2009, സെപ്റ്റംബർ 13, ഞായറാഴ്‌ച

ഭാരമില്ലാത്ത യാത്രകള്‍

ഇന്ത്യന്‍ ക്ലബ്ബിനു സമീപത്തുള്ള ഒരു റെസ്‌റ്റോറന്റില്‍ നിന്നും മസാലദോശ കഴിച്ച ശേഷമാണ്‌ അവര്‍ എയര്‍പോര്‍ട്ടിലേക്ക്‌ പോയത്‌. പാര്‍ക്കിംഗിലേക്ക്‌ കാര്‍ ഒതുക്കി അയാള്‍ ട്രോളി എടുക്കാന്‍ പോയി. തിരിച്ചുവരുമ്പോള്‍ അവള്‍ ഒരു തോളില്‍ ലാപ്ടോപ്പും വാനിറ്റിബാഗും തൂക്കി കാറിന്റെ ഡിക്കിയില്‍ നിന്നും ട്രാവലിംഗ്‌ ബാഗ്‌ എടുക്കുകയായിരുന്നു.

'താനെന്തിനാ അതെടുക്കുന്നത്‌.. ഞാനെടുക്കുമായിരുന്നില്ലേ..?' ശാസനയുടെ പതിന്‍ഞ്ഞ സ്വരമായിരുന്നു അയാള്‍ക്ക്‌. ട്രോളിയിലേക്ക്‌ ബാഗെടുത്തു വയ്ക്കുമ്പോള്‍ അയാള്‍ തുടര്‍ന്നു : 'തന്റെ ഈ സ്റ്റേജിനെക്കുറിച്ച്‌ താന്‍ ഒട്ടും ബോതേഡല്ല. ഭാരമുള്ളതൊന്നും എടുക്കെല്ലെന്നറിയില്ലേ.?'

'അതിനെനിക്ക്‌ മുന്‍പരിചയമൊന്നും ഇല്ലല്ലോ' അവള്‍ കളിയാക്കി.

ലാളനയുടെ ലാജ്ഞനയുള്ള ഒരു നോട്ടത്തിലൂടെ മറുപടി കൊടുത്ത്‌, ലാപ്‌ടോപ്പ്‌ വാങ്ങി തോളത്തിട്ട്‌ ട്രോളിയുമുന്തി നടക്കുമ്പോള്‍ അയാള്‍ മാത്രമേ സംസാരിച്ചുള്ളൂ.

'അവിടെ എത്തിക്കഴിഞ്ഞാലുടന്‍ ബില്‍ഡേഴ്സിനെ കോണ്‍ടാക്‌ ചെയ്യണം. വര്‍ക്കിംഗ്‌ പ്രോഗ്രസ്‌ എന്താണെന്നറിയില്ല. ഇതുവരെ ഇന്റീരിയര്‍ പോലും തുടങ്ങിയിട്ടില്ല.'

അവള്‍ മൂളുകമാത്രം ചെയ്‌തു.

'ഡ്രോയിംഗ്‌ റൂമിനോടു ചേര്‍ന്നുള്ള ഭാഗം മാറ്റിവയ്ക്കാന്‍ പറയണം. ഒരു പ്രാര്‍ത്ഥനാ മുറിയാണെന്റെ മനസില്‌..'

തന്റെ മനസറിഞ്ഞതുപോലെ അവള്‍ അയാളെ നോക്കിച്ചിരിച്ചു.

സെക്യൂരിറ്റിയുടെ പ്രത്യേകാനുമതിയോടെ അവള്‍ക്കൊപ്പം എയര്‍പോര്‍ട്ടിനിള്ളിലേക്ക്‌ കയറി. ലെഗേജ്‌ സ്കാന്‍ ചെയ്യാനും ബോര്‍ഡിംഗ്‌ പാസ്‌ വാങ്ങാനും അവളെ സഹായിച്ചു. പിന്നെ ഏറെനേരം അവര്‍ അവിടെയിരുന്ന് സംസാരിച്ചു.

സ്‌ക്രീനില്‍ അവള്‍ക്ക്‌ പോകാനുള്ള ഫ്ലൈറ്റിന്റെ പേരെഴുതിക്കാണിച്ചപ്പോഴാണ്‌ പിന്നെ അവര്‍ എഴുന്നേറ്റത്‌.

'ആ ബില്‍ഡേഴ്സിന്റെ കാര്യം മറക്കരുത്‌'..........“ അയാള്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചു.

'ശരി' കണ്ണുകള്‍കൊണ്ട്‌ മറുപടി പറഞ്ഞിട്ട്‌ അവള്‍ എമിഗ്രേഷന്‍ കൗണ്ടറിലേക്ക്‌ നോക്കി.

മുന്നോട്ടുനടന്ന അവളുടെ അടുത്തേക്ക്‌ കെന്ന് അയാള്‍ പറഞ്ഞു
"പുതിയ ജോലിയില്‍ താന്‍ പ്രബേഷന്‍ പീരീഡിലാണെന്ന് ഓര്‍മ്മയുണ്ടാവണം. കേട്ടോ. ഡോക്ടേഴ്സ്‌ പലതും പറയും ആദ്യത്തേതല്ലേ.. അബോര്‍ഷന്‍ ചെയ്യേണ്ട,... കഴിഞ്ഞാലും കൂടുതല്‍ റെസ്റ്റുവേണം.. എന്നൊക്കെ..'

'ഉം എനിക്കറിയാം...' അവളൊരു മന്ദസ്മിതത്തോടെ മുന്നോട്ടു നടന്നു.

തിരിഞ്ഞു നോക്കിയ അവളെ, മൊബൈല്‍ ഫോണ്‍ അറ്റന്റു ചെയ്യ്യുന്നതിനിടെ കൈയുയര്‍ത്തിക്കാണിച്ച്‌ അയാള്‍ യാത്ര പറഞ്ഞു.

പാര്‍ക്കിംഗ്‌ ഫീ കൊടുത്ത്‌ പുറത്തേക്കിറങ്ങുമ്പോള്‍ കാര്‍ ഹബ്ബില്‍ അടിമുടി കുലുങ്ങി.

അയാളുടെ ഓര്‍മ്മയിലെവിടെയോ ഒരു തൊട്ടിലാടി ഉലഞ്ഞു.

12 അഭിപ്രായങ്ങൾ:

Nachiketh പറഞ്ഞു...

ഓരോ പുതിയ പ്രൊജക്ടിനും കുരുതികൊടുക്കുന്ന പ്രൊഫഷണലുകളുടെ ഭ്രൂണങ്ങള്‍ക്ക്.....

saju john പറഞ്ഞു...

എന്റെ ജീവിതത്തിലും ഒരു കുഞ്ഞു തൊട്ടില്‍ ആടുന്നു.

തൃശൂര്‍കാരന്‍ ..... പറഞ്ഞു...

അങ്ങനെ ഒരു മൊട്ടു കൂടി വിരിയുന്നതിനു മുന്‍പ് പൊഴിഞ്ഞു പോകുന്നു അല്ലെ?
:-(

സിനു കക്കട്ടിൽ പറഞ്ഞു...

ഉത്തരം കിട്ടാത്ത സ്വയംഭോഗങ്ങളുടെ അടഞ്ഞ
താളുകളിലേയ്ക്ക്‌ ഒരു ഭ്രൂണം കൂടി
ഡിലീറ്റ്‌ ചെയ്യപ്പെടുന്നു...
നചികേത്‌,കഥ കുറുകുമ്പോൾ കൂടുതൽ
മുറുക്കം കിട്ടുന്നു.

രഞ്ജിത് വിശ്വം I ranji പറഞ്ഞു...

തൊട്ടിലാട്ടാന്‍ കൊതിച്ച് നൂറ് ജന്മങ്ങള്‍..ജീവിതത്തിന്റ തിരക്കില്‍ തൊട്ടിലാട്ടാന്‍ നേരമില്ലാത്തവര്‍.. ഈ ജീവിതം ഒരു സംഭവം തന്നെയാണല്ലേ..

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

നന്നായെഴുതി.
നന്ദി.

സജി പറഞ്ഞു...

'അതിനെനിക്ക്‌ മുന്‍പരിചയമൊന്നും ഇല്ലല്ലോ' അവള്‍ കളിയാക്കി.

പിന്നിടുള്ള സംസാരം കേട്ടിട്ടു എനിക്ക് അങ്ങിനെ തോന്നിയില്ല!

പിന്നെ ബില്‍ഡേഴ്സിന്റെ കാര്യം- അയാളാണല്ലൊ അതിന്റെ ബില്‍ഡര്‍

ജിവി/JiVi പറഞ്ഞു...

കഥ പൊടുന്നനെ അവസാനിച്ചു. തൊട്ടിലിന്റെ ഉലച്ചില്‍ പക്ഷെ റിക്കറിങ്ങായി വായനക്കാരന്റെ ഓര്‍മ്മകളില്‍. വലീയ ഇടവേളക്കുശേഷം ചെറിയ നല്ല കഥ. നന്ദി.

ലേഖാവിജയ് പറഞ്ഞു...

ഒതുക്കത്തില്‍ പറഞ്ഞു എന്നതാണ് ഏറ്റവും വലിയ ഗുണം.പറയാനുദ്ദേശിച്ചതു വായനാക്കാരിലേക്കെത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

നിനച്ചിരിക്കാത്ത ആ കരണം മറിച്ചില്‍ - കഥയുടെ- ഇഷ്ടമായി..

ഗീത പറഞ്ഞു...

റിസര്‍ച്ചും പ്രോജെക്ടുകളുമെല്ലാം കഴിഞ്ഞ് ഒരു 35 വയസ്സ് കഴിഞ്ഞു മതിയത്രേ ഇപ്പോഴത്തെ പെണ്‍‌കുട്ടികള്‍ക്ക്. അത് ഇതിലുമെത്രയോ ഭേദമാണെന്നു തോന്നുന്നു.

വീകെ പറഞ്ഞു...

‘ഉം എനിക്കറിയാം...’ അവളൊരു മന്ദസ്മിതത്തോടെ മുന്നോട്ടു നടന്നു.
എന്നു വച്ചാൽ എന്താണർത്ഥം...
“പോ മോനേ ദിനേശാ...” എന്നല്ലെ...?

കഥ നന്നായി.
ആശംസകൾ.