2009, നവംബർ 14, ശനിയാഴ്‌ച

ഉണക്കിസൂക്ഷിപ്പുകൾ..

നഗരത്തിലെ പ്രധാ‍ന നിരത്തുകളിലെ മഴവില്ലിന്റെ നിറം തേച്ച കെട്ടിടങ്ങളിൽ നിന്ന് പിഴയായി അധിക നികുതി ഈടാക്കാൻ തീരുമാനിച്ച നഗരസഭയുടെ തീരുമാ‍നത്തെ ഒരു തരത്തിൽ അംഗീകരിക്കാമെന്ന തന്റെ വാദം ഒരു നഗര ജീവിയുടെ ജല്പനങ്ങളാണെന്നാണ് അനുഷ.ഒരു പക്ഷെ അവർ നഗര സൌന്ദര്യത്തിനായി ചിലവിടുന്ന വലിയ തുകയെ കുറിച്ചുള്ള ബോധത്തിൽ നിന്നായിരുന്നു അത്തരമൊരു അഭിപ്രായം പറഞ്ഞത്. എന്നാൽ അവൾ അതിനെ കണ്ടത് വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു കടന്നു കയറ്റമായിട്ടായിരുന്നു. കാരണം അവളുടെ മനസ്സിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഒരു വീടിന്റെയോ അല്ലെങ്കിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന ഫ്ലാറ്റിന്റെതായുള്ള മൾട്ടികളറിലുള്ള ചുവരുകളെ കുറിച്ചുള്ള കാഴ്ചകളുടെ പരസ്യബോധമെന്നു കളിയാക്കുമായിരുന്നു.

അങ്ങനെ തർക്കിച്ചു കിടന്നേഴുന്നേറ്റ അവധിദിവസത്തിന്റെ പുലർക്കാലത്താണ് പൊട്ടിലിൽ നിന്ന് വിടരുന്ന പാലുറക്കാത്ത നെന്മണികളുടെ ഗന്ധം വല്ലാതെ അലട്ടിയെഴുന്നേൽ‌പ്പിച്ചത്. നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്താലാണ് മുമ്പൊക്കെ ഇങ്ങനെ അനുഭവപ്പെടാറുണ്ടായിരുന്നത്. ഇപ്പോൾ അതൊരു നിത്യാനുഭവമായിരുക്കുന്നു.അത് ബാൽക്കണിയിലെ പച്ചക്കറി തോട്ടത്തിൽ നിന്നാണ്.ഫ്ലാറ്റിൽ ബെഡ്‌റൂമിനോട് ചേർന്ന മട്ടുപാവിലുണ്ടാക്കിയ നാട്ടിമ്പുറം.

“നമ്മുക്ക് ഗ്രാമങ്ങളിൽ പോയി രാപ്പാർക്കാം അതികാലത്തെഴുന്നേറ്റ് അവിടെ മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരി വള്ളികൾ തളിർ പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോയെന്നു നോക്കാം... "

ബാൽക്കണിയിലെക്കുള്ള കർട്ടനിടയിലൂടെ വരുന്ന നേർത്ത വെളിച്ചത്തിൽ മയങ്ങികിടക്കുന്ന അവളുടെ മുഖം നോക്കി ചോദിച്ചു.

തെളിയുന്ന അനുഷയുടെ മുഖം നോക്കി തുടർന്നു.

“അവിടെ വെച്ച് ഞാൻ നിനക്ക് എന്റെ .....”

“ശാലമോന്റെ സോങ്ങ് ഓഫ് സോങ്ങ്സ്..... വായിച്ചോ.....”

നല്ലൊരു കണികണ്ടെഴുന്നേൽക്കുന്ന സുഖത്തോടെ തിരിഞ്ഞുകിടന്നു കൊണ്ട് അനുഷ ചോദിച്ചു.

“പോടി...ഒരു മോഹൻലാൽ ഡയലോഗ്...

തന്റെ ഭർത്താവ് ബൈബിൾ വായനയെ നിരാകരിച്ചതിന്റെ പ്രതിഷേധമായി അവൾ നവംബറിന്റെ തണൂപ്പിൽ ബ്ലാക്കറ്റിനടിയിലേക്ക് ചുരുണ്ടു.

“ നമ്മുടെ തക്കാളി പഴങ്ങൾ തുടുത്തോയെന്നും, പയർ വള്ളികളിൽ പുതിയ തളിരുകൾ വന്നോയെന്നും നോക്കാം..വാ.”

അലാറമില്ലാത്ത അവധി ദിവസങ്ങളുടെ പുലർകാലങ്ങളിലുള്ള ഞങ്ങളുടെ ശീലമാണത്. എഴുന്നേറ്റ് നിന്ന് ലളിത വ്യായാമമുറകൾ കൊണ്ട് ശരീരം ചൂടാക്കാൻ ശ്രമിച്ചു കൊണ്ട് ക്ഷണിച്ചു. വലിയ കർട്ടനുകളുടെ മറ നീക്കി, ചില്ലുവാതിൽ ഒരു വശത്തേക്ക് തള്ളി നീക്കി. ബാൽക്കണിയിലേക്കു കടക്കുന്നതിനു മുമ്പ് ബ്ലാങ്കന്റിനുള്ളിൽ നിന്ന് അനുഷയെ പുറത്തേക്കിറക്കി. അലഞ്ഞു പോയ മുടി നെറുകയിൽ കെട്ടി അലസമായി കിടന്ന പൈജാമയും ടീഷർട്ടും നേരെയാക്കി അവളും അനുഗമിച്ചു.

കുടുംബസുഹൃത്തുക്കൾക്കിടയിലെ ഞങ്ങളുടെ ഒരു സ്വകാര്യ അഹങ്കാരമായിരുന്നു ബാൽക്കണിയിലെ പ്ലാസ്റ്റിക്ക് ചട്ടികളിലും ഉപയോഗശൂന്യമായ ബക്കറ്റകളിലും തയ്യാറാക്കിയ ആ പച്ചക്കറി തോട്ടം. ചണനാരുകളിൽ പിടിച്ചു കയറുന്ന പയറു വള്ളികൾ, പച്ച തക്കാളികളുടെ ഭാരം മൂലം കമിഴ്ന്നു കിടക്കുന്ന കൂനൻ തക്കാളി ചെടികൾ. നിറങ്ങളുടെ വ്യത്യസ്തയിൽചീര തൈകൾ, എണ്ണചൂടാക്കാൻ വെച്ച് കിച്ചണിൽ നിന്നും ഓടി വന്നാൽ പൊട്ടിക്കാൻ തയ്യാറായി നിൽക്കുന്ന കറിവേപ്പിലയും പച്ചമുളകും, നറുമണത്തോടെ ഒരു ചെറിയ തുളസിയും.

നഗരത്തെ അഭിവാദ്യം ചെയ്ത് ഒരു കോട്ടുവായിട്ടു., ആ ഹരിതാഭയുടെ ഗന്ധവും ശ്വസിച്ച് നിൽക്കുമ്പോൾ അനുഷ പിന്നിലൂടെ വന്നു ചീരതൈകളിലെ മുഷിഞ്ഞു നിന്ന ഇലകളെ ശ്രദ്ധപൂർവ്വം കത്രിക ഉപയോഗിച്ചു നീക്കി.അടുത്തേക്ക് ചെന്ന് ഇത്തിരി നാടകീയത കലർത്തി ചോദിച്ചു.

“ഇവിടെ വെച്ച് നിനക്കു ഞാന്റെ പ്രണയം തരട്ടെ...”

“ കൊല്ലും ഞാൻ....പരസ്യമായി നിന്റെയൊരു....” അനുഷ കൈയിലെ കത്രിക ഉയർത്തി കാണിച്ചു. ബാൽക്കണിയെ അഭിമുഖമായി നീങ്ങുന്ന പ്രധാന നിരത്ത് സജീവമാകുന്നതേയുള്ളൂ.

“ ടാ മനുഷ്യനു പ്രണയിക്കാനാണ് , പ്രകൃതി ഇങ്ങനെ റൊമാന്റിക്കായി നിൽക്കുന്നത്...അല്ലാതെ.. ഒരു സെൻസുമില്ലാത്ത് കഴുത... ”

പ്രത്യുത്പാ‍ദനപരമല്ലാത്ത എല്ലാം ആനന്ദങ്ങളും ക്ഷണികമാണെന്ന ബോധത്തിൽ നിന്നാണ് അനുഷ ആദ്യം വാങ്ങിയ മണിപ്ലാന്റിന്റെ ചട്ടിയിൽ പകരം സിസിലിയാന്റി നാട്ടിൽ നിന്നു വരുമ്പോൾ കൊടുത്ത കറിവേപ്പില തൈ വെച്ചത്. പിന്നീട് അടിയിൽ ചെറുതായി വിള്ളൽ വീണ ബക്കറ്റിൽ, ഓഫിസിലെ പ്ലാന്റുകൾ സംരക്ഷിക്കുന്ന കമ്പനിയിലെ നേപ്പാളിക്ക് ടിപ്പ് കൊടുത്ത് വാങ്ങിച്ച മണ്ണും വളവും കലർന്ന മിശ്രിതത്തിൽ ചീര തൈകൾ പാകി നോക്കി. പൊട്ടി മുളച്ചു വിടർന്ന ചീര തൈകൾ വല്ലാത്ത പ്രചോദനമായി . പിന്നെ അതിനായി വാങ്ങി ദ്വാരങ്ങളുണ്ടാക്കിയ പ്ലാസ്റ്റിക്ക് ചട്ടികളിലും പരന്ന പ്ലാസ്റ്റിക്ക് പാത്രങ്ങളിലും തോട്ടം വളരുകയായിരുന്നു.

ലോകം മുഴുവൻ പിടിച്ചെടുക്കാൻ ശ്രമിക്കുന്ന മലർത്തിവെച്ച ആന്റിനകളും, ഉണങ്ങാനിട്ടിരിക്കുന്ന തുണികളും,അനാവശ്യ വസ്തുക്കൾ മാത്രം കൂട്ടി വെച്ചതുമായ മറ്റ് ബാൽക്കണികളിൽ നിന്ന്, ഒരു പച്ചപ്പു കാണുന്ന അഞ്ചാം നിലയിലെ ആറര അടി നീളവും വീതിയും മാത്രമുള്ള ഞങ്ങളുടെ പച്ചക്കറി തോട്ടം. പ്രധാന നിരത്തിൽ നിന്നുള്ള മനോഹരമായ കാഴ്ചയായി മാറിയത് ഒരു പക്ഷെ കാഴ്ചകളുടെ വ്യത്യസ്തതയായിരിക്കാം. അതിഥികളായി വരുന്ന കുടുംബ സുഹൃത്തുകൾക്ക് യാത്ര പറയുന്ന നേരം പഴുത്തു പാകമായി നിൽക്കുന്ന നിൽക്കുന്ന തക്കാളികൾ നേരിട്ട് തൈകളിൽ നിന്നു ഇറുത്തു കൊടുക്കുക. കൂടുതൽ ഉപയോഗിക്കേണ്ട എരിവു കൂടുതലാണെന്ന മുന്നറിയിപ്പോടെ കുറച്ചു കാന്താരിമുളകുകൾ പ്ലാസ്റ്റിക്ക് സഞ്ചികളിലാക്കി കൊടുക്കുക. ചീര പാകമായില്ല അടുത്ത തവണ തരാമെന്ന സമാധാനിപ്പിക്കുക. എന്നിങ്ങനെയായിരുന്നു മണ്ണീന്റെ മണം മനഃപൂർവ്വം വിസ്മരിക്കാൻ ശ്രമിക്കുന്നവർക്കു മുന്നിലെ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം.

ഉദിച്ചുയരുന്ന ആദ്യകിരണങ്ങളുടെ തീക്ഷണതയിൽ നിന്നും രക്ഷയായി വെച്ച പച്ച കർട്ടന്റെ ആവശ്യമില്ലാതായിരിക്കുന്നു. നവംബറിലെ കാലാവസ്ഥമാറ്റം മഞ്ഞു കണങ്ങളായി മാറിയതിന്റെ സമാധാനം ഓരോ ഇലയുടെയുംസൌരഭ്യത്തിൽ കാണാം. സൂപ്പർമാർക്കറ്റുകളിൽ നിന്നു ശേഖരിച്ച ചെറിയ ചകിരികഷണങ്ങൾ നിരത്തിയ ചട്ടികളിൽ എപ്പോഴും നനവു കിട്ടാനായി സൂക്ഷമ സുഷിരങ്ങളിട്ട വെള്ളം നിറച്ച പോളിത്തീൻ കവറുകളും ഇനി എടുത്തു മാറ്റാം. ദിവസത്തിലിരൊക്കിൽ നനച്ചു കൊടുത്താൽ മതി. കീബോഡുകളിൽ പാഞ്ഞു നടക്കുന്ന വിരലുകളിലെ നീണ്ട നഖങ്ങൾക്കിടയിൽ മണ്ണു പറ്റുന്നത് അനുഷക്ക് ഒരു വിഷമാവുന്നില്ലെന്നു തോന്നി. കൈകളിൽ പറ്റിയ മണ് അവൾ ഇടക്ക് പൈജാമയിൽ തുടച്ചു.

ചണ കയറുകളിൽ ചുറ്റി കയറുന്ന പയർ വള്ളികൾ പടർന്നു പന്തലിച്ചിരിക്കുന്നു. അവിടെയിവിടങ്ങളായി പൂക്കളിൽ നിന്നു ഓരോന്നായി കുഞ്ഞു പയറുകളായി മാറുന്ന ബാല്യത്തിന്റെ നിഷ്കളങ്കത.സാമ്പാറിലെ വഴുക്കുന്ന വെണ്ടക്കയോട് അനുഷക്കുള്ള വെറുപ്പ് മാറിയത് അബോർഷനോടെയായിരുന്നു. പോഷകാഹാ‍രമില്ലാതെ ശരീരം ത്യജിച്ച ജീവനാണ് അവളെ സ്വയമൊരു വറ്റി വരണ്ട വളക്കൂറില്ലാത്ത മണ്ണാണെന്നു തിരിച്ചറിയിച്ചത്. മുകളിൽ പതിപ്പിച്ച തിളങ്ങുന്ന മാർബിൾ ഫലകങ്ങളുടെ ഭംഗിയല്ല ഒരു പെണ്ണെന്ന ബോധം അവളെ മാറ്റി.

ചീരതൈകളിൽ നിന്ന് ശ്രദ്ധയോടെ പാകമായതു അന്നത്തേക്ക് വേണ്ടതു മാത്രം മുറിച്ചെടുത്തു. രണ്ട് തക്കാളിയും കൂടെ പാകമാവാത്ത ബേബി വെണ്ടക്കയും. അവധി ദിവസത്തിലെ പരീക്ഷണ കറിക്കായി കുറച്ച് പയറ്റിലയും കത്രിക കൊണ്ട് അനുഷ ഒരു പ്ലാസ്റ്റിക്ക് കവറിലാക്കുമ്പോൾ ,സ്വീറ്റ് വാട്ടറിന്റെ ബോട്ടിലിൽ നിന്നും ജഗ്ഗിൽ വെള്ളം നനക്കായി കൊണ്ടു വന്നപ്പോൾ മുന്നറിയിറിയിപ്പു തന്നു.

“കുറേശ്ശെ ഒഴിച്ചാൽ മതി...താഴെത്തെ ഗോകുലൻ സാറിന്റെ ഭാര്യ അവരുടെ എ.സി.ക്കു മുകളിൽ വെള്ളം വീഴുന്നുവെന്ന് പരാതി പെടുന്നുവെന്നു സലീം പറഞ്ഞിരുന്നു...”

നാട്ടിലെ ലൈൻ ബസ്സിലെ കണ്ടക്ടറായിരുന്നു സലീം ഇപ്പോൾ അപ്പാർട്ടുമെന്റിലെ സെക്യൂരുറ്റിയും, ക്ലീനറും, എല്ലാമെന്ന പോലെ ഞങ്ങളുടെ പച്ചക്കറി തോട്ടത്തിന്റെ ആദ്യത്തെ പാരയും അവനും ഗോകുലൻ സാറുമായിരുന്നു.. പിന്നീടെപ്പോഴോ സലീം ഞങ്ങളുടെ ആരാധകനായി തീർന്നു. വൈകുന്നേരങ്ങളിൽപള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മുകളിലെ റൂമിലേക്കു പോവുമ്പോൾ രാത്രിയിലെ കറിക്കായി രണ്ട് തക്കാളി, നാല് പച്ചമുളക്, അതൊക്കെയായിരുന്നു അവനുള്ള കൈക്കൂലി. പക്ഷേ ഉയർന്ന ഉദ്യോഗസ്ഥനും, അത്യാവശ്യം സാമൂഹ്യ പ്രവർത്തകനുമായ ഗോകുൽ സാറിനു അതു പോരല്ലോ. ഗോകുലൻസാറും കുടുംബവും ഇപ്പോഴും പാര തന്നെ. ലിഫ്റ്റിൽ കണ്ടാൽ പോലും തലതിരിച്ചു നിൽക്കുക ,പാർക്കിങ്ങിൽ കാറിനു മനപൂർവ്വം മാർഗ്ഗ തടസ്സമുണ്ടാക്കുക. അസൂയ കുടുംബമെന്നാണ് അനുഷ അവരെ വിശേഷിപ്പിക്കുക തന്നെ. ഒരിക്കൾ തൊട്ടു താഴെ താമസിക്കുന്ന അവർ ബാൽക്കണിയിൽ വെള്ളം വീഴുന്നു. ദുർഗന്ധം വരുന്നുവെന്നൊക്കെ പറഞ്ഞ് പല തവണ കെട്ടിട ഉടമക്ക് പരാതി കൊടുത്തു.

കെട്ടിട ഉടമയുടെ ഓഫീസിൽ പരിശോധനക്കായി മധ്യവയസ്കനായ ഒരു അറബി വന്നത് ഉഷ്ണകാലം മൂർച്ചിച്ച ഒരു വൈകുന്നേരമായിരുന്നു.തോട്ടം കണ്ടതും അറബി അത്ഭുതത്തോടെ ചോദിച്ചു.

“സുഹൃത്തേ താങ്കൾ എങ്ങനെയാ...ഈ കാലാവസ്ഥയിലും ഇതൊക്കെ സംരക്ഷിക്കുന്നത്...”

കാലവസ്ഥകളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ ഗോകുലൻ സാറിന്റെ സാന്നിദ്ധ്യത്തിൽ തന്നെ വിശദീകരിച്ചു കൊടുത്തു. നിറഞ്ഞ സന്തോഷത്തോടെ ഹസ്തദാനം ചെയ്തു തന്നു കൊണ്ട് വാക്കുകൾ തികയാത്ത ഇംഗ്ലീഷിൽ ഉറക്കെ പറഞ്ഞു.

“ വളരെ നന്നായിട്ടുണ്ട് മിസ്തർ ശ്രീകാന്ത്.... എനിക്ക് നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ല.“

രുചി നോക്കാനെന്ന് പറഞ്ഞ് കുറച്ചു തക്കാളിയും, ചീരയും, പയറും,വെണ്ടക്കയും അനുഷ ഒരു പ്ലാസ്റ്റിക്ക് ബാഗിലാക്കി കൊടുത്തത് വാങ്ങി .നിരവധി തവണ നന്ദി പറഞ്ഞ് ഇറങ്ങുമ്പോൾ ഗോകുൽ സാറിനോട് പ്രത്യേകിച്ചു പറഞ്ഞു.

“ നന്ദിയുണ്ട് ഗോകുൽ..... എനിക്ക് ഒരു നല്ല കൂട്ടുകാരനെ പരിചയപ്പെടുത്തി തന്നതിൽ....”

ഉള്ളിലെ ആത്മവിശ്വാസം കണ്ണടചില്ലുകൾക്കിടയിലൂടെ പുറത്തു വന്നപ്പോൾ അഹങ്കാരത്തിന്റെത് എന്ന് തോന്നിയോ അന്ന് ഗോകുൽ സാറിന്

“ ഓ വന്നിരിക്കുണൂ ഒരു ഐ.ടി കൃഷിക്കാരൻ...” എന്നു മുറുമുറുത്തു കൊണ്ട് ഗോകുൽ സാർ പോയി.

അതിനു ശേഷം തന്നെയും അനുഷയെയും ലിഫ്റ്റിൽ കണ്ടാൽ, കയറാതെ നാലു നിലയും ഗോവണി വഴി കയറുകയോ, ഇറങ്ങുകയോ ചെയ്യും.

വടക്കുകിഴക്കു ഭാഗത്ത് നിന്ന് നന്നായി വെയിൽ ചായുന്ന അച്ഛമ്മയുടെ പച്ചക്കറി തോട്ടത്തിന്റെ മുക്കാൽ ഭാഗം കൂടി അച്ഛൻ പെങ്ങൾക്ക് കൊടുത്ത ഭാഗത്തിൽ ഉൾപ്പെടുത്താതിരിക്കാൻ വേറെ നിവൃത്തിയില്ലായിരുന്നു. അവിടെ വീട് പണിക്കായി ജെ.സി.ബി ഭൂമി തയ്യാറാക്കാനായി വന്നപ്പോഴെക്കും അച്ഛമ്മ പ്രഷർ കയറി കട്ടിലിൽ കിടക്കുകയായിരുന്നുവെന്നാണ് അമ്മ കളിയാക്കിയിരുന്നത്. അവധിക്ക് ചെന്നപ്പോഴെക്കും അവിടെ ഒരു കൊച്ചു കൊട്ടാരത്തിനുള്ള തറപ്പണി തകൃതിയാവുന്നു. ഉണർവ്വും ഉന്മേഷവും നഷ്ടമായ അച്ഛമ്മ പകുതി ജീവനോടെ ടെലിവിഷൻ കാഴ്ചകൾക്കുള്ളിൽ.

“അമ്മേടെ കറികൾക്കൊന്നും പഴയ രുചിയില്ലമ്മേ.......” അറിയാതെ പരിഭവിച്ചു.

“ അത് നിന്റെ കല്ല്യാണം കഴിഞ്ഞോണ്ട് തോന്നുന്നതാ....” അമ്മ അരിശപ്പെട്ടു.

“ പുറത്തു നിന്ന് വാങ്ങണ ചപ്പും കുപ്പയും കൊണ്ടുണ്ടാക്കിയാൽ ഇത്രയൊക്കെ കാണൂ ശ്രീകുട്ടാ...”

അച്ഛമ്മ സമാധാനിപ്പിച്ചു.എന്നിട്ട് അത്യാഗ്രഹിയായ ഏക മകളെ കുറ്റം പറഞ്ഞു. അടുത്തിരുന്ന് ഉണ്ണുന്ന അച്ഛനെ ഒന്നിനും കൊള്ളാത്ത ആണൊരുത്തനെന്നു കളിയാക്കി.

പുതുമഴ നനഞ്ഞ മണ്ണിന്റെ ഗന്ധമുള്ള വൈകുന്നേരങ്ങളിൽ സിറ്റൌട്ടിലിരിക്കുമ്പോഴാണ് അച്ഛമ്മയോട് അനുഷ കൃഷി ചെയ്യേണ്ട രീതികളെ കുറിച്ച് ചോദിച്ചറിഞ്ഞത്. അച്ഛമ്മ ഓരോന്നു വിശദ്ദീകരിക്കുമ്പോൾ പച്ചിലകളുടെ പന്തലുകൾക്കിടയിൽ തൂ ങ്ങി നിൽക്കുന്ന പയർവള്ളികൾ,പടവലങ്ങൾ, പാവക്കകൾക്കിടയിലൂടെ ഒരു ദൃശ്യ സഞ്ചാരത്തിന്റെ ഒരു മോണിട്ടർ കാഴ്ച മനസ്സിലൂടെ കടന്നുപോയിയെന്ന് എയർപ്പോട്ടിരിക്കുമ്പോഴണവൾ പറഞ്ഞത്. ഗന്ധവും അനുഭൂതിയുമില്ലാതെ വളരുന്ന ഒരു വൃഷത്തിന്റെ വേരുകളിലേക്ക് ജൈവാംശം കലരുന്നതിന്റെ സുഖമെന്നാണ് വിശേഷിപ്പിച്ചത്.

തിരികെ യാത്രയ്ക്ക് തയ്യാറവുമ്പോൾ പല തരത്തിൽ തയ്യാറാക്കിയ പത്തോളം ചെറിയ കടലാസുപൊതികൾ കൂടി അച്ഛമ്മയുടെ വകയായി ട്രോളി ബാഗിൽ സ്ഥാനം പിടിച്ചു. നനവും പൂപ്പലും തട്ടാതെ വിത്തുകളാക്കി സൂക്ഷിച്ചിരുന്ന നാടൻ പയർ, പാവൽ, വെണ്ട, തക്കാളി എന്നിങ്ങനെയെല്ലാം.

“നിന്നു തിരിയാൻ സ്ഥലമില്ലാത്ത ഫ്ലാറ്റിലാ അവന്റെ പച്ചക്കറി കൃഷി....” അച്ഛൻ കളിയാക്കി.

“ ഈ വിത്തുകൾക്കൊന്നും വളരാൻ ഇവിടെ മണ്ണില്ല്യാ,കുട്ട്യോളേ...നിങ്ങള് ഫ്ലാറ്റിലെചട്ടീലോ, മരൂഭൂമീലോ കൊണ്ടിട്ട് നോക്ക്..”

അനുഷയുടെ കൈകളിൽ മുറുകെ പിടിച്ചാണ്, അച്ഛമ്മ പറഞ്ഞത്.

നമ്മുക്കറിയാത്ത കാര്യങ്ങളിൽ ആശയകുഴപ്പത്തിലാക്കാൻ ഏതു നേപ്പാളിക്കും കഴിയുമെന്ന ബോധ്യത്തോടെയാണ് അന്നു വൈകുന്നേരമായത്. കാരണം വേറൊന്നുമല്ല വളം മിശ്രിതമായ മണ്ണു കൊണ്ട് വന്നു തരാമെന്ന് പറഞ്ഞ് പണം വാങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും സാധനം കിട്ടിയില്ല. ഓഫീസിലെ സെക്യൂരിറ്റി ജിവനക്കോരോട് പറഞ്ഞ് അവനെ വിരട്ടി കൊണ്ട് വന്ന തന്നപ്പോഴാവട്ടെ കഴിഞ്ഞ തവണ ഇത്രയും പണത്തിനു തന്നതിന്റെ പകുതി പോലുമില്ല. തീർത്താൽ തീരാത്ത കലിയുമായാണ് തോളിൽ കമ്പ്യൂട്ടറും മറുകൈയിൽ പ്ലാസ്റ്റിക്ക് ബാഗിൽ നിറച്ച മണ്ണുമായി ലിഫ്റ്റ്നടുത്തേക്ക് ചെന്നത്.
റിസപ്ഷനിൽ സലീമിരുന്ന് ബാഗിലെന്തെന്ന് സ്കാൻ ചെയ്യുന്നത് അവഗണിച്ചു. ലിഫ്റ്റ് താഴേക്ക് വരുന്നതും കാത്ത് നിൽക്കുമ്പോഴാണ് താമസക്കാരുടെ ശ്രദ്ധക്ക് എന്നപേരിൽ നിർദ്ദേശങ്ങളായി പുതിയ ലിസ്റ്റ് ഒട്ടിച്ചത് കണ്ടത്.

1).അടുക്കളയിലെ പുറത്തേക്ക് വായുസഞ്ചാരത്തിനുള്ള ഫാൻ രണ്ടാഴ്ചകൂടുമ്പോൾ വൃത്തിയാക്കുക.
2).അയൽ‌വാസികൾക്കു ദുർഗന്ധമുണ്ടാക്കുന്ന തരത്തിലുള്ള പാചകങ്ങൾ ഒഴിവാക്കുക(2nd ഫ്ലോറിലെ ഈജിപ്ഷ്യനെ ഉദ്ദേശിച്ചാണ്. ഫ്ലാറ്റിൽ വെച്ചാണവൻ ആട്ടിറച്ചിയുടെ ടിക്കയുണ്ടാക്കുന്നത്.)
3).വെള്ളം അമൂല്യമാണ് അത് പാഴാക്കാതിരിക്കുക(താഴത്തെ നിലയിലെ രാജസ്ഥാനിക്കുള്ളത് , കാർ അപ്പാർട്ട്മെന്റിൽ വെച്ച് കഴുകന്നതിനെ സംബന്ധിച്ച് സലീമുമായി നിരവധി തവണ വഴക്കായിരുന്നു.)
4).ഇടനാഴികൾ വൃത്തിയായി സൂക്ഷിക്കുക.
5).ഫ്ലാറ്റിൽ വളർത്തു മൃഗങ്ങളെ ഒഴിവാക്കുക.
6).മാലിന്യവസ്തുക്കൾ അതാതു ദിവസം പുറത്തു കളയുക.
7).ബാൽക്കണികളിൽ നിന്നും ഡിഷ് ആന്റിന ഒഴിവാക്കുക.
8).ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് ഒഴിവാക്കുക.
9).ബാൽക്കണികൾ ഭംഗിയായി സൂക്ഷിക്കുക.

പ്രധാനനിരത്തിലേക്കുള്ള അപ്പാർട്ട്മെന്റിന്റെ മുഖമായ ബാൽക്കണികളിൽ തങ്ങളെ മാതൃകയായി കണ്ട് ഹരിതാഭമാക്കൻ കൂടി ഒരു നിർദ്ദേശമെഴുതാൻ സലീമിനോട് പറഞ്ഞു.

“ സാറെ ഇവിടെ എന്തോ ഇന്റർനാഷണൽ സമ്മേളനം നടക്കുന്നുണ്ടോ...”

സലീം ഒന്നു ചിരിച്ചുകൊണ്ട് ചോദിച്ചു.

“അതെ എന്തോ ഒന്ന് നടക്കുന്നുണ്ടെന്ന് കേട്ടു..എന്താന്നറിയില്ല...”

“എല്ലാ രാജ്യത്തിൽ നിന്നും മന്ത്രിമാരൊക്ക വരുന്നുണ്ടത്രേ..ഇനിയിപ്പോ നല്ല തിരക്കായിരിക്കും...നഗരത്തിലെ കെട്ടിടങ്ങളെല്ലാം ഭംഗിയാക്കി വെക്കണമെന്ന് നഗരസഭയുടെ സർക്കുലർ ഉണ്ട്....”

സ്വതവേ തിരക്കു പിടിച്ച മെട്രോനഗരത്തിലേക്ക് ലോകനേതാക്കളുടെ സന്ദർശനമുണ്ടാക്കുന്ന അസ്വസ്ഥതയെ മുൻ‌ക്കൂട്ടി ശപിച്ചു കൊണ്ട് പുതിയ ഗതാഗത നിയന്ത്രണങ്ങളുടെ വെള്ളയിൽ കറുപ്പ് മഷികൾ കൊണ്ട് പ്രിന്റെ ചെയ്ത പതിക്കാനിരിക്കുന്ന പുതിയ ഒരു സ്റ്റിക്കർ സലീം കാണിച്ചു തന്നു.

താഴേക്കു വന്ന ലിഫ്റ്റിൽ യാത്ര പറഞ്ഞു കയറുമ്പോൾ രണ്ട് തക്കാളിയും കുറച്ച് ചീരയിലയും ആവശ്യപ്പെട്ടു. അന്നു വൈകുന്നേരം വ്യായാമത്തിനു പോലും പോവാതെ മണ്ണിനെ പരന്ന പ്ലാസ്റ്റിക്ക് പാത്രങ്ങളില്ലാക്കി, നേരിയതായി നനച്ച് വെണ്ട, പാവൽ, ചീര, തക്കാളി എന്നിയുടെ വിത്തുകൾ പാകി. പിന്നീട് ഗോതമ്പു മാവിൽ കാരറ്റ് നീരു ചേർത്ത് ചപ്പാത്തിയും, തക്കാളിക്കറിയും ദാലിനെക്കാളെറെ ചീരയുള്ള ദാൽ പാലക്കും കഴിക്കുമ്പോഴാണ് അനുഷ ചെടികളിലുള്ള കീടബാധക്ക് പുകയിലകഷായത്തെ കുറിച്ചുള്ള ലേഖനം ബ്ലോഗ്ഗിൽ നിന്ന് വായിച്ചതായി പറഞ്ഞത്.

നേരിയ തണുത്ത കാറ്റുള്ള ബാൽക്കണിയിലെ ലൈറ്റിട്ട് പയറിന്റെയും വെണ്ടയുടെയും തക്കാളിയുടെയും ചീരയുടെയും ഓരോന്നിന്റെയും വള്ളികളിലും തണ്ടുകളിലും ഇലകളിലും പരിശോധിച്ചു. വാഹനങ്ങളിൽ നിന്നുള്ള കാർബണും പൊടികളുമുണ്ടാക്കിയ നേരിയ പാടമാത്രം. കീടബാധയുടെ സാധ്യത നഗരത്തിലെ അവസ്ഥയിൽ എത്രയെന്ന് ആലോചിച്ചു. ഒരു ചിലന്തി വലയുടെ സാധ്യത പോലും കാണാത്തതിനാൽ നഗരത്തിലെ തിരക്കിനിടയിൽ കീടങ്ങൾക്കു തങ്ങളുടെ തോട്ടം കണ്ടെത്താനായില്ലെന്നു പരസ്പരം സമാധാനിപ്പിച്ചു. പിറ്റേന്ന് ശുദ്ധജലം തെളിച്ച് നേരിയ പാടപോലെ കാണപ്പെട്ട കാർബൺ മാലിന്യങ്ങൾ നീക്കാൻ ഒരു സ്പ്രേയർ വാങ്ങാൻ മൊബൈൽ ഫോണിൽ ഓഫീസിൽ നിന്നിറങ്ങാൻ സമയത്ത് റിമൈൻഡറിട്ടു.

ഒരു ലൂപ്പിലെന്ന പോലെ നീങ്ങുന്ന നമ്മുടെ ജൈവവ്യവസ്ഥയുടെ അത്ഭുതങ്ങളെ ആദരവോടുക്കൂടി കാണെണ്ടെന്ന ബോധമുണർന്നപ്പോൾ അനുഷയെ ഞാൻ ചേർത്തു പിടിച്ചു.സർഗ്ഗ ശേഷികളെ പ്രൊഫഷണൽ ലോജിക്കുകൾക്കിടയിൽ നിന്ന് പ്രകൃതിയിലേക്കിറക്കി വിടാൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനുമുകളിലിരുന്ന് ആഹ്വാനം ചെയ്യാൻ തോന്നി.

സമയത്തെ തലനാരിഴക്കീറി കൊണ്ടാണ് ഓരോ പ്രഭാതത്തിലും നഗരത്തിലൂടെ ജീവിതം കടന്നു പോകാനാവൂ. കൃത്യത പാലിക്കാനായില്ലെങ്കില്ലെങ്കിലുള്ള നഷ്ടം നിരവധിയാണ്. ഒരു സ്കൂൾ ബസ്സ്, അല്ലെങ്കിൽ തിരക്കേറിയ ജംഗഷിനിലെ സിഗ്നൽ കിട്ടാതെ പോവുന്നത് എല്ലാം ചിലപ്പോൾ ഒരു ദിവസത്തെ ഹാജർ നിലയെ പാടെ തെറ്റിച്ചെന്നിരിക്കും. എത്ര ശ്രമിച്ചാലും മുൻ‌കൂട്ടിയിറങ്ങുക എന്ന ശീലത്തിനായി ശ്രമിക്കുക എന്നത് എന്നും വാക്കുകളിലൊതുങ്ങൂം. ഷർട്ടിന്റെ കീഴറ്റം പാന്റിസിന്റെ ഉള്ളിലേക്കു തള്ളി ബെൽട്ടിട്ടു അരകെട്ടു മുറുക്കുമ്പോൾ , അറിയിപ്പു മണി ആരുടെയോ സാന്നിദ്ധ്യമറിയിച്ചു. പുറം കാഴ്ചകൾ നിരീക്ഷിക്കാനായി സ്ഥാപ്പിച്ച ലെൻസിലൂടെ നോക്കി സലീം വീണ്ടും ബെല്ലടിക്കാനുള്ള ഒരുക്കത്തിലാ‍ണ്. വാതിൽ തുറന്നു. സലീമിനൊപ്പം ഒരു ഉയരം കുറഞ്ഞ പോലീസുകാരന്റെ യൂണിഫോമണിഞ്ഞ ചെറുപ്പക്കാരനും ഒരു മധ്യവയ്സ്കനും.

“ഗുഡ് മോണിങ്ങ് സർ..... രാവിലെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം........”

സലീം എന്തെങ്കിലും പറയുന്നതിനുമുമ്പ് ആ ചെറുപ്പക്കാരൻ ക്ഷമാപണം നടത്തി.

“സാരമില്ല...അകത്തു വരൂ.....”

“ എന്റെ പേര് മുഹമ്മദ് ഹിഷാം...നഗരത്തിൽ നടക്കുന്ന ഇന്റർ നാഷണൽ സെമിനാറിന്റെ സുരക്ഷാസജ്ജീകരണങ്ങളുടെ ഭാഗമായി പ്രധാന നിരത്തിനോട് ചേർന്നു നിൽക്കുന്ന കെട്ടിടങ്ങളിലെ പരിശോധനക്കായി വന്നതാണ്...“

ചുരിദാറിന്റെ ഷാൾ അണിയാതെ പുറത്തേക്ക് വന്ന അനുഷ അപരിചതമായ ശബ്ദം കേട്ട് കാഴ്ചയിൽ പെടാതെ തിരികെ പോയി ഷാൾ ധരിച്ചു വന്നു.

പരിശോധനക്കായി പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്ത് പോലീസുകാരനെ അകത്തേക്ക് അനുഗമിച്ചു. സലീമും മധ്യവയസ്കനും തൊട്ടപ്പുറത്തെ ഫ്ലാറ്റിലേക്കു പോയി. ഒരു ബെഡ്‌റുമും, ഭക്ഷണം കഴിക്കാനും അതിഥികൾക്കായി ഇരിക്കാനുള്ള ഹാളുമല്ലാതെ , ഏറിയാൽ രണ്ടാൾക്ക് പെരുമാറാനുള്ള അടുക്കളയിലും, ബാത്ത് റൂമിലും കയറി നോക്കി. കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന അനുഷയോട് ബുദ്ധിമുട്ടിച്ചതിൽ ക്ഷമാപണം നടത്തി. ബാൽക്കണിയുടെ കർട്ടൻ മാറ്റി ചില്ല് വാതിൽ തുറന്നു കൊടുത്തതിലൂടെ ബാൽക്കണിയിലെ പച്ചക്കറി തോട്ടത്തിലേക്ക് പോയി ചുറ്റും നോക്കി. പിന്നീട് പ്രധാന നിരത്തിലെ കാഴ്ചകളിലേക്ക് കണ്ണയച്ചു. അസാധരണമായി ഒന്നും കാണാത്തതു പോലെ തിരികെ വന്നു ചില്ലു വാതിലടച്ച് കർട്ടൺ നീക്കിയിട്ടു.

“ ഒരു ചെറിയ ഗാർഡൻ ഉണ്ട്....ബാൽക്കണിയിൽ.”

പുറത്തേക്കിറങ്ങുമ്പോൾ പിന്നാലെ പോയി ഒരു തെല്ല് അപകർഷതയോടെ പറഞ്ഞു.

“നന്നായിട്ടുണ്ട്.....നിലനിർത്താ‍ൻ ശ്രമിക്കുക......” ചെറുപുഞ്ചിരിയോടെ മുഹമ്മദ് ഹിഷാം അഭിനന്ദിച്ചു.

ഉള്ളിലുണർന്ന ആത്മവിശ്വാസത്തോടെ വീണ്ടും ചോദിച്ചു.

“ഇനി എന്തെങ്കിലും...........”

“ഇല്ല....നന്ദി...ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം.....“

ഫ്ലാറ്റിനു പുറത്തിറങ്ങി നമ്പർ നോക്കി ,മുന്നിൽ വന്ന് അഭിവാദ്യം ചെയ്ത മൂന്നാമതായി വന്ന ഒരു കീഴ് ഉദ്ദ്യോഗസ്ഥനു തന്റെ കയ്യിലെ നോട്ട് പാഡിൽ എന്തോ എഴുതി കൊടുത്ത് അറബിയിൽ എന്തൊക്കെയോ സംസ്സാരിച്ചു . ഹസ്തദാനം തന്ന് ഞങ്ങൾക്ക് ഒരു നല്ല ദിവസമാശംസിച്ച് അയാൾ അടുത്ത ഫ്ലാറ്റിലേക്ക് പോയി.

ലോക വ്യാപകമായി കർഷകരുടെ പ്രതിഷേധങ്ങൾക്കിടയായ സ്വതന്ത്രവ്യാപാര കരാറുകളുടെ തുടർചർച്ചകളാണെന്ന് സെമിനാറിൽ നടക്കുന്നതെന്ന് അനുഷ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. അതിനായി ഇത്തരം കാർഷിക ബന്ധമില്ലാത്ത വികസിത നഗരങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ പ്രതിഷേധം പത്രവാർത്തകൾ പരിചയപ്പെടുത്തുന്ന റേഡിയോ പരിപ്പാടികളിൽ നിന്നും ഓഫീസിലെത്തു മുമ്പ് അനുഷ വായിച്ചു തന്നു. ഒഴിവു സമയങ്ങളിലെ ഓൺ ലൈൻ പത്രവായന അവളുടെ കാഴ്ചകളെ പാടെ മാറ്റിയതിൽ അത്ഭുതപ്പെടുത്തി.

കർഷകവിരുദ്ധമായ കരാറുകളിൽ നിന്ന് ഇന്ത്യയെപോലുള്ള രാജ്യങ്ങൾ വിട്ടുനിൽക്കാൻ അഭ്യർത്ഥിച്ചു കൊണ്ട്, പങ്കെടുക്കാൻ വരുന്ന കേന്ദ്രവാണിജ്യ മന്ത്രിക്ക് നിവേദനം നൽകുന്ന തീർമാനമറിയിക്കുന്ന മലയാളി സംഘടനയുടെ പത്ര സമ്മേളനത്തിൽമുന്നിൽ തന്നെ ഗോകുലൻ സാറിന്റെ ഫോട്ടോ കണ്ടത്. ഓഫീസിൽ നിന്നിറങ്ങി ഹൈപ്പർമാർക്കറ്റ് വരെ പറയാനുള്ളൊരു പരദൂഷണ വിഷയവുമായി.

ഹൈപ്പർ മാർക്കറ്റിൽ നിന്ന് ഗാർഡൻ സ്പ്രേയറും, മറ്റ് പലവ്യഞ്ജനങ്ങൾതിരഞ്ഞും, പച്ചക്കറി വിഭാഗത്തിൽ തേങ്ങ ചുരണ്ടി കിട്ടാനായി അനുഷ ക്യൂ നിൽക്കുമ്പോൾ തിരക്കിനിടയിൽ ചുറ്റും നോക്കി ട്രോളിക്ക് കാവൽ നിന്നു. വിലയേറിയ ഓർഗാനിക്ക് പച്ചക്കറികൾക്ക് മുന്നിൽ പ്രായമായ യൂറോപ്യൻ ദമ്പതികളുടെ ഇടയിൽ ഗോകുലൻ സാറിനെ കണ്ടു. ഉള്ളിലൊരു ചെറിയ പരിഹാസത്തോടെ പത്രവാർത്ത കണ്ടുവെന്ന് അനുമോദിക്കാൻ പോകാനൊരുങ്ങുമ്പോഴെക്കും തിരികെ വന്ന അനുഷ തടഞ്ഞു.

“കളിയാക്കാതെ ശ്രീ....അയാൾക്കൊരിക്കലും മനസ്സിലാവുകയുമില്ല.....”

സമയം പോയതറിഞ്ഞില്ല പുറത്തിറങ്ങിയപ്പോഴെക്കും നഗരം വൈദ്യുതി വിളക്കുകൾ സ്ഥാപിച്ച കടൽ പോലെ ആർത്തിരമ്പുന്നു. പാതയോരങ്ങളിലെ വിവിധ രാജ്യങ്ങളുടെ പാതാകകൾ കെട്ടിയ കൊടി മരങ്ങൾ പിറ്റേന്നത്തെ ഗതാഗത നിയന്ത്രണത്തെയു, ഗതാഗത കുരുക്കുകളിൽ സ്വയം അകപ്പെടാതിരിക്കാനുള്ള മുന്നറിയിപ്പുകളായി മുന്നിൽ തെളിഞ്ഞു. ആർത്തിരമ്പി വരുന്ന മെട്രോ ജീവിതത്തിലെ മരവിപ്പിന്റെ തിരമാലകൾക്കിടയിലൊതുങ്ങാതെ ശുദ്ധ ജലമത്സ്യങ്ങളായി ഗതാഗത കുരുക്കുകളെ അതിജീവിച്ചും സിഗ്നലുകൾക്കു കീഴടങ്ങിയും അപ്പാർട്ട്മെന്റനടുത്തെത്തിയപ്പോഴെക്കും ശരിക്കും ഇരുട്ട് പരന്നിരിക്കുന്നു. പതിവിനു വിപരീതമായി കെട്ടിടം മുഴുവൻ വെളിച്ചമയമായിരിക്കുന്നു.

കാറിനു പുറത്തിറങ്ങിയപ്പോൾ തണുത്ത കാറ്റിൽ പരിചിതമായൊരു ഗന്ധം ഞങ്ങളിരുവരെയും വന്നു തൊട്ടു. പയറു വള്ളികളിൽ പൂവിടരുന്ന സന്ധ്യക്കുള്ള ഗന്ധമോ, അതോ മടിയോടെ വെണ്ടയുടെ മൊട്ടിനുള്ളിൽ നിന്നു പുറത്തുവരാൻ വെമ്പുന്ന പൂവിന്റെ മണമെന്നപോലെ തോന്നി. അനുഷയോട് പ്രകടിപ്പിക്കുകയും ചെയ്തു.

“ എനിക്കും തോന്നി ....ഞാനങ്ങോട്ട് പറയാനിരിക്കുകയായിരുന്നു....”

അവൾ തന്നോട് ചേർന്ന് നിന്നു. പോളിത്തീൻ ബാഗുകളിൽ നിന്നും രണ്ടെണ്ണം വാങ്ങി പിടിച്ചു . കമ്പ്യൂട്ടർ ബാഗെടുത്ത് തോളിലിട്ട് ലിഫ്ടിൽ കയറുമ്പോൾ രണ്ട് ദിവസങ്ങൾക്കുള്ളിൽ മുളക്കാനിരിക്കുന്ന അച്ഛമ്മ തന്ന നാടൻ വിത്തുകളെ കുറിച്ചുള്ള ചിന്തയിലായതിനാൽ എത്ര തിരക്കിനിടയിലും ഞങ്ങൾക്കായി തെളിയുന്ന ഇത്തരം സ്വകാര്യത തരുന്ന ലിഫ്റ്റ് യാത്രകളിലെ അവളുടെ കണ്ണുകളെ ശ്രദ്ധിക്കാത്തതിൽ അനുഷ പ്രതിഷേധിച്ചു.

വാതിൽ തുറന്നു അകത്ത് കടന്ന് ലൈറ്റിട്ടപ്പോഴാണ്, ഞങ്ങളുടെ അസാന്നിദ്ധ്യത്തിൽ വാതിലനടിയിലൂടെ അകത്തേക്കിട്ട നാലായി മടക്കിയ കടലാസ്സ് കണ്ടത്. ബാഗും കമ്പ്യൂട്ടറും മേശപ്പുറത്ത് വെച്ച് കടലാസ് നിവർത്തി.

“ നഗരസഭയുടെ മുന്നറിയിപ്പ് അവഗണിച്ച് താങ്കൾ അനധികൃതമായി ബാൽക്കണിയിൽ സൂക്ഷിച്ചിട്ടുള്ള വസ്തു വഹകൾ സുരക്ഷാകാരണങ്ങളാൽ നീക്കം ചെയ്തായി അറിയിക്കുന്നു..”

അനധികൃത വസ്തുവഹകളെന്തെന്ന ചിന്ത മുഴുവനാക്കും മുമ്പ് ശ്രീകാന്ത് നടുങ്ങിവിറച്ചു. സോക്സിട്ട മറച്ച കാൽ‌വിരലുകളിൽ പടർന്ന ഒരു തണ്ണുപ്പില്ലാത്ത വിറ ശരീരത്തിന്റെ മുഴുവൻ ഭാഗത്തേക്കും കത്തികയറുന്നത് തിരിച്ചറിഞ്ഞു.

അയാൾ ഓടി ബെഡ് റൂമിന്റെ വാതിൽ തുറന്ന് ലൈറ്റിട്ടു, കർട്ടൺ മാറ്റി ചില്ലു വാതിൽ തുറന്നു ബാൽക്കണിയിലേക്കു കടന്നു രാവിലെ പകർന്നു കൊടുത്ത ശുദ്ധജലത്തിന്റെ നനവു മാറാത്ത ബാൽക്കണിയുടെ നിലത്ത്, നേരിട്ട് വെയിൽ കൊള്ളാതെ സംരക്ഷിച്ച പച്ച നിറമുള്ള കർട്ടൺ മാത്രം അനധികൃതമല്ലാത്ത വസ്തുവഹയായി കിടക്കുന്നു. ഒന്നും ചെയ്യാനാവാതെ കുറച്ചു നേരം നിന്ന്, വിങ്ങുന്ന തൊണ്ടയിൽ നിന്നുള്ള അടക്കിയ തേങ്ങലോടെ അതെടുത്ത് ഭീമാകരനായ ഇഴജന്തുവിനെ പോലെ താഴെയിഴയുന്ന പ്രധാന നിരത്തിലേക്കെറിഞ്ഞു.

“അവർ ക്രെയിൻ കൊണ്ടു വന്നിട്ടാ സാറെ എല്ലാം കൊണ്ട് പോയത്...മിക്കവരുടെയും പുതിയ ആന്റിനയും, കുട്ടികളുടെ സൈക്കിളും ഒകെ കച്ചറ വണ്ടിയിൽ കയറ്റി കൊണ്ട് പോയി... ഇത് ഇപ്പോ അത്രക്കൊന്നുമില്ലാലോ...”

നഷ്ടത്തിന്റെ നിസ്സാരതയിൽ സമാധാനിപ്പിച്ചു കൊണ്ട് ലിഫ്റ്റിനടുത്ത് വെച്ച് കണ്ട സലീം. കടുപ്പിച്ചൊന്നു നോക്കി എന്നിട്ട് അവന്റെ പോക്കറ്റിൽ നിന്ന് ബാൾപേനയെടുത്ത് ശ്രീകാന്ത് അപ്പാർട്ട്മെന്റിലെ താമസക്കാർക്കുള്ള ഒരു നിർദ്ദേശം കൂടി തന്റെ കൈപടയിൽ എഴുതി ചേർത്തു.

10) ഇവിടെ ജീവിതം ഉണക്കി സൂക്ഷിക്കാനുള്ളതാണ്, മുളപ്പിക്കാനുള്ളതല്ല

14 അഭിപ്രായങ്ങൾ:

Nachiketh പറഞ്ഞു...

“ ഈ വിത്തുകൾക്കൊന്നും വളരാൻ ഇവിടെ മണ്ണില്ല്യാ ,കുട്ട്യോളേ...നിങ്ങള് ഫ്ലാറ്റിലെ ചട്ടീലോ, മരൂഭൂമീലോ കൊണ്ടിട്ട് നോക്ക്...”

Rare Rose പറഞ്ഞു...

നന്നായിയെഴുതിയിരിക്കുന്നു...

Rajeeve Chelanat പറഞ്ഞു...

പത്താമത്തെ കല്‍പ്പന നന്നായിട്ടുണ്ട് നചി. അതെ, ജീവിതം പലര്‍ക്കും ഉണക്കിസൂക്ഷിക്കാനുള്ളതാണ്. മുളപ്പിക്കാനോ, വളര്‍ത്താനോ ഉള്ളതല്ല.

എഴുത്ത് തുടരട്ടെ.
അഭിവാദ്യങ്ങളോടെ

monu പറഞ്ഞു...

വളരെ നന്നയിരിക്കുന്നു‌ ..... ഇവിടത്തെ ജീവിതത്തിലേ ഒരു അദ്ധ്യായം .. :)

yousufpa പറഞ്ഞു...

ശെരിയ്ക്കും നല്ല പോസ്റ്റ്.

ആദര്‍ശ് | Adarsh പറഞ്ഞു...

വായിച്ചിട്ട് കഥയല്ല,അനുഭവമാണെന്ന് തോന്നുന്നു...
നല്ലൊരു പോസ്റ്റ്‌..

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...

nice story ....

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

നചികേത്‌:
വളരെ നന്നായിരിക്കുന്നു കഥ.

എന്നാലും അനുഷയുടെ കുപ്പായത്തിനു അല്‍പ്പം അയവു തോന്നി. ആദ്യ വാചകത്തിലൊരു തെന്നലും. ("ജല്‍പനങ്ങളാണെന്നു അനുഷ. " എന്നായാലോ)

Santosh പറഞ്ഞു...

നഗരജീവിതത്തിന്റെ ഊഷരത, മനസ്സില്‍ മാത്രം അവശേഷിക്കുന്ന ആ പഴയ ഗ്രാമഭംഗി, എവിടെപ്പോയാലും പച്ചപ്പിനെ മറക്കാന്‍ കഴിയാത്ത മലയാളി, പണ്ട് ഉപരിവര്‍ഗ്ഗത്തിന്റെ മാത്രം മുഖമുദ്രയായിരുന്ന പൊള്ളത്തരങ്ങളും ഹിപ്പോക്രസിയും അനുകരിച്ചു തുടങ്ങിയ മധ്യവര്‍ഗം.... അങ്ങനെ എല്ലാം ഒന്ന് തൊട്ടു തടവി അല്ലെ?

മണ്ണില്ലെങ്കിലും മനസ്സുണ്ടായാല്‍ മതി. ബാക്കിയെല്ലാം തനിയെ വരും - കഥ നന്നായി.

Shaju Joseph പറഞ്ഞു...

കഥ നന്നായി പറഞ്ഞിരിക്കുന്നു ..

Unknown പറഞ്ഞു...

"കര്‍ഷകവിരുദ്ധമായ കരാറുകളില്‍ നിന്ന് ഇന്ത്യയെപോലുള്ള രാജ്യങ്ങള്‍ വിട്ടുനില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ട്, പങ്കെടുക്കാന്‍ വരുന്ന കേന്ദ്രവാണിജ്യ മന്ത്രിക്ക് നിവേദനം നല്‍കുന്ന തീര്‍മാനമറിയിക്കുന്ന മലയാളി സംഘടനയുടെ പത്ര സമ്മേളനത്തില്‍മുന്നില്‍ തന്നെ ഗോകുലന്‍ സാറിന്റെ ഫോട്ടോ കണ്ടത്."
ഇതുപോലെയുള്ള ഗോകുലന്‍ സാറമ്മാരുതന്നെയല്ലേ നമ്മുടെ കര്‍ഷകരെ ഏറ്റവുമധികം ദ്രോഹിക്കുന്നത്..
വിഷയവും എഴുത്തും വളരെ ഇഷ്ടപ്പെട്ടു, ആശംസകള്‍.

vinus പറഞ്ഞു...

വളരെ നന്നായി എഴുതിയിരിക്കുന്നു.ജീവിതത്തിലെ ചില നഷ്ട്ടങൾ അല്ലേ..

പത്തമത്തെ കൽ‌പ്പന പൊലെ ഒരു വരി അടുത്ത കാലത്ത് വയിച്ചിട്ടില്ല

വീകെ പറഞ്ഞു...

“ഈ വിത്തുകൾക്കൊന്നും വളരാൻ ഇവിടെ മണ്ണില്ല്യാ,കുട്ട്യോളേ...നിങ്ങള് ഫ്ലാറ്റിലെചട്ടീലോ, മരൂഭൂമീലോ കൊണ്ടിട്ട് നോക്ക്..”

ഇവിടേയും അതു മുളപ്പിക്കില്ല..
അന്തകവിത്തുകളുടെ പ്രചാരണ സമ്മേളനമായിരിക്കും നടന്നിട്ടുണ്ടാകുക..
ഇവിടമായിരിക്കുമല്ലൊ ഇതിന്റെ ഏറ്റവും വളക്കൂറുള്ള മണ്ണ്....

പത്താമത്തെ കൽ‌പ്പന ഈ കാലഘട്ടത്തിനു യോജിച്ചത്..

ആശംസകൾ..

Seema Menon പറഞ്ഞു...

ഈ കഥക്കാണോ പുരസ്കാരം? കുറെ മുൻപു വായിച്ചു അസ്സൂയ മൂത്തു കമന്റിടാതെ പോയതാണ്.

അഭിനന്ദനങൾ!