവണത ദൃശ്യമാധ്യമങ്ങള്‍ക്ക് വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ട്, ഉദാഹരണത്തിനു എം।എന്‍ .വിജയന്‍ മാഷിന്റെ മരണം ലൈവായി ലോകം മുഴുവന്‍ കാണിച്ച മാധ്യമധര്‍മ്മങ്ങളും മറക്കാറായിട്ടില്ല.(ആദ്യമായി മരണം നേരില്‍ കണ്ട പലരും അതിന്റെ ഞെട്ടലിനെ കുറിച്ചു പറഞ്ഞിട്ടുണ്ട്). മലയാള ടെലിവിഷനില്‍ റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്നതു കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്താതിഷ്ഠിത പരിപ്പടികളാണത്രേ, കൂട്ട കൊലപാതകം, സ്ത്രീപീഡനം, കൂട്ട അത്മഹത്യ എന്നിവയെല്ലാം നാടകീയമാക്കി വിനോദപരിപ്പാടി പോലെ അവതരിപ്പിയ്ക്കുന്നത് ഏതു തരം പ്രേഷകരെ സംതൃപ്തിപ്പെടുത്താനാണ്. വാര്‍ത്തയും വിനോദവും തമ്മിലുള്ള അന്തരം ഇല്ലാതാ‍യെന്നും വാര്‍ത്തവിനോദങ്ങളെന്നു നിലയ്ക്ക് നമ്മുടെ ന്യൂസ്സ് ചാനലുകള്‍ മാറിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.ഒരു വാര്‍ത്തയുടെയോ ചര്‍ച്ചയുടെയോ ഗൌരവം ചോര്‍ത്തികളഞ്ഞ്, നേതാക്കന്മാരോ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരും തമ്മിലുള്ള പരിഹാസങ്ങളും അപ്രമാദിത്വങ്ങളും കാണിയ്ക്കാന്‍ വേണ്ടി മാത്രമായി ന്യൂസ്സവറുകള്‍ മാ‍റിയിരിയ്ക്കുന്നു. പലപ്പോഴും ഇത് ഉള്ളത് ഇല്ലെന്നു ഭാവിയ്കലോ അലെങ്കില്‍ ഇല്ലാത്തത് ഉണ്ടെന്ന് ഭാവിയ്കലോ അല്ലേ ?.യഥാര്‍ത്ഥ്യത്തില്‍ ഇന്നു കേരളത്തിലെ സാമന്യ രാഷ്ട്രീയ ബോധമുള്ള സാധാരണക്കാരന്‍ പോലും ആണവ കരാര്‍ പോലുള്ള വിഷയങ്ങളില്‍ വല്ലാത്ത ആശയകുഴപ്പത്തിലാണ് നല്ലതോ. അതോ നാശത്തിനോയെന്ന് ,അതിനു മുഖ്യകാരണങ്ങളില്‍ ഒന്നു ഈ ദൃശ്യമാധ്യമങ്ങള്‍ തന്നെയെന്നു വിശ്വസിക്കേണ്ടിവരും., കാരണം ഇവര്‍ നമ്മളെ അന്തം വിട്ട കാഴചക്കാരാക്കുക മാത്രമാണ് നമ്മുടെ ചിന്താ ബോധങ്ങളെ, വിശകലന മനോഭാവങ്ങളെയാണ് ഇവര്‍ മിഴിവാര്‍ന്ന ദൃശ്യങ്ങള്‍ കൊണ്ട് മായ്കുന്നത്. ഇവര്‍ക്കുള്ള ഗുണങ്ങളെ ഒരിയ്കലും മറന്നു കൊണ്ടല്ല ഇത്രയും പറയേണ്ടി വരുന്നത്, ചാനല്‍ വാര്‍ത്തയെന്നാല്‍ യാഥാര്‍ത്ഥ്യത്തിനു നേരെയുള്ള കണ്ണാടിയാണ് വാര്‍ത്തയെന്ന ബോധത്തെ മാറ്റി യഥാര്‍ത്ഥ ബാഹ്യലോകത്തിന്റെ മായകാഴ്ചകളാണ് എന്നു ധരിക്കേണ്ടിയിരിയ്കുന്നു.

മുത്തങ്ങ പീഡനങ്ങളോ, റജീനസംഭവമോ, വന്‍ അഴിമതികള്‍ പുറത്തു വന്ന തെഹല്‍ക്ക സംഭവങ്ങളോ ജനശ്രദ്ധയില്‍ കൊണ്ടുവന്ന ചാനല്‍ ജേര്‍ണലിസത്തെ മറന്നു കൊണ്ടല്ല ഈ ഒരു പോസ്റ്റ്, അനാവശ്യസംഭവങ്ങള്‍ അമിത പ്രാധാന്യത്തോടെ അവതരിപ്പിച്ച് യഥാര്‍ത്ഥവാര്‍ത്തകളെയും ചര്‍ച്ചകളെയും ജനശ്രദ്ധയില്‍ നിന്നുമാറ്റി നിര്‍ത്തുന്ന നിര്‍ത്തുന്ന അനാവശ്യ പ്രവണത പ്രത്യേകിച്ച് ചാനല്‍ ജേര്‍ണലിസത്തില്‍ വല്ലാതെ പ്രകടമാവുന്നു.മാധ്യമങ്ങളും വിപണിയും തമ്മില്‍ സമരസപ്പെടേണ്ടിവരുമ്പോള്‍ ജനാധിപത്യത്തിന്റെ കാവലാളുകളെന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു, അതു വഴി ജനാധിപത്യ ബോധം നഷ്ടപ്പെടുന്ന ജനത നയിക്കപ്പെടുന്നത് അരാജകത്വത്തിലേയ്ക്കാണ്.

9 അഭിപ്രായങ്ങൾ:

Nachiketh പറഞ്ഞു...

തട്ടേക്കാട് ദുരന്ത വാര്‍ത്തകള്‍ കേരളമനസ്സില്‍ നിന്നും തുടച്ചുമാറ്റിയ സംഭവങ്ങളെന്തെന്ന് ഊഹിയ്ക്കാമോ..അതിനു നമ്മുടെ ചാനലുകള്‍ വഹിച്ച പങ്കെന്താണെന്നൂഹിയ്ക്കാമോ.

K.P.S. പറഞ്ഞു...

പ്രിയ നചികേത് .... വളരെ നന്നായി എഴുതിരിക്കുന്നു . ഞാന്‍ മുന്‍പേ പറഞ്ഞ പോലെ അസത്യപ്രചരണങ്ങളുടെ ചാരത്താല്‍ മൂടപ്പെട്ടിരിക്കുന്നു സത്യത്തിന്റെ കനലുകള്‍ . വീട്ടില്‍ പലപ്പോഴും എനിക്ക് ഇടപെട്ട് ടിവി ഓഫ് ചെയ്യേണ്ടി വരുന്നു . എല്ലാവര്‍ക്കും കച്ചവടവടതാല്പര്യങ്ങളേയുള്ളൂ . വളരെ ശോചനീയമാണ് നമ്മുടെ സ്ഥിതി . അമേരിക്കയെ വിമര്‍ശിക്കുക എന്നത് ഇന്ന് അഭ്യസ്ഥവിദ്യര്‍ക്ക് പോലും ഒരു ഫാഷനാണ് . അമേരിക്കയുടെ സംസ്ക്കാരവും പൌരബോധവും അവിടത്തെ ജീവിതശൈലിയും നമുക്ക് സങ്കല്പിക്കാന്‍ പോലും കഴിയാത്തവണ്ണം ഉന്നതമാണെന്ന് അവിടെ പോയി വന്നവര്‍ ഏകസ്വരത്തില്‍ സാക്ഷ്യപെടുത്തുന്നു . ഇറാനില്‍ , ആ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് ബഹായ് വിശ്വാസികള്‍ . ബഹായികള്‍ക്ക് അവിടെ യാതൊരു പൌരാവകാശവുമില്ല . അവര്‍ പീഢിപ്പിക്കപ്പെടുകയും ദിനം‌പ്രതി ഉന്മൂലനാശം ചെയ്യപ്പെടുകയും ചെയ്യുന്നു . ഇത്രക്കും അവിടത്തെ ബഹായികള്‍ ഇറാനിയന്‍ ജനത തന്നെയാണ് . 50 ലക്ഷത്തോളം വരും ഇന്ന് അവരുടെ എണ്ണം അവിടെ . റഷ്യയിലടക്കം ലോകത്തെവിടെയും ബഹായ് വിശ്വാസികളുണ്ട് . ആ ഇറാന്‍ ഇവിടെ വാഴ്തപ്പെടുന്നു . നമുക്ക് അമേരിക്കയുടെ ആണവക്കരാര്‍ വേണ്ട ഇറാന്‍ വാതകം മാത്രം മതിയെന്നു പറയുന്നു . എന്ന് വേണ്ട നമ്മുടെ ജനാധിപത്യത്തെ ബി.ജെ.പി.-ഇടത് പക്ഷങ്ങള്‍ തൊട്ട് സകല മാധ്യമങ്ങളും വികൃതമാക്കുകയാണ് . പറഞ്ഞാല്‍ ഒരുപാട് ഉണ്ട് . എനിക്ക് ഈ പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു . കോണ്‍ഗ്രസ്സിനെ അനുകൂലിച്ച് സംസാരിച്ചാല്‍ ഒരു രാജ്യദ്രോഹിയെ പോലെ ആളുകള്‍ വിലയിരുത്തുന്നു . ശരിയായ രാഷ്ട്രീയം ജനങ്ങളെ പഠിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് സംവിധാനമില്ല അതാണ് പ്രശ്നം . വിശ്വാസപ്രമേയ വോട്ടെടുപ്പില്‍ സ്പീക്കറുടെയും ചില എം.പി.മാരുടെയും മന:സാക്ഷി രാജ്യത്തെ ഒരു വലിയ വിപത്തില്‍ നിന്ന് രക്ഷിച്ചു എന്ന് പറയാം . അധികാരം കരസ്ഥമാക്കാന്‍ ഏതറ്റം വരെയിലും പോകും എനതിന്റെ തെളിവായിരുന്നു ബി.ജെ.പി.യുടെ നോട്ട് കെട്ട് നാടകം . ഇടത് പക്ഷങ്ങള്‍ക്ക് ആവട്ടെ അമേരിക്കയെ എതിര്‍ക്കണം എന്നേയുള്ളൂ‍ . ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളെ തകര്‍ക്കാന്‍ കേന്ദ്ര ഗവണ്‍മ്മെന്റ് ആസൂത്രണം ചെയ്തതാണെന്ന് വ്യാഖ്യാനിക്കാവുന്ന തരത്തിലാണ് ബോംബ് സ്പോടത്തെ സുഷമാ സ്വരാജ് പത്രസമ്മേളനത്തില്‍ വിശേഷിപ്പിച്ചത് . എങ്ങനെയും അധികാരം സംഘടിപ്പിക്കണം എന്നെ കോണ്‍ഗ്രസ്സിതരപ്പാര്‍ട്ടികള്‍ക്കുള്ളൂ . വിദ്യാഭ്യാസമുള്ള യുവതലമുറ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാതെ സജീവമയി ഇടപെട്ടാലേ സത്യത്തിന് അധാര്‍മ്മികതള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനാവൂ എന്ന് തോന്നുന്നു .

മൂര്‍ത്തി പറഞ്ഞു...

നോട്ട് കെട്ട് ജനാധിപത്യത്തെക്കുറിച്ചോ ആണവ കരാറിനെക്കുറിച്ചോ ഒക്കെയുള്ള ചര്‍ച്ചകള്‍ വേണ്ട എന്നു തോന്നുന്നത് ആര്‍ക്കായിരിക്കും എന്ന് ഊഹിക്കാന്‍ ഇത്ര പാടോ? സോമനാഥ് ചാറ്റര്‍ജിയെ “സ്വതന്ത്ര ചിന്തയുടെ അപോസ്തലനായി” ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പൊക്കിക്കൊണ്ട് നടന്നവര്‍ അദ്ദേഹത്തെ ഉപേക്ഷിച്ചുവെങ്കില്‍ അതിന്റെ അര്‍ത്ഥം അദ്ദേഹത്തെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞു എന്നു തന്നെയാണ്. ഇന്നലെ എന്തായാലും പീപ്പിള്‍ ടിവിയിലെങ്കിലും പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുവാന്‍ സ്വകാര്യസ്ഥാപനങ്ങളെ അനുവദിച്ചുകൊണ്ടുള്ള നീക്കത്തെപ്പറ്റി ചര്‍ച്ച ഉണ്ടായിരുന്നു.

അപ്പു പറഞ്ഞു...

നചികേതസ്‌, വളരെ നല്ല ലേഖനം, അവസരോചിതം. ഇതൊക്കെ ഒരുപാടു നാളായി മനസ്സില്‍ തികട്ടി വരുന്ന കാര്യങ്ങള്‍ തന്നെയാണ്. നമ്മുടെ ടി.വി. ചാനലുകള്‍ക്ക് പത്രധര്‍മം എന്നൊന്ന് അറിയില്ല എന്ന് അവര്‍ ദിവസേന തെളിയിച്ചുകൊണ്ടിരിക്കുകയല്ലേ. വാര്‍ത്താ പ്രക്ഷേപനത്ത്തിനിടയ്ക്കു എന്തൊക്കെ കാണിക്കാം, എന്തൊക്കെ കാണിക്കരുത് എന്നൊന്നും യാതൊരു തത്വ ദീക്ഷയുമില്ലാതെയാണല്ലോ അവരുടെ ചെയ്തികള്‍. വെട്ടി നുരുക്കിയിട്ടിരിക്കുന്ന ശവശരീരങ്ങളും, വിലപിക്കുന്ന ബന്ധുക്കളും ഒക്കെ ഇവര്‍ക്ക് പരസ്പരം മത്സരിക്കാനുള്ള ആയുധങ്ങള്‍ മാത്രം. പറയേണ്ട എല്ലാ കാര്യങ്ങളും പറയാതെയിരിക്കുക, വാര്‍ത്തകള്‍ ഭാഗികമായി പറയുക തുടങ്ങി, ചര്‍ച്ചകളില്‍ പന്കെടുക്കുന്നവരെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക വരെ ഭങ്ങിയായി ഇവര്‍ ചെയ്യുന്നു. ഒരു സംഭവത്തിന്റെ പ്രാധാന്യം അടുത്ത ഒരു സെന്‍സിട്ടീവ് ന്യു‌സ് ഉണ്ടാവുന്നത് വരെ മാത്രം.

മരണമായാലും വിവാഹമായാലും കുറ്റകൃത്യമായാലും, പെണ്‍ വാണിഭമായാലും പാപ്പരാസികളെ പോലെ ഇരയ്ക്കു മുകളില്‍ ചാടി വീഴുന്ന പ്രവണത ദൃശ്യമാധ്യമങ്ങള്‍ക്ക് വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ട്- agreed!

ഈ മാധ്യമ സംസ്കാരം നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

siva // ശിവ പറഞ്ഞു...

ഇതൊക്കെ വായിച്ച് അഭിപ്രായം പറയാനുള്ള അത്ര പരിജ്ഞാനമൊന്നും ഇല്ല...

എന്നാലും താങ്കളുടെ ഈ വ്യാകുലതകള്‍ ചിലപ്പോള്‍ എനിക്കും തോന്നിയിരുന്നു...

ഇതിനേക്കാളൊക്കെ ഏറെ കഷ്ടം തോന്നും സായാഹ്നപ്പത്രങ്ങള്‍ കാണുമ്പോള്‍...

കടത്തുകാരന്‍/kadathukaaran പറഞ്ഞു...

ഫോര്‍ത്ത് എസ്റ്റേറ്റ് എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്
ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ആണ്‍ ചാനലുകളിലേറെയും..
ജീവനും കൈരളിയും മത്സരിക്കുകയാണ്‍ ചതുപ്പ് നിലവും ലീക്കുള്ള വീടും ആരെയെങ്കിലും പിടിപ്പിക്കാന്‍.. അതിനിടയിലെവിടെ ആണവം ചാറ്റര്‍ജി, വിലക്കയറ്റം? ഇവരൊക്കെ ഉത്സവപ്പറമ്പുകളിലെ തട്ടുകടക്കാരാണ്... നല്ല കുറിപ്പ്, ആശംസകള്‍

അനിൽ@ബ്ലൊഗ് പറഞ്ഞു...

എല്ലാം കച്ചവടമല്ലെ നചികേതസ്സ്,ബിസിനസ്സിനു പറ്റുന്ന എന്തും അവര്‍ കണ്ടെത്തും, വേണ്ടിവന്നാല്‍ ഉണ്ടക്കുകയും ചെയ്യും.എതായാലും രാഷ്ട്രീയമേ വേണ്ട എന്നു കഴിഞ്ഞദിവസം പറഞ്ഞ സുകുമാരന്‍ മാഷ് താങ്കളുടെ ലേഖനം വായിച്ചു വീണ്ടും രാഷ്ട്രീയവാദിയായതില്‍ അഭിമാനിക്കാം.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

പത്രധര്‍മ്മം എന്നതൊക്കെ എവിടെയോ പോയിരിയ്ക്കുന്നു. നാലാള് കൂടിനീക്കണ കണ്ടാ കാമറേം മൈക്കുമായി എത്തും.

വാര്‍ത്തകള്‍ വാര്‍ത്തകളല്ലാതായി മാറുന്നു.

നല്ല ലേഖനം

Rahul പറഞ്ഞു...

)-